വീഡിയോ ചാറ്റ് ആപ്ലിക്കേഷനായ സൂം ആപ്പിൽ വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്. സൂം ആപ്പ് ഉപയോഗിക്കുമ്പോൾ വേണ്ടത്ര മുന്‍കരുതലുകൾ സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം പുറപ്പെടുവിച്ചു. ആപ്പിലെ അഞ്ച് ലക്ഷം വീഡിയോ കോൾ ദൃശ്യങ്ങൾ ഡാർക്ക് വെബിൽ വില്പനയ്ക്ക് വച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനോടകം പല പ്രമുഖ കമ്പനികളും സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി സൂം ആപ്പ് നിരോധിക്കുകയും ചെയ്തിട്ടുണ്ട്. സുരക്ഷിതമല്ലാത്തതും സൈബര്‍ ആക്രമണത്തിന് ഇരയാകുന്നതുമായ വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്ലിക്കേഷനാണ് ‘സൂമെ‘ന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
നേരത്തെ സൂം വഴിയുള്ള സൈബര്‍ ആക്രമണത്തെക്കുറിച്ച് ഇന്ത്യയുടെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സെർട്ട് ‑ഇൻ) ആശങ്ക ഉന്നയിച്ചിരുന്നു. പ്ലാറ്റ്ഫോമിന്റെ സുരക്ഷിതമല്ലാത്ത ഉപയോഗം സൈബര്‍ കുറ്റവാളികള്‍ക്ക് മീറ്റിങ് വിശദാംശങ്ങളും സംഭാഷണങ്ങളും മറ്റു തന്ത്രപ്രധാനമായ വിവരങ്ങളും ഹാക്ക് ചെയ്യാന്‍ സാധിക്കുമെന്ന് സെർട്ട് ‑ഇൻ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ നിരവധി രാജ്യങ്ങൾ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വീഡിയോ ചാറ്റ് ആപ്പുകൾക്ക് പ്രചാരം വർധിച്ചിരുന്നു. ലോക്ഡൗൺ പശ്ചാത്തലത്തിൽ പല കമ്പനികളും വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയതോടെ മീറ്റിംഗുകൾക്കായും വീഡിയോ ചാറ്റ് ആപ്പുകൾ ഉപയോഗിക്കപ്പെട്ടുതുടങ്ങി. കഴിഞ്ഞ കുറച്ച് നാളുകളായി സൂമിന്റെ ഡൗൺലോഡ് കുതിച്ചുയർന്നിരുന്നു. ഇതിനിടെ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഗൂഗിൾ, സ്റ്റാൻഡേർഡ് ചാർട്ടേഡ് തുടങ്ങിയ വൻകിട കമ്പനികൾ രംഗത്തെത്തി. ഇതിനു പിന്നാലെയാണ് ദൃശ്യങ്ങൾ വിൽപ്പനയ്ക്കുള്ളതായി വിവരം പുറത്തുവന്നത്. പാസ്വേഡുകൾ, ഇമെയിലുകൾ തുടങ്ങിയ സ്വകാര്യ ഡേറ്റകൾ, ഉപകരണ വിവരങ്ങൾ എന്നിവയ്ക്കൊപ്പമാണ് വീഡിയോ ദൃശ്യങ്ങൾ വില്പനക്ക് വച്ചിരിക്കുന്നത്. ഡാർക് വെബിൽ സൂം ഡേറ്റകൾക്ക് 5,000 ഡോളർ (3.8 ലക്ഷം രൂപ) മുതൽ 30,000 ഡോളറിന് വരെ (22.8 ലക്ഷം രൂപ) വിലയുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.