25 April 2024, Thursday

Related news

February 23, 2023
January 31, 2023
January 23, 2023
January 21, 2023
January 17, 2023
December 26, 2022
December 23, 2022

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം ഒത്തുതീർന്നു; സംവരണ സീറ്റുകൾ നികത്തുമെന്ന് മന്ത്രി ആർ ബിന്ദു

Janayugom Webdesk
തിരുവനന്തപുരം
January 23, 2023 6:28 pm

കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ വിദ്യാർത്ഥിസമരം ഒത്തുതീർന്നതായി ഉന്നതവിദ്യാഭ്യാസ‑സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സ്റ്റുഡന്റസ് കൗൺസിൽ പ്രതിനിധികളുമായി ചേംബറിൽ നടന്ന ചർച്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇൻസ്റ്റിറ്റ്യൂട്ടിലെ ഒഴിഞ്ഞുകിടക്കുന്ന സംവരണ സീറ്റുകൾ നികത്താൻ നടപടിയെടുക്കും. അടുത്ത അധ്യയനവർഷത്തേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കുന്നതിനു മുമ്പു തന്നെ സംവരണം ഉറപ്പുവരുത്തുന്ന വ്യവസ്ഥകൾ പ്രോസ്പെക്ടസിൽ വ്യക്തമാക്കും. ഡയറക്ടറുടെ വസതിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാരെ ജോലിക്ക് നിയോഗിക്കുന്ന രീതി തീർത്തും ശരിയല്ലെന്നും അത്തരം പ്രവണതകൾ ആവർത്തിക്കില്ലെന്ന് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പുതിയ ഡയറക്ടറെ നിയമിക്കാൻ സേർച്ച് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഡയറക്ടറുടെ നിയമനനടപടികൾ ത്വരിതപ്പെടുത്തുമെന്നും മന്ത്രി ഡോ.ബിന്ദു വ്യക്തമാക്കി.

വിദ്യാർത്ഥികൾക്കിടയിൽ സ്വാഭാവികമായുണ്ടാകുന്ന ഭരണപരവും അക്കാദമികവുമായ ആശങ്കകളും പരാതികളും യഥാസമയം പരിഹരിക്കുന്നതിന് ഒരു സ്ഥിരം സംവിധാനം എന്ന നിലയിൽ വിദ്യാർത്ഥി ക്ഷേമസമിതി രൂപീകരിക്കും. ഈ സമിതിയുടെ ചെയർമാൻ സ്വീകാര്യതയുള്ള ഒരു സീനിയർ ഫാക്കൽറ്റി അംഗമായിരിക്കും.

പട്ടികജാതി — പട്ടികവർഗ്ഗ വിഭാഗത്തിലും മറ്റ് അരികുവത്‌കൃത വിഭാഗങ്ങളിലുംപെട്ട വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും പരാതികൾ യഥാസമയം പരിശോധിച്ച് പരിഹരിക്കാൻ സോഷ്യൽ ജസ്റ്റിസ് കമ്മിറ്റി രൂപീകരിക്കും. ഇ‑ഗ്രാന്റ് ലഭ്യമാക്കുന്നതിലെ തടസ്സം നീക്കാനും ഈ സമിതി പ്രവർത്തിക്കും. കോഴ്സിന്റെ ദൈർഘ്യം ചുരുക്കിയതുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കാൻ അക്കാദമിക് വിഷയങ്ങളിൽ വിദഗ്ധരായവരുടെ സമിതി രൂപീകരിക്കും. കോഴ്സ് ഫീസ് സംബന്ധിച്ച വിഷയവും, വർക് ഷോപ്പുകൾ, പ്രൊജക്ട് ഫിലിം ചിത്രീകരണം തുടങ്ങിയവയിൽ ഏർപ്പെടുത്തിയ നിയന്ത്രണം സംബന്ധിച്ചു വിദ്യാർത്ഥികൾക്കുള്ള പരാതികളും ഈ കമ്മിറ്റി പരിശോധിക്കും.

ഡിപ്ലോമകൾ സമയബന്ധിതമായി നൽകാൻ നടപടി സ്വീകരിക്കും. ഇതിനകം പഠനം പൂർത്തിയാക്കിയവർക്കെല്ലാം മാർച്ച് 31ന് മുമ്പ് ഡിപ്ലോമകൾ നൽകും. പ്രധാന അധികാരസമിതികളിൽ വിദ്യാർത്ഥിപ്രാതിനിധ്യം വീണ്ടും കൊണ്ടുവരും. വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചിട്ടുള്ള വിഷയങ്ങളിൽ കേസുകൾ രമ്യമായി പരിഹരിക്കാൻ സംവിധാനമൊരുക്കും. നിർവ്വാഹകസമിതി യോഗങ്ങൾ കൃത്യമായി ചേരുന്നുണ്ടെന്ന് ഉറപ്പാക്കും. കമ്മീഷൻ റിപ്പോർട്ട് പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കും — മന്ത്രി ഡോ.ആർ ബിന്ദു വ്യക്തമാക്കി. ബൈലോയിലെയും ബോണ്ടിലെയും വിദ്യാർത്ഥികൾ ഉന്നയിച്ച വിഷയങ്ങൾ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

മന്ത്രിയുമായി നടന്ന ചർച്ചയ്ക്കുശേഷം സമരം പിൻവലിക്കുന്നതായി സ്റ്റുഡന്റസ് കൗൺസിൽ രേഖാമൂലം അറിയിച്ചു. സ്റ്റുഡന്റസ് കൗൺസിൽ ചെയർപേഴ്‌സൺ എസ ശ്രീദേവ്, ജനറൽ സെക്രട്ടറി മുഹമ്മദ് അഷ്‌ഫാഖ്‌ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർത്ഥിപ്രതിനിധികൾ മന്ത്രിയുമായി ചർച്ച നടത്തിയതും സമരം പിൻവലിക്കുന്നതായി അറിയിച്ചതും.

Eng­lish Sum­ma­ry: Min­is­ter R Bindu informed that kr narayanan insti­tute stu­dents strike revoked
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.