Web Desk

തൃശൂര്‍

July 18, 2021, 9:34 pm

കുതിരാന്‍ തുരങ്കം അടുത്തമാസം തുറക്കും: മന്ത്രി കെ രാജന്‍

Janayugom Online
തുരങ്ക നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ റവന്യുമന്ത്രി കെ രാജന്‍ കുതിരാന്‍ സന്ദര്‍ശിക്കുന്നു

കുതിരാനിലെ തുരങ്ക നിര്‍മാണവുമായി ബന്ധപ്പെട്ട് ആശങ്കയില്ലെന്നും ആവേശകരമായാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നതെന്നും റവന്യു വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍. അടുത്ത മാസം തന്നെ തുരങ്കത്തിലൂടെ ഗതാഗതം തുടങ്ങാനാകും. എല്ലാ സുരക്ഷയും പരിശോധിച്ചേ തുറക്കൂ എന്നും മന്ത്രി പറഞ്ഞു. കുതിരാനിലെ തുരങ്കനിര്‍മാണ പുരോഗതി വിലയിരുത്താന്‍ സന്ദര്‍ശനം നടത്തിയതായിരുന്നു മന്ത്രി.

തുരങ്കത്തിന്റെ പണികള്‍ വളരെ നല്ല രീതിയിലാണ് മുന്നോട്ടു പോകുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പൊതുജനാഭിപ്രായവും തേടിയിട്ടുണ്ട്. തുരങ്കത്തിന്റെ തുറന്നുകൊടുക്കലുമായി ബന്ധപ്പെട്ട് ദിവസവും ചുമതലയുള്ള ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. തുരങ്കം തുറന്നു കൊടുത്താലും ഇത്തരം മോണിറ്ററിങ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

തുരങ്കനിര്‍മ്മാണത്തില്‍ അപാകതകള്‍ ഉണ്ടെന്ന് തോന്നുന്നില്ല. ശാസ്ത്രീയവും സാങ്കേതികവുമായാണ് ഓരോ പ്രവര്‍ത്തനങ്ങളും മുന്നോട്ടു പോയിട്ടുള്ളത്. ഡ്രെയിനേജ് സംവിധാനം, ഫയര്‍ ആന്റ് സേഫ്റ്റി സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവയെല്ലാം കുറ്റമറ്റ രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. തുരങ്കത്തിന്റെ നിര്‍മാണ പുരോഗതിയുടെ ഭാഗമായി തുരങ്കത്തിന് മുകളിലുള്ള മരങ്ങള്‍, പാറകള്‍ എന്നിവ സുരക്ഷിതമാക്കും. വനം വകുപ്പിന്റെ അനുമതിയോടെ തന്നെ അവിടെ ഭീഷണിയായി നില്‍ക്കുന്ന രണ്ട് മരങ്ങള്‍ മുറിയ്ക്കാന്‍ ധാരണയായിട്ടുണ്ട്. ഇനിയും സ്ഥലമേറ്റെടുക്കലിന്റെ ആവശ്യം ഉണ്ടെങ്കില്‍ കളക്ടര്‍ രേഖാമൂലം കത്തു നല്‍കിയാല്‍ സര്‍ക്കാര്‍ അതു പരിഗണിക്കുമെന്നും റവന്യുമന്ത്രി വ്യക്തമാക്കി. ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍, നിര്‍മ്മാണ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ എന്നിവരും മന്ത്രിയെ അനുഗമിച്ചു.

തുരങ്ക നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ റവന്യുമന്ത്രി കെ രാജന്‍ കുതിരാന്‍ സന്ദര്‍ശിക്കുന്നു

Eng­lish sum­ma­ry: Min­is­ter K Rajan vis­it­ed Kuthi­ran Tunnel
You may also like this video: