വ്യാജ തേന്‍ വിപണനത്തിന് പൂട്ടിടാന്‍ ഒരുങ്ങി വ്യവസായ വകുപ്പ്

ആര് ബാലചന്ദ്രന്
ആലപ്പുഴ: വ്യാജ തേന്‍ വിപണനത്തിന് പൂട്ടിടാന്‍ ഒരുങ്ങി വ്യവസായ വകുപ്പ്. ഗുണമേല്‍മയുള്ള തേനുല്പ്പാദനം ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതിക്ക് ആഗസ്റ്റില്‍ തുടക്കമാകും. വ്യവസായികാടിസ്ഥാനത്തില്‍ തേന്‍ ഉല്‍പ്പാദിപ്പിച്ച് വിപുലമായ തോതില്‍ വിപണനം നടത്താനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. തെരഞ്ഞെടുത്ത മേഖലകളില്‍ 2500 കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സംരംഭത്തിന് ആവശ്യമായ തേനീച്ചപ്പെട്ടിയും അനുബന്ധ ഉപകരണങ്ങളും പദ്ധതിയുടെ ഭാഗമായി ഉടന്‍ വിതരണം ചെയ്യും. കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്ന തേന്‍ സംസ്കരിച്ച് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നതാണ് പദ്ധതി. നിലവില്‍ ഈ മേഖലയില്‍ വ്യാജതേന്‍ വിപണനം വര്‍ദ്ധിച്ച് വരുകയാണ്. ഇതിന്റെ ദോഷഫലങ്ങള്‍ തിരിച്ചറിഞ്ഞാണ് ഗുണമേല്‍മയുള്ള തേന്‍ ഉല്‍പ്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതി രൂപീകരിച്ചത്. ഗുണമേന്മയുള്ള തേന്‍ വിപണിയില്‍ എത്തിക്കുകയും കര്‍ഷകര്‍ക്ക് സ്ഥിരവരുമാനവുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പദ്ധതിയിലൂടെ സമ്പുഷ്ടമായ ഈ പ്രകൃതിസമ്പത്ത് തനിമചോരാതെ ശേഖരിച്ച് കേരളത്തിന്റെ പ്രത്യേക ബ്രാന്‍ഡായി മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി നവീനമാര്ഗ്ഗങ്ങളിലൂടെ ആഭ്യന്തര, വിദേശ വിപണികളില്‍ വില്‍ക്കും.തേന്കൃഷിയ്ക്ക് അനുയോജ്യമായ മേഖലകള്‍ കണ്ടെത്താന്‍ കാര്‍ഷിക സര്‍വകലാശാലയെ ചുമതലപ്പെടുത്തി. ഈ മേഖലകളില്‍നിന്ന് തെരഞ്ഞെടുക്കുന്ന ഓരോ കര്‍ഷകര്‍ക്കും 10 പെട്ടി വീതം വിതരണം ചെയ്യും. പെട്ടി നിര്‍മ്മിച്ചു നല്‍കാനുള്ള ചുമതല കേരളാ ആര്‍ട്ടിസാന്‍സ് ഡെവലപ്മെന്റ് കോര്‍പ്പറേഷനെ (കാഡ്കോ) ഏല്‍പ്പിച്ചു. ഈച്ചയടക്കമുള്ള പെട്ടിക്കൊപ്പം തേന്‍ ശേഖരിക്കാനുള്ള ഉപകരണം, മുഖാവരണം, പുകയന്ത്രം, പെട്ടിവെക്കാനുള്ള സ്റ്റാന്റ് എന്നിവയും നല്‍കും. തേനീച്ച കൃഷിയില്‍ കഴിവുതെളിയിച്ച കര്‍ഷകര്‍, സന്നദ്ധസംഘടനകള്‍, തുടങ്ങിയവരുടെ സഹകരണവും പ്രയോജനപ്പെടുത്തും. തേന്‍ സംസ്കരണ പദ്ധതിയുടെ നടത്തിപ്പിന് സംസ്ഥാനതലത്തിലും ജില്ലകളിലും പ്രത്യേക സമിതി രൂപീകരിക്കും. പ്രാദേശികതലത്തില്‍ കര്‍ഷകരുടെയും സംരംഭകരുടെയും സമിതികളും രൂപീകരിക്കും.കര്‍ഷകര്‍ക്കുള്ള പരിശീലനമാണ് ആഗസ്ത് മുതല്‍ നടപ്പാക്കുക. നവംബര്‍-ഡിസംബര്‍ കാലയളവില്‍ പെട്ടികള്‍ വിതരണം ചെയ്യും. ജനുവരി മുതല്‍ തേന്‍ ശേഖരിച്ചു തുടങ്ങും. ജനുവരി മുതല്‍ ഏപ്രില്‍ വരെയാണ് തേന്‍ ഉല്‍പ്പാദന കാലം. ഒരു സീസണില്‍ തേനെടുത്തു കഴിഞ്ഞാല്‍ കൂട് ഉപേക്ഷിക്കുന്ന നിലയാണ് ഇന്നുള്ളത്. അതിനുപകരം തേന്‍ ഉല്പ്പാദനകാലത്തിനു ശേഷവും തേനീച്ചകളെ സംരക്ഷിക്കും. സംസ്കരിച്ച തേനിനു പുറമെ, ഹണി സ്ക്വാഷ്, മെഡിസിനല്‍ ഹണി, ജിന്‍ജര്‍ ഹണി, ഗാര്‍ലിക് ഹണി, അംല ഹണി, അനാര്‍ ഹണി, ടര്‍മെറിക് ഹണി, െ്രെഡഫ്രൂട്ട് ഹണി, നട്ട്സ് ഇന്‍ ഹണി, ഗ്രേപ്സ് ഇന്‍ ഹണി, ബീസ് വാക്സ്, റോയല്‍ ജെല്ലി, ഹണി ജാം, ഹണി സോപ്പ് തുടങ്ങിയ വൈവിധ്യങ്ങളായ ഉല്‍പ്പന്നങ്ങള്‍ തേനില്‍നിന്ന് വിപണിയിലിറക്കാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.