Web Desk

തിരുവനന്തപുരം

June 29, 2021, 5:44 pm

പിഡബ്ല്യൂഡി സ്ഥലങ്ങളില്‍ പരസ്യ കമ്പനികളുടെ കയ്യേറ്റം തടയാന്‍ നടപടി: മന്ത്രി മുഹമ്മദ് റിയാസ്

Janayugom Online

പരസ്യങ്ങളുടെ പേരിലെ കയ്യേറ്റം തടയാന്‍ പിഡബ്ല്യൂഡി സ്ഥലം അളക്കാന്‍ നടപടിയെടുക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. സ്വകാര്യ പരസ്യ കമ്പനികള്‍ പിഡബ്ല്യൂഡി സ്ഥലത്ത് അനുമതിയില്ലാതെ ബോര്‍ഡുകളും ബസ് സ്റ്റോപ്പുകളും സ്ഥാപിക്കുന്നതായി പരാതി ലഭിച്ചിരുന്നു. പരസ്യ കമ്പനികളില്‍ ചെറിയൊരു ന്യൂനപക്ഷമെങ്കിലും നിയമങ്ങള്‍ തങ്ങള്‍ക്ക് ബാധകമല്ലെന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്കെതിരെ കര്‍ക്കശമായ നിലപാടില്‍ മുന്നോട്ട് പോകുമെന്ന് മന്ത്രി പറഞ്ഞു. പത്രപ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിഡബ്ല്യൂഡി ജോലികളുടെ ഉത്തരവാദിത്ത നിര്‍വഹണം ഫലപ്രദമാക്കാന്‍ വകുപ്പ് ഗൗരവമായി ഇടപെടും. വകുപ്പില്‍ പരിപൂര്‍ണമായി അഴിമതി തടയും. ഇതിനായി നിലവിലുള്ള ഇന്റേണല്‍ വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തും. പൊതുമരാമത്ത് വകുപ്പിന്റെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ഫലപ്രദമാണ്.

സമൂഹ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന പരാതികളും കണ്‍ട്രോള്‍ റൂമിലേക്ക് കൈമാറുന്നുണ്ട്. ലഭിക്കുന്ന ഓരോ പരാതിയും നാടിന്റെയാകെ വിഷയമാണ്. റോഡരികില്‍ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍ മാറ്റുന്നതില്‍ വകുപ്പ് ഫലപ്രദമായി ഇടപെട്ടു. വിവിധ കോര്‍പ്പറേഷനുകള്‍ സന്ദര്‍ശിച്ച് നഗരങ്ങളുടെ പ്രശ്നങ്ങളും വിലയിരുത്തി. 11 ജില്ലകളില്‍ പൂര്‍ണമായും സന്ദര്‍ശിച്ച് പരിശോധനകളും വിലയിരുത്തലുകളും നടത്തിയതായും മന്ത്രി പറഞ്ഞു.

റോഡ് കട്ടിങ് പ്രശ്നങ്ങള്‍ പരിഹരിക്കും

പൊതുമരാമത്ത് വകുപ്പ് മുന്‍കൈയെടുത്ത് റോഡ് കട്ടിങ് പ്രശ്നങ്ങള്‍ പരിഹരിക്കും. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ടാറിങ് കഴിഞ്ഞ റോഡുകള്‍ കുത്തിപ്പൊളിക്കുന്നതില്‍ പരിഹാരം കാണും. ഇതുമായി ബന്ധപ്പെട്ട പോര്‍ട്ടല്‍ നിലവിലുണ്ട്. അത് വിപുലീകരിച്ച് എല്ലാ വകുപ്പുകളെയും കോര്‍ത്ത് സമഗ്രമായ ഓണ‍ലൈന്‍ പോര്‍ട്ടല്‍ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.

Eng­lish sum­ma­ry: Min­is­ter P A muhammed Riyas  meet the press

You may also like this video: