Web Desk

ന്യൂഡല്‍ഹി

June 15, 2020, 5:22 pm

നവംബറോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടാകുമെന്ന പഠനം നിഷേധിച്ച് ഐസിഎംആര്‍

Janayugom Online

നവംബര്‍ മധ്യത്തോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയുണ്ടാകുമെന്ന് നിരീക്ഷിക്കുന്ന പഠന റിപ്പോര്‍ട്ടിനെ തള്ളി ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ (ഐസിഎംആര്‍). കഴിഞ്ഞ ദിവസമാണ് ഐസിഎംആര്‍ ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. എന്നാല്‍ തങ്ങളുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായ റിപ്പോര്‍ട്ടാണ് ഇതെന്നാണ് ഐസിഎംആര്‍ ഇന്ന് വ്യക്തമാക്കിയിരിക്കുന്നത്.

ഐസിഎംആറിന്റെ പഠനങ്ങള്‍ സംബന്ധിച്ച് മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണെന്നാണ് ഐസിഎംആറിന്റെ നിലപാട്.

34 മുതല്‍ 76 ദിവസം വരെ നീണ്ട അടച്ചിടല്‍ മൂലം അണുബാധിതരാകുന്നവരുടെ എണ്ണം 69 മുതല്‍ 97ശതമാനം വരെ കുറയ്ക്കാനായെന്ന് ഐസിഎംആറിന്റെ പഠനത്തെ ഉദ്ധരിച്ച് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആരോഗ്യസംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഈ കാലയളവ് സഹായിച്ചതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. നവംബര്‍ മധ്യത്തോടെ വൈറസ് ബാധിതരുടെ എണ്ണം ഉച്ചസ്ഥായിലാകുന്ന സ്ഥിതി ഉണ്ടാകും. ഇത് നേരിടാന്‍ തക്ക ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ രാജ്യത്തില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഐസിഎംആര്‍ അല്ല ഈ പഠനം നടത്തിയതെന്നും റിപ്പോര്‍ട്ട് വിശദമായി പുനഃപരിശോധിച്ചിട്ടില്ലെന്നുമാണ് ഇപ്പോള്‍ ഇവരുടെ നിലപാട്. റിപ്പോര്‍ട്ട് പിന്‍വലിച്ചതായി പഠനസംഘത്തിലുണ്ടായിരുന്ന അരവിന്ദ് പാണ്ഡെ പറഞ്ഞു. എന്നാല്‍ സംഘത്തിലുണ്ടായിരുന്ന മറ്റൊരംഗമായ ശങ്കര്‍ പിന്‍ജ്‌റ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

ENGLISH SUMMARY: “Mis­lead­ing”: Med­ical Body ICMR On Study Claim­ing Virus Peak Mid-November

YOU MAY ALSO LIKE THIS VIDEO: