സ്വന്തം ലേഖകന്‍

കൊല്ലം

January 23, 2020, 10:02 pm

ചൈനീസ് സഞ്ചാരികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ ടൂറിസം മന്ത്രാലയം

Janayugom Online

ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈനയില്‍ നിന്ന് ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം തുലോം പരിമിതം. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയിലേയ്ക്കുള്ള ചൈനീസ് ടൂറിസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള നിരവധി പദ്ധതികള്‍ക്ക് തുടക്കമിടുകയാണ് കേന്ദ്ര ടൂറിസം മന്ത്രാലയം. അടുത്ത അഞ്ച് വര്‍ഷത്തേയ്ക്കുള്ള ഭാവി പ്രവര്‍ത്തനരേഖയില്‍ (Vision Doc­u­ment) ഏറ്റവും പ്രാമുഖ്യം നല്‍കിയിട്ടുള്ളതും ഇതിന് തന്നെ. 2018ല്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ചൈനീസ് സഞ്ചാരികളുടെ എണ്ണം 149 ദശലക്ഷമെന്നാണ് ചൈനീസ് ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള ഔട്ട്ബൗണ്ട് ടൂറിസം റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്ക്.

2000ല്‍ 10.5 ദശലക്ഷം ചൈനക്കാര്‍ മാത്രമാണ് വിദേശസഞ്ചാരത്തിന് പോയത്. അതിനെ അപേക്ഷിച്ച് 1300 ശതമാനം വര്‍ദ്ധനവാണ് 2018ല്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ 2018ല്‍ ഇന്ത്യയിലെത്തിയ ചൈനീസ് സഞ്ചാരികളുടെ എണ്ണമാകട്ടെ കേവലം മൂന്ന് ലക്ഷം മാത്രം. ഈ അന്തരം കണക്കിലെടുത്താണ് ചൈനീസ് സഞ്ചാരികളെ ഇന്ത്യയിലേയ്ക്കെത്തിക്കുന്നതിനുള്ള തീവ്രയജ്ഞത്തിന് കേന്ദ്ര ടൂറിസം മന്ത്രാലയം തുടക്കം കുറിക്കുന്നത്. ബുദ്ധമത കേന്ദ്രങ്ങളും ബുദ്ധവിഹാരങ്ങളും സന്ദര്‍ശിക്കാനാണ് ചൈനക്കാര്‍ ഏറ്റവും കൂടുതല്‍ താല്‍പര്യം കാട്ടുന്നത്.

ബുദ്ധമതത്തിന്റെ കേന്ദ്രം ഇന്ത്യയിലാണെങ്കിലും ഇവിടെയെത്തുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുന്ന പ്രധാന ഘടകം ഭാഷ തന്നെയാണ്. ചൈനക്കാര്‍ ചൈനീസ് ഭാഷ മാത്രമേ സംസാരിക്കുകയുള്ളു. ഇംഗ്ലീഷ് തീരെ പഥ്യമല്ല. ഹിന്ദിയുടെ കാര്യം പറയാനുമില്ല. സാഞ്ചി, ബോധ്ഗയ, നളന്ദ, ശ്രാവസ്തി എന്നീ ബുദ്ധവിഹാരങ്ങളില്‍ ചൈനീസ് സഞ്ചാരികള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ പ്രദാനം ചെയ്യാനാണ് ടൂറിസം മന്ത്രാലയം ലക്ഷ്യമിട്ടിട്ടുള്ളത്. ചൈനീസ് ഭാഷയില്‍ പ്രാവീണ്യമുള്ള കൂടുതല്‍ ഗൈഡുകളെ ഇവിടേയ്ക്ക് നിയോഗിക്കും. ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളെ മനസ്സിലാക്കാനുതകുന്ന ക്യുആര്‍ കോഡ് സൗകര്യം ഏര്‍പ്പെടുത്തും. ടൂറിസം മന്ത്രാലയത്തിന്റെ ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ പോര്‍ട്ടലില്‍’ ചൈനീസ് ഭാഷ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. ചൈനീസ് സഞ്ചാരികള്‍ക്കായി അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. ചെറിയ ചൈനീസ് നഗരങ്ങളില്‍ നിന്നുപോലും ഇന്ത്യയിലേക്ക് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ ആരംഭിക്കാനും ലക്ഷ്യമിടുന്നു.