Friday
06 Dec 2019

ശബ്ദ സൗന്ദര്യങ്ങള്‍ക്കുപിന്നിലെ സുന്ദരനെ കാണണം; വീടുതേടി ഒടുവില്‍ മന്ത്രി എത്തി

By: Web Desk | Saturday 26 January 2019 1:06 PM IST


V-S-Sunilkumar
മന്ത്രി വി എസ് സുനില്‍കുമാര്‍ കരിമ്പുഴയിലെ സുന്ദരന്റെ തുകല്‍വാദ്യ നിര്‍മ്മാണശാല സന്ദര്‍ശിച്ചപ്പോള്‍

രാമദാസ് തോപ്പില്‍

ശ്രീകൃഷ്ണപുരം: പൂരപ്പറമ്പുകളിലെ താളപ്പെരുക്കം കൊണ്ട് ആസ്വാദകരെ ഹരംകൊള്ളിക്കുന്ന ചെണ്ടയും മദ്ദളവും നിര്‍മ്മിക്കുന്ന തുകല്‍വാദ്യ നിര്‍മ്മാണകലയിലെ പ്രശസ്തനായ കരിമ്പുഴ സുബ്രഹ്മണ്യനെന്ന സുന്ദരന്റെ പണിശാലയില്‍ കഴിഞ്ഞ ദിവസം മന്ത്രി വി എസ് സുനില്‍കുമാര്‍ എത്തി. കലാകാരന്മാരുടെ ജീവിതാവസ്ഥകള്‍ ജനപ്രതിനിധിയെന്ന നിലയില്‍ കണ്ടറിയാനാണ് മന്ത്രിയെത്തിയത്.
മേളപ്രമാണിമാരെ എല്ലാവരും അറിയുമെങ്കിലും അവര്‍ക്ക് പ്രശസ്തിയും പൊന്നാടയും വീരശൃംഖലയും നല്‍കുന്നതിന് കാരണഭൂതനായ വാദ്യോപകരണ നിര്‍മ്മാതാക്കളെ പലരും അറിയാറില്ലെന്നും അണിയറയില്‍ ഒതുങ്ങിക്കൂടുന്ന വാദ്യോപകരണ നിര്‍മ്മാണ കലാകാരന്മാര്‍ അര്‍ഹമായ സഹായങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

വാദ്യോപകരണ നിര്‍മ്മാണ രംഗത്ത് അസൂയാര്‍ഹമായ കൈപ്പെരുമാറ്റങ്ങള്‍ അറിയുന്നതിനായി എത്തിയ കരിമ്പുഴ സുബ്രഹ്മണ്യനെന്ന സുന്ദരന്റെ പണിശാല കണ്ട് കൂടംബാംഗങ്ങളോട് കുശലാന്വേഷണങ്ങള്‍ നടത്തിയാണ് മന്ത്രി മടങ്ങിയത്. തുകല്‍ വാദ്യങ്ങളുടെ നിര്‍മ്മാണ ഘട്ടങ്ങള്‍ അദ്ദേഹം മന്ത്രിക്ക് വിശദീകരിച്ചു നല്‍കി.

പിതാവ് കരിമ്പുഴ അയ്യപ്പന്റെ ശിക്ഷണത്തില്‍ വാദ്യ നിര്‍മ്മിതിയില്‍ മികവു തെളിയിച്ച സുന്ദരന്‍ ഇരുപതു വയസ്സുമുതല്‍ ഈ രംഗത്ത് സജീവമാണ്. പാരമ്പര്യത്തിന്റെ വരദാനമായി കിട്ടിയ കഴിവ് നിര്‍മ്മാണ രംഗത്തെ സൂക്ഷ്മതയുമാണ് സുന്ദരനെത്തേടി ആവശ്യക്കാരേറെയെത്താന്‍ കാരണം.
പല്ലാവൂര്‍ ത്രയങ്ങളെന്നറിയപ്പെടുന്ന പല്ലാവൂര്‍ അപ്പുമാരാര്‍, കുഞ്ചുകുട്ട മാരാര്‍, മണിയന്‍ മാരാര്‍ എന്നിവരോടൊപ്പം മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, പോരൂര്‍ ഉണ്ണികൃഷ്ണന്‍, ശുകപുരം രാധാകൃഷ്ണന്‍ തുടങ്ങി നീണ്ടനിരയാണ് സുന്ദരന്റെ കൈവിരുതില്‍ നിര്‍മ്മിച്ച ചെണ്ടയും, മദ്ദളവും ഉപയോഗിക്കുന്നത്. മേളപ്പെരുമയിലെ ത്രസിപ്പിക്കുന്നതാളോപകരണത്തിന്റെ ശില്പി ആലിക്കല്‍ സുന്ദരനെന്ന കലാകാരനാണെന്ന് അറിയാവുന്നവര്‍ കേരളത്തില്‍ വളരെ കുറവാണ്.

പതിമുഖത്തടിയില്‍ നിന്നാണ് ഒഴുക്കുള്ള ചെണ്ടക്കോല്‍ നിര്‍മ്മിക്കുന്നത്. മറ്റുള്ള തടികള്‍ ഉപയോഗിക്കുന്നില്ല. മദ്ദളവും, മൃദംഗവും, ഇടക്കയും തിമിലയും, ഉടുക്കും, തുടിയും, പറയുമെല്ലാം ഇതേ രൂപത്തില്‍ വ്യത്യസ്ത ശൈലിയില്‍ നിര്‍മ്മിച്ചെടുക്കുന്നു. കല്‍ക്കട്ട ശാന്തിനികേതന്‍, പി.എസ്.വൈ നാട്യസംഘം, കോട്ടയം കുടമാളൂര്‍ കലാകേന്ദ്രം, തൃശൂര്‍ കേരള കലാമണ്ഡലം, ബാംഗഌര്‍ ജലഹള്ളി ക്ഷേത്രം, ഡെല്‍ഹി, ബോംബേ എന്നിവിടങ്ങളിലെ പുരാതനക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ വിവിധ ഇടങ്ങളിലേക്ക് വാദ്യോപകരണങ്ങള്‍ നല്‍കുന്നു.
പുതിയതായി ആരും ഈ മേഖലയിലേക്ക് വരാത്തതിനാല്‍ ഇത് അന്യം നിന്നുപോകുകയാണോയെന്ന ആശങ്ക സുന്ദരന്‍ മന്ത്രിയോട് പങ്കുവെച്ചു.

പാലക്കാട് ലക്കിടിയിലും തൃശൂരിലെ രണ്ടിടത്തും മാത്രമാണ് തുകല്‍വാദ്യ നിര്‍മ്മാണം നടക്കുന്നത്. കലാമണ്ഡലവുമായി ബന്ധപ്പെട്ട് ചെണ്ട ഉള്‍പ്പെടെയുള്ളവയുടെ നിര്‍മ്മാണം പഠിപ്പിക്കുന്നതിന് താന്‍ തയ്യാറാണെന്ന് സുന്ദരന്‍ അറിയിച്ചു. എല്ലാ കലാകാരന്മാരെയും എല്‍ഡിഎഫ് സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന ഉറപ്പു നല്‍കിയാണ് മന്ത്രി വി എസ് സുനില്‍കുമാര്‍ മടങ്ങിയത്.

Related News