20 April 2024, Saturday

Related news

March 14, 2024
October 16, 2023
July 27, 2023
July 20, 2023
June 16, 2023
May 15, 2023
December 14, 2022
October 21, 2022
September 16, 2022
September 4, 2022

നെല്ലുസംഭരണം; മില്ലുകാരുമായുള്ള കരാർ ഇരുപതാം തീയതിക്കകം പൂർത്തിയാക്കും: മന്ത്രി ജി ആര്‍ അനില്‍

Janayugom Webdesk
ആലപ്പുഴ
September 2, 2021 5:32 pm

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് അതിവേഗം പരിഹാരം കാണാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും നെല്ലുസംഭരണം നടത്തുന്ന പാടശേഖരങ്ങളും മില്ലുടമകളുമായുള്ള കരാർ 20ന് മുമ്പ്, പൂർത്തിയാക്കുന്നതിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഭക്ഷ്യ‑പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. നെല്ല് സംഭരണം മുന്‍നിര്‍ത്തി ആലപ്പുഴ കളക്ടറേറ്റിൽ ചേർന്ന പാടശേഖര സമിതി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സപ്ലൈകോ ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തിന് ശേഷം മധ്യപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി . ഏതു പാടശേഖരത്തിൽ നിന്നും ഏത് മില്ല് ഉടമയാണ് നെല്ല് സംഭരിക്കുക എന്നത് സംബന്ധിച്ച തീരുമാനം കൊയ്ത്തിനു മുമ്പുതന്നെ എടുക്കുന്നതിന് നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. നെല്ല് സംഭരണത്തിനുള്ള രജിസ്ട്രേഷൻ ഓഗസ്റ്റ് 16 മുതൽ ആരംഭിച്ചിട്ടുണ്ട്. കൃഷിക്കാരെ ചൂഷണം ചെയ്യുന്ന ഇടത്തട്ടുകാരുടെ ഇടപെടൽ പരമാവധി ഒഴിവാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി അനില്‍ പറഞ്ഞു. നെല്ല് സംഭരണത്തിൽ പാഡി മാർക്കറ്റിംഗ് ഓഫീസർ, പാഡി പ്രൊക്യൂർമെൻറ് ഓഫീസർ എന്നീ തസ്തികകളില്‍ ആവശ്യമായ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിലും ചേർന്ന് തീരുമാനിച്ചു. ഉദ്യോഗസ്ഥരുടെ കുറവ് മൂലം നെല്ലുസംഭരണം നീണ്ടു പോകാനുള്ള അവസരം സൃഷ്ടിക്കരുതെന്ന് അവലോകന യോഗത്തിൽ മന്ത്രി ജി ആർ അനിൽ പറഞ്ഞു . പാഡി അസിസ്റ്റൻറുമാരെ താൽക്കാലികമായി സപ്ലൈകോ നിയമിക്കും. നെല്ല് തൂക്കുന്നതിന് ആധുനിക തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് നടപടി എടുക്കും. ഇതു സംബന്ധിച്ച കര്‍ഷകരുടെ പരാതി പരിഹരിക്കുമെന്നും മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. 

Also Read : വിലക്കയറ്റം സൃഷ്ടിച്ച് കേന്ദ്രസർക്കാർ 

 

നെല്ലിന്റെ ഈർപ്പം അളക്കുന്ന കാലഹരണപ്പെട്ട സംവിധാനം ഒഴിവാക്കി ആലപ്പുഴ,കോട്ടയം, പത്തനംതിട്ട പാടങ്ങളുടെ ആവശ്യത്തിനായി രണ്ട് മൊബൈൽ യൂണിറ്റുകൾ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതോടെ ഈര്‍പ്പ പരിശോധനാ രീതി മെച്ചപ്പെടും. നെല്ല് സംഭരിച്ചു കഴിഞ്ഞാൽ രണ്ടുദിവസത്തിനകം കർഷകർക്ക് പാഡി റസീപ്റ്റ് ഷീറ്റ് (പിആർഎസ്) കൊടുക്കുന്നതിന് കർശന നിർദ്ദേശം മന്ത്രി നൽകി. പിആര്‍എസ് ഷീറ്റ് ബാങ്കിൽ കൊടുക്കുന്നതോടെ കർഷകർക്ക് എത്രയും പെട്ടെന്ന് പണം ലഭിക്കും. കര്‍ഷകര്‍ക്ക് പണം നല്‍കുന്നതിലെ കാലതാമസം സംബന്ധിച്ച് ലീഡ് ബാങ്ക് ഉദ്യോഗസ്ഥരുമായും മന്ത്രി അനില്‍ ചര്‍ച്ച നടത്തി.നെല്ല് കർഷകർക്ക് സംഭരണ സമയത്ത് നെല്ലില്‍ കിഴിവ് വരുന്നത് യോഗം ചർച്ച ചെയ്തു. അധികമായി വരുന്ന നഷ്ടം കൃഷിവകുപ്പിൽ നിന്ന് കൊടുക്കുന്ന കാര്യം പരിഗണിക്കാമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് യോഗത്തിൽ പറഞ്ഞു. നെല്ല് സംഭരണത്തിന് പഞ്ചായത്ത് അടിസ്ഥാനത്തിൽ പാടശേഖരസമിതിയംഗങ്ങള്‍, ജനപ്രതിനിധികൾ, സപ്ലൈകോ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ഉൾപ്പെടുത്തി ജനകീയ കമ്മിറ്റി രൂപവത്കരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കൃഷി മന്ത്രി പറഞ്ഞു. 

നെല്ലിന്റെ ഗുണ പരിശോധനയിലും പ്രാദേശികമായി ജനപ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കും. സംസ്ഥാനത്ത് കൃഷി ഓഫീസര്‍മാരുടെ നൂറോളം ഒഴിവ് ഉണ്ട്. ഇത് 10 ദിവസത്തിനകം എംപ്ലോയ്മെന്റില്‍ നിന്ന് ആളെ എടുത്ത് നികത്തും. കൃഷി അസിസ്റ്റന്റുമാരുടെ ഒഴിവും എംപ്ലോയ്മെന്റില്‍ നിന്ന് നികത്തും. കര്‍ഷകര്‍ക്ക് ബുദ്ധിമുട്ട് ഇല്ലാതെ കുട്ടനാട്ടിലെ കാര്യങ്ങളില്‍ ഇടപെടീല്‍ ഉണ്ടാകുമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിലെ അഞ്ഞൂറ്റും പാടശേഖരം മന്ത്രി ജി ആർ അനിൽ സന്ദർശിച്ചു സന്ദര്‍ശിച്ചു . സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് , നേതാക്കളായ ഇ കെ ജയൻ , കെ ഗോപിനാഥൻ , ബി അൻസാരി , വി ആർ അശോകൻ , സി വാമദേവൻ , അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത സതീശന്‍, ജില്ലാ പഞ്ചായത്ത് അംഗം പി അഞ്ചു , എം രഘു എന്നിവരും ഒപ്പമുണ്ടായിരുന്നു.
ENGLISH SUMMARY;Minister GR Anil State­ment about Pad­dy procurement
YOU MAY ALSO LIKE THIS VIDEO;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.