Web Desk

തിരുവനന്തപുരം

December 23, 2020, 4:26 pm

ടീച്ചറിന്റെ വേര്‍പാട് സാമൂഹിക ‑സാംസ്കാരിക‑വിദ്യാഭ്യാസ മേഖലകള്‍ക്ക് കനത്ത നഷ്ടം: പ്രൊഫ. സി രവീന്ദ്രനാഥ്

Janayugom Online

മലയാളികളുടെ പ്രിയങ്കരിയായ കവയിത്രി സുഗതകുമാരി ടീച്ചർ നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. പ്രഗത്ഭയായ ഒരു കവയിത്രി മാത്രമായിരുന്നില്ല ടീച്ചറെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. പ്രകൃതിയുടെയും സാമൂഹിക നന്മകളുടെയും കാവലാളായി നിലകൊണ്ട ടീച്ചർ അടിച്ചമർത്തപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അബലകളുടെയും അമ്മയായിരുന്നു. അവരുടെ അവകാശങ്ങൾക്കും സംരക്ഷണത്തിനും വേണ്ടി ടീച്ചർ നിരന്തരം കലഹിച്ചുകൊണ്ടിരുന്നു.

വാക്കുകൾക്ക് മൂർച്ച കൂട്ടി സുഗത ടീച്ചർ കവിതകളിലൂടെ പ്രതികരിച്ചു. പ്രകൃതിയേയും സ്ത്രീയേയും മുറിവേല്പിക്കുന്ന ഒന്നിനോടും വിട്ടുവീഴ്ചയ്ക്ക് അവർ തയ്യാറായിരുന്നില്ല. വേദനയും രോഷവും പ്രണയവും തേങ്ങലും കണ്ണീരും പുഞ്ചിരിയും ഒക്കെ പവിത്രതയോടെ ടീച്ചറിന്റെ കവിതകളിൽ നിറഞ്ഞു നിന്നു. മലയാള ഭാഷയുടെ കരുത്തും ഓജസ്സും കാത്തു സൂക്ഷിക്കുന്നതിനും ടീച്ചർ എന്നും പ്രത്യേക ശ്രദ്ധ നല്കി. നമ്മുടെ സാമൂഹിക‑സാംസ്കാരിക‑വിദ്യാഭ്യാസ മേഖലകൾക്കാകെ കനത്ത നഷ്ടമാണ് സുഗത ടീച്ചറിന്റെ നിര്യാണം മൂലം ഉണ്ടായിരിക്കുന്നത്. ‘വിദ്യാലയം പ്രതിഭകളിലേക്ക്’ എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികളോടൊപ്പം സുഗത ടീച്ചറിനെ സന്ദർശിക്കാനും അവരോട് സംവദിക്കാനും അവസരം ലഭിച്ചത് മറക്കാനാവാത്ത ഒരനുഭവമാണ്. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളെ ടീച്ചർ അകമഴിഞ്ഞ് പിന്തുണച്ചിരുന്നു. പ്രിയപ്പെട്ട സുഗത ടീച്ചറിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളോടും ആരാധകരോടും ഒപ്പം പങ്കു ചേരുന്നു.