Janayugom Online
Chengannur By election

വീട്ടുമുറ്റത്ത് വോട്ടുചോദിച്ച് മന്ത്രിമാര്‍

Web Desk
Posted on May 22, 2018, 9:25 pm
ചെങ്ങന്നൂര്‍: വീട്ടുമുറ്റത്തെത്തി രാഷ്ട്രീയവും വികസന കാഴ്ച്ചപ്പാടുകളും സംസാരിക്കുന്ന മന്ത്രിമാരോട് സംവദിക്കാന്‍ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെയാണ് ഓരോ പ്രദേശത്തും ആളുകള്‍ എത്തുന്നത്. സ്വന്തം വകുപ്പുകളുടെ കാര്യങ്ങള്‍ക്കൊപ്പം പ്രദേശത്തെ അടിസ്ഥാന പ്രശ്‌നങ്ങള്‍ കൂടി ചര്‍ച്ച ചെയ്ത് സമയം ചെലവഴിക്കുമ്പോള്‍ ഏവര്‍ക്കും സന്തോഷം.
മന്ത്രി വി എസ് സുനില്‍കുമാര്‍ എണ്ണയ്ക്കാട് പ്രദേശത്ത് കുടുംബയോഗങ്ങളില്‍ പങ്കെടുത്ത് സംസാരിച്ചു. മാവിന്‍ചുവട്ടില്‍ കസേരയിട്ട് ക്ഷീരകര്‍ഷകരോടും നെല്‍കര്‍ഷകരോടും സംസാരിച്ച് സജി ചെറിയാന് വോട്ടഭ്യര്‍ഥിച്ചു. തരിശുഭൂമിയില്‍ കൃഷി ആരംഭിക്കാനുള്ള കര്‍ഷകരുടെ തീരുമാനത്തെ മന്ത്രി അഭിനന്ദിച്ചു. രണ്ടുവര്‍ഷംകൊണ്ട് 39640 ഏക്കര്‍ നെല്‍വയല്‍ വിസ്തൃതി വികസിപ്പിച്ച സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിശദീകരിച്ചു. എണ്ണയ്ക്കാട് സ്‌കൂളില്‍ എല്‍എസ്എസ് പരീക്ഷയില്‍ ഒന്നാമതെത്തിയ അനുജയെ മന്ത്രി അനുമോദിച്ചു.
മാന്നാര്‍ പഞ്ചായത്തിലെ കുരട്ടിക്കാട് പൈനുമൂട്ടിലാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഭവനസന്ദര്‍ശനം നടത്തിയത്. സജി കുട്ടപ്പന്റെ വീട്ടിലെത്തിയപ്പോള്‍ വിവിധ ക്ഷേത്രഭരണസമിതി ഭാരവാഹികള്‍ മന്ത്രിയോട് സംസാരിക്കാനെത്തി. അവിടെനിന്ന് മന്ത്രി ഉച്ചഭക്ഷണവും കഴിച്ചു. തുടര്‍ന്ന് മേഖലയിലെ നിരവധി വീടുകളിലെത്തി സജി ചെറിയാന് വോട്ടഭ്യര്‍ഥിച്ചു. മന്ത്രി സി രവീന്ദ്രനാഥ് ചെറിയനാട് സൗത്ത്, നോര്‍ത്ത് മേഖലകളില്‍ വിവിധ കുടുംബയോഗങ്ങളില്‍ പങ്കെടുത്തു. ഭവനസന്ദര്‍ശനങ്ങളും നടത്തി. എ കെ ബാലന്‍ മാന്നാര്‍ പഞ്ചായത്തില്‍ ഭവനസന്ദര്‍ശനം നടത്തി. ഡോ. ടി എം തോമസ് ഐസക്ക് ആല, മാന്നാര്‍ പഞ്ചായത്തുകളില്‍ ഭവനസന്ദര്‍ശനം നടത്തി. ടി പി രാമകൃഷ്ണന്‍ മുളക്കുഴയിലും പെരളശേരിയിലും ഭവനസന്ദര്‍ശനം നടത്തി.
സിപിഐ ദേശീയ കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ ചെങ്ങന്നൂര്‍ ടൗണില്‍ കടകളില്‍ കയറി സജി ചെറിയാന് വോട്ടഭ്യര്‍ഥിച്ചു. കൊല്ലകടവില്‍ പൊതുയോഗത്തിലും പങ്കെടുത്തു.