Web Desk

ബുലന്ദ്ഷഹര്‍

July 03, 2020, 11:03 am

കനാലിൽ വീണ മ‍ൃതദേഹം കുട്ടികളെ കൊണ്ട് എടുപ്പിച്ച് പൊലീസ്

Janayugom Online

കനാലിൽ വീണ മ‍ൃതദേഹം കുട്ടികളെ കൊണ്ട് എടുപ്പിച്ച് യുപി പൊലീസ്, സംഭവം വിവാദത്തിൽ. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ പൊലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു.

കനാലിൽ കിടന്ന അജ്ഞാത മൃതദേഹമാണ് സബ് ഇൻസ്പെക്ടറും ഒരു കോൺസ്റ്റബിളും ചേർന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളെക്കൊണ്ടു എടുപ്പിച്ചത്. വാലിപുർ- ഗംഗ കനാലിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നാല് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മൃതദേഹം എടുപ്പിക്കുകയായിരുന്നു. കുട്ടികൾ വലിയ വടിയുപയോഗിച്ച് മൃതദേഹം കരയ്ക്കടുപ്പിക്കുന്നത് വീഡിയോയിൽ കാണാം. തൊട്ടരികിൽ തന്നെ പൊലീസുകാർ നിൽക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

കൊട്വലി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായ എസ്ഐ രാം നരേഷ്, കോൺസ്റ്റബിൾ മഹാബിർ എന്നിവരാണ് ആരോപണ വിധേയർ. ഇരു ഉദ്യോഗസ്ഥരുടേയും സമീപനം ശരിയായില്ലെന്ന് പൊലീസ് സൂപ്രണ്ട് സന്തോഷ് സിങ് പ്രതികരിച്ചു. പൊലീസ് സേനയ്ക്ക് മുഴുവൻ അപമാനമാണ് ഇരുവരുടേയും പ്രവൃത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. കുട്ടികൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് വീഡിയോയിൽ വ്യക്തമാണെന്നും സൂപ്രണ്ട് കൂട്ടിച്ചേർത്തു.

you may also like this video