24 April 2024, Wednesday

Related news

November 8, 2023
September 1, 2023
September 1, 2023
August 24, 2023
August 17, 2023
August 1, 2023
July 13, 2023
July 10, 2023
May 27, 2023
December 27, 2022

കാർഷികമേഖലയിലെ നേട്ടങ്ങൾക്ക്‌ വിപുലീകരിച്ച തുടർച്ചയുണ്ടാകും: മന്ത്രി പി പ്രസാദ്‌

Janayugom Webdesk
പത്തനംതിട്ട
September 29, 2021 4:30 pm

കേരളത്തിന്റെ കാർഷിക മേഖലയിൽ കഴിഞ്ഞ അഞ്ചു വർഷമായി ഉണ്ടായിരുന്ന ഉണർവിന്റെ വിപുലീകരിച്ച തുടർച്ച ഉണ്ടാകുമെന്ന്‌ കൃഷിമന്ത്രി പി പ്രസാദ്‌ പറഞ്ഞു. പത്തനംതിട്ട പ്രസ്‌ക്ലബ്ബിൽ മീറ്റ്‌ ദി പ്രസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.14ാം പഞ്ചവൽസര പദ്ധതി തയ്യാറാക്കുമ്പോൾ കർഷകരുടെ അഭിപ്രായങ്ങൾക്ക്‌ മുൻഗണന നൽകും. ആസൂത്രണത്തിൽ കർഷകരെ പങ്കാളിയാക്കാൻ നടപടി സ്വീകരിക്കും. 

കർഷകർക്ക്‌ സ്മാർട്ട്‌ കാർഡ്‌ നൽകാൻ സർക്കാർ ആലോചിക്കുന്നു. ഓരോ ആവശ്യത്തിനും കരമടച്ച രസീത്‌, ആധാർ കാർഡ്‌, മേൽവിലാസത്തിന്‌ തെളിവ്‌ എന്നിവ ഹാജരാക്കേണ്ട അവസ്ഥ ഇല്ലാതാകും. കാർഡ്‌ ദുരുപയോഗം തടയാനുള്ള സംവിധാനവും ഏർപ്പെടുത്തും. വാഹനം ഇൻഷൂർചെയ്യുന്നതിൽ കാണിക്കുന്ന താൽപര്യം നാം കാർഷിക വിളകൾ ഇൻഷൂർ ചെയ്യുന്നതിൽ കാണിക്കുന്നില്ല.
കൃഷിക്കാർക്ക്‌ ലഭിക്കുന്ന ആനുകൂല്യങ്ങൾ എല്ലാം കൃഷിഭവനുകളിൽ പ്രദർശിപ്പിക്കും. ഏതെല്ലാം പദ്ധതി ഏതെല്ലാം മാസത്തിൽ എന്നത്‌ ഇതിൽ വ്യക്തമാക്കും. ആനുകൂല്യങ്ങൾ ചില വ്യക്തികൾ മാത്രം പതിവായി കൈപ്പറ്റുന്നത്‌ ഒഴിവാക്കും.
നെല്ലുസംഭരണം സംബന്ധിച്ച പരാതികൾ ഇല്ലാതാക്കാൻ നടപടി സ്വീകരിക്കും. 

പച്ചക്കറി ഉൽപ്പാദനത്തിൽ കേരളത്തിന്‌ സ്വയംപര്യപ്തതയിൽ എത്താൻ കഴിയും. ഒരു വർഷം 20 ലക്ഷം ടൺ പച്ചക്കറിയാണ്‌ നമ്മുടെ ആവശ്യം. ഏഴ്‌, എട്ട്‌ ലക്ഷം ടണ്ണായിരുന്ന പച്ചക്കറി ഉൽപ്പാദനം സർക്കാരിന്റെയും സമൂഹത്തിന്റെയും നല്ല ഇടപെടൽകൊണ്ട്‌ ഇപ്പോൾ 15 ലക്ഷം ടൺ ആയി ഉയർന്നു. എല്ലാ ജില്ലയിലും ശീതീകരണ സംവിധാനവും റീഫർ വാഹനങ്ങളും വൈകാതെ ഒരുക്കും. പരമ്പരാഗത രീതി മാറി, മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കിയാൽ നാട്ടിലും കേരളത്തിനു പുറത്തും ഇന്ത്യക്കു വെളിയിലും ആവശ്യക്കാരുണ്ടാകും. ഇതിനുള്ള കർമപദ്ധതി തയ്യാറാക്കുകയാണ്‌. 25 കർഷക ഉൽപ്പാദക സംഘടനകൾ (എഫ്‌പിഒ) രൂപീകരിച്ചുകഴിഞ്ഞു. 

അതിരപ്പള്ളി ആസ്ഥാനമായി ആദിവാസി കർഷകരുടെ എഫ്‌പിഒയുടെ ഉൽപ്പന്നം ഒരു മാസത്തിനകം വിപണിയിലെത്തും. കൃഷിഭവനുകൾ സ്മാർട്ടാക്കും. ഉദ്യോഗസ്ഥർക്ക്‌ ജോലിഭാരം കുറച്ച്‌ കൃഷിയിടങ്ങളിൽ പോകാൻ സൗകര്യമൊരുക്കും. ഓരോ കൃഷിഭവനിലും പ്ലാന്റ്‌ ഹെൽത്ത്‌ ക്ലിനിക്കും പ്ലാന്റ്‌ ഫാർമസിയും ഉണ്ടാകും. ഓഫീസ്‌ കടലാസുരഹിതമാക്കും. കൃഷിഉദ്യോഗസ്ഥർ കൃഷി ഡോക്ടർമാരായി കൃഷിയിടങ്ങളിൽ കേന്ദ്രീകരിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കർഷക കൂട്ടായ്‌മകളുടെയും രാഷ്ട്രീയ സംഘടനകളുടെയും സന്നദ്ധസംഘടനകളുടെയും മുന്നേറ്റത്തിലൂടെ തരിശുകിടക്കുന്ന ഇടങ്ങളെ കതിരണിയിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി എ പി ജയനും പങ്കെടുത്തു. പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ബോബി ഏബ്രഹാം സ്വാഗതവും സെക്രട്ടറി ബിജു കുര്യൻ നന്ദിയും പറഞ്ഞു. 

Eng­lish Sum­ma­ry : Min­is­ter P Prasad on con­tin­u­ing suc­cess goals in Agri­cul­ture in kerala

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.