നിങ്ങൾക്ക് മിസ് കേരളയാകാൻ ആഗ്രഹമുണ്ടോ; ഇപ്പോൾ തന്നെ ഡിജിറ്റൽ ഓഡിഷനിൽ പങ്കെടുക്കാം

Web Desk
Posted on October 28, 2019, 7:26 pm

കൊച്ചി: ഇമ്പ്രസരിയോ ഇവന്റ് മാനേജ്‌മെന്റ് സംഘടിപ്പിക്കുന്ന മിസ് കേരള മത്സരത്തിനായി ഇത്തവണ ഡിജിറ്റൽ ഒഡിഷനും. സമൂഹമാധ്യമങ്ങളിൽ അടക്കം മൂന്ന് ഘട്ടങ്ങളായി ഓഡിഷൻ നടത്തിയായിരിക്കും ഫൈനൽ മത്സരത്തിലേക്കുള്ള 22 മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. 1999 ൽ ആരംഭിച്ച മിസ് കേരള മത്സരം ഇരുപത് വർഷം പൂർത്തിയാക്കുകയാണ്. കൂടുതൽ പേർക്ക് പങ്കെടുക്കാൻ അവസരം ഒരുക്കുന്നതാണ് മൂന്ന് ഘട്ടങ്ങളിലായുള്ള ഓഡിഷൻ.

www.misskerala.org എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ആദ്യഘട്ടഡിജിറ്റൽ ഓഡിഷനിൽ  ടിക്‌ടോക്, ഇസ്റ്റഗ്രാം അക്കൗണ്ടുകളിൽ മത്സരാർത്ഥികൾക്ക് ലഭിക്കുന്ന ടാസ്ക്കുകൾ പെർഫോം ചെയ്യണം. ആദ്യ നൂറ് മത്സരാർത്ഥികളെ ഇതിൽ നിന്ന് തെരഞ്ഞെടുക്കും. രണ്ടാം ഘട്ടത്തിൽ  ഇവരെ മിസ് കേരള ടോപ് 100 ആയി പ്രഖ്യാപിക്കും. ഇവർക്ക് വീണ്ടും ടാസ്ക്കുകൾ നൽകി സമൂഹ മാധ്യമങ്ങളിൽ കഴിവ് തെളിയിക്കാൻ അവസരം നൽകും. വിവിധ ടൈറ്റിലുകൾക്കായുള്ള മത്സരങ്ങളും ഇതോടൊപ്പം നടക്കും. ഈ നൂറ് പേരെയും ഗ്രൗണ്ട് ഓഡിഷന് വിധേയമാക്കുകയും ഗ്രാൻഡ് ഫിനാലെയിലേക്കുള്ള 22 പേരെ തെരഞ്ഞെടുക്കുകയും ചെയ്യും. ഇവർക്കായി പ്രത്യേക ഗ്രൂമിങ് സെഷനുകൾ നടത്തിയ ശേഷമാകും ഡിസംബർ 12 ന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുപ്പിക്കുക.ഡിജിറ്റൽ മീഡിയ ഒഡിഷനായി അപേക്ഷിക്കേണ്ട അവസാന ദിവസം നവംബർ 4. കൂടുതൽ വിവരങ്ങൾക്ക്: www.misskerala.org or call 8289827951/7558888578.