Web Desk

ന്യൂഡൽഹി

October 13, 2020, 9:51 pm

കോവിഡിനൊപ്പം പകർച്ചവ്യാധികളും; ആരോഗ്യമന്ത്രാലയം പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി

Janayugom Online

കോവിഡ് മഹാമാരിക്കൊപ്പം സീസണൽ പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്യുന്നത് വർധിച്ച സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. കോവി‍ഡ് 19ന് ഒപ്പം ഡെങ്കി, മലേറിയ, എച്ച്1എൻ1, എലിപ്പനി തുടങ്ങിയ രോഗങ്ങളും വ്യാപകമായി റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് മാർഗനിർദ്ദേശങ്ങൾ പരിഷ്കരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 

രോഗവ്യാപനം തടയുന്നതിനും കോവിഡിനൊപ്പം വരുന്ന രോഗങ്ങൾക്ക് ചികിത്സ ഉറപ്പാക്കുന്നതിനുമാണ് പുതിയ മാർഗനിർദ്ദേശങ്ങളെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. കാലവർഷത്തിനും കാലവർഷത്തിന് ശേഷവും പ്രത്യേക പ്രദേശങ്ങളിൽ പടർന്നുപിടിക്കാൻ സാധ്യതയുള്ള പകർച്ചവ്യാധികൾക്ക് പരിശോധനയിൽ മുൻഗണന നൽകണം. കോവിഡിനൊപ്പം മറ്റു രോഗങ്ങളുടെ പരിശോധനയും ഉറപ്പാക്കണമെന്ന് മാർഗനിർദ്ദേശത്തിൽ പറയുന്നു. 

കോവി‍ഡിനൊപ്പം വരുന്ന പകർച്ചവ്യാധികളെ എങ്ങനെ തിരിച്ചറിയാം. ഓരോ രോഗങ്ങളുടേയും, രോഗമുണ്ടാകുന്ന രീതി, ക്ലിനിക്കൽ സവിശേഷതകൾ, രോഗത്തെ കൈകാര്യം ചെയ്യേണ്ട രീതി, നിർദ്ദിഷ്ട ചികിത്സാ പരിഗണന തുടങ്ങിയ വിവരങ്ങൾ ആരോഗ്യമന്ത്രാലയം പട്ടികപ്പെടുത്തിയിട്ടുണ്ട്. കോവിഡ് 19 നൊപ്പം പകർച്ചവ്യാധികൾക്കെതിരായ പോരാട്ടത്തിലും ലഭ്യമായ സ്രോതസുകളുടേയും ജീവനക്കാരുടേയും സേവനം ഉറപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. 

ENGLISH SUMMARY:Ministry of Health has issued new guide­lines on covid spread
You may also like this video