Web Desk

തിരുവനന്തപുരം

June 06, 2021, 6:44 pm

മാതൃഭാഷ സംസാരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിച്ച് ഉത്തരവിറക്കിയവർക്കെതിരെ നടപടി വേണം: വിദ്യാഭ്യാസ മന്ത്രി

Janayugom Online

മാതൃഭാഷ സംസാരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിച്ച് സർക്കുലർ ഇറക്കിയവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മലയാളം സംസാരിക്കുന്നത് വിലക്കിക്കൊണ്ടുള്ള ആശുപത്രിയുടെ വിചിത്രമായ സർക്കുലർ ഇന്ത്യൻ ഭരണഘടനയോട് തന്നെയുള്ള വെല്ലുവിളിയായിരുന്നു. അധികൃതർക്കെതിരെ പ്രതിഷേധം ശക്തമായതോടെയാണ് ഉത്തരവ് പിൻവലിക്കാന്‍ തയ്യാറായത്. മാതൃഭാഷ സംസാരിക്കാനുള്ള സ്വാതന്ത്ര്യം തടയാനുള്ള നീക്കത്തിൽ നിന്ന് ജി ബി പന്ത് ആശുപത്രി അധികൃതർ പിന്തിരിഞ്ഞ നടപടി സ്വാഗതാർഹമാണെന്നും മന്ത്രി പറ‍ഞ്ഞു.

ശ്രേഷ്ഠഭാഷാ പദവിയുള്ള മലയാളികളുടെ മാതൃഭാഷയെ തിരഞ്ഞു പിടിച്ച് അത് ഉപയോഗിക്കുന്നത് കുറ്റകരമാണെന്ന് ഇന്ത്യയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനം ഉത്തരവിറക്കുന്നത് വൈവിധ്യങ്ങള്‍ക്കുമേലുള്ള കടന്നു കയറ്റമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജീവനക്കാരെ ഭാഷയുടെയും സംസ്കാരത്തിന്റെയും പേരില്‍ വിഭജിച്ച് കാണുന്ന നിലപാട് ഒരു പരിഷ്കൃത സമൂഹത്തിനും ‌യോജിച്ചതല്ല. മാതൃഭാഷയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന നമ്മുടെ നാടിനും അതിന്റെ സംസ്കാരത്തിനും ചേര്‍ന്നതല്ല. വൈകി ആണെങ്കിലും ശരിയായ നിലപാട് സ്വീകരിക്കാൻ മുന്നോട്ടു വന്ന അധികാരികളെ അഭിനന്ദിക്കുവെന്നും മുഖ്യമന്ത്രി ഫേസുബുക്കില്‍ കുറിച്ചു. ഭാഷയുടെ അടിസ്ഥാനത്തില്‍ ജീവനക്കാരെ വേര്‍തിരിച്ച് കാണുകയും അവരെ തമ്മില്‍ വിഭജിക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർ അതിൽ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

Eng­lish sum­ma­ry: Min­is­ter V sivankut­ty on GB pant hos­pi­tal’s con­tro­ver­sial circular
you may also like this video: