കണ്ണൂര്‍: പരമ്പരാഗത കൃഷി രീതികളെ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ വീട്ടമ്മമാർക്കായി കൃഷിപാഠശാല പദ്ധതി നടപ്പാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽ കുമാർ. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ജില്ലാതല കർഷക അവാർഡ് വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ മുഴുവൻ കൃഷി ഭവനുകൾ കേന്ദ്രീകരിച്ചാവും കൃഷിപാഠശാല പദ്ധതി നടപ്പിലാക്കുക. ആദ്യഘട്ടത്തിൽ പരമ്പരാഗത കാർഷിക രീതിയെ കുറിച്ച് വീട്ടമ്മമാർക്ക് പരിശീലനവും ക്ലാസുകളും നൽകും. പരിശീലനം പൂർത്തിയാകുന്ന മുറയ്ക്ക് വിത്തുകളും തൈകളും നൽകി വീട്ടുമുറ്റത്ത് തന്നെ പോഷക പച്ചക്കറിത്തോട്ടം ഒരുക്കുന്നതാണ് പദ്ധതി. കർഷകർ തങ്ങളുടെ പ്രശ്നങ്ങൾ കൃത്യമായി സർക്കാരിനെ അറിയിക്കണം. എങ്കിൽ മാത്രമെ ശരിയായ ഇടപെടൽ സാധ്യമാകൂ.
കർഷക കടാശ്വാസ കമ്മിഷൻ പ്രവർത്തനം ആരംഭിക്കുന്നതോടെ കർഷകരുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ കാർഷിക മേഖലയിലെ പരിഷ്കാരങ്ങൾ കാരണം സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതികളുടെ ഗുണം പോലും കർഷകർക്ക് ലഭ്യമാകുന്നില്ല. അഗ്രികൾച്ചർ ഗോൾഡ് ലോൺ പോലെ കർഷകർക്കാശ്വാസമായ പദ്ധതികൾ പൂർണമായും ഒഴിവാക്കി കിസാൻ ക്രെഡിറ്റ് നിർബന്ധമാക്കുന്ന കേന്ദ്രസർക്കാർ നിലപാട് കർഷകർക്ക് തിരിച്ചടിയാണ്.
ഒരു തരത്തിലും ഇത്തരം നീക്കങ്ങൾ അംഗീകരിക്കാനാവില്ല. കേന്ദ്രത്തിന്റെയും കേരളത്തിന്റെയും പദ്ധതികളെ സാമാന്യവൽക്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന സർക്കാർ അധികാരത്തിലെത്തുമ്പോൾ മൈനസ് 4.64 ആയിരുന്ന കേരളത്തിന്റെ കാർഷികോത്പാദന ശരാശരിയെ മൂന്നര വർഷം കൊണ്ട് 3.64 ആയി വർധിപ്പിക്കാൻ സാധിച്ചു. ഇത് ദേശീയ ശരാശരിയെക്കാൾ കൂടുതലാണ്. 36 വർഷങ്ങൾക്ക് ശേഷമാണ് ഇത്തരമൊരു നേട്ടം കേരളം കൈവരിക്കുന്നത്. കാർഷിക മേഖലയിലേക്കുള്ള പുതുതലമുറയുടെ കടന്നുവരവ് പ്രതീക്ഷ നൽകുന്നതാണെന്നും കേരളത്തിൽ കൃഷി വ്യാവസായിക തലത്തിലേക്ക് ഉയരുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.