മിസ് കേരള ഫിറ്റ്‌നസ് ആന്‍ഡ് ഫാഷന്‍ മത്സരം 28 ന് കൊച്ചിയില്‍

Web Desk
Posted on December 15, 2017, 6:04 pm
കൊച്ചിയില്‍ നടക്കുന്ന മിസ് കേരള ഫിറ്റ്‌നസ് ആന്‍ഡ് ഫാഷന്‍ മത്സരാര്‍ഥികള്‍ കൊച്ചിയിലെ ഗോള്‍ഡ് സൂക്ക് ഗ്രാന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ അവസാനറൗണ്ട് ഒഡിഷനില്‍ പങ്കെടുക്കുന്നു

മിസ് കേരള ഫിറ്റ്‌നസ് ആന്‍ഡ് ഫാഷന്‍ ടൈറ്റിലിന് വേണ്ടിയുള്ള ഫൈനല്‍ മത്സരം ഡിസംബര്‍ 28 ന് കൊച്ചിയിലെ മാരിടൈം ഹോട്ടലില്‍ നടക്കും. ഇരുപത്തഞ്ചോളം മത്സരാര്‍ഥികള്‍ പങ്കെടുക്കും. കോഴിക്കോട്, കോട്ടയം, കൊച്ചി എന്നിവിടങ്ങളിലായി നടന്ന ഒഡിഷനില്‍ തെരഞ്ഞെടുക്കപ്പെട്ടവരാണ് ഫൈനല്‍ മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. ടൈറ്റില്‍ ജേതാവിന് പുറമെ മിസ് ഹെല്‍ത്തി സ്‌കിന്‍, മിസ് ആറ്റിറ്റിയൂഡ്, മിസ് ടാലന്റ്, മിസ് ഹെല്‍ത്തി വിമെന്‍, മിസ് ഫോട്ടോജെനിക്, മിസ് ഷൈനിങ് സ്റ്റാര്‍, മിസ് വൈറ്റനിംഗ് സ്‌മൈല്‍, മിസ് ഹെല്‍ത്തി ഹെയര്‍, മിസ് ക്യാറ്റ് വാക്ക്, മിസ് കമ്മ്യൂണിക്കേഷന്‍, മിസ് സെല്‍ഫി ഫേസ്, മിസ് പെര്‍ഫോര്‍മര്‍ എന്നീ സബ്‌ടൈറ്റിലുകളും ഉണ്ടാവും. മികച്ച പത്ത് മത്സരാര്‍ത്ഥികള്‍ക്ക് ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമകളില്‍ വേഷവും ലഭിക്കും. ദാലുവാണ് കൊറിയോഗ്രാഫര്‍. ബോഡി ബില്‍ഡിങ് അസോസിയേഷന്‍ ഓഫ് കേരള, ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് ക്രിയേഷന്‍സ് എന്നിവരുടെ സഹകരണത്തോടെ ഔറോറ ഫിലിം കമ്പനിയാണ് മിസ് കേരള ഫാഷന്‍ ആന്‍ഡ് ഫിറ്റ്‌നസ് സംഘടിപ്പിക്കുന്നത്. ലിസി, രാജീവ്പിള്ള, ശ്രീശാന്ത്, അര്‍ജ്ജുന അവാര്‍ഡ് ജേതാവ് ടി.വി പോളി, കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ കെ. ആനന്ദന്‍ എന്നിവരടങ്ങുന്ന ജഡ്ജിങ് പാനലാണ് വിജയിയെ തെരഞ്ഞെടുക്കുക.

അവിവാഹിതരായ പെണ്‍കുട്ടികള്‍ മത്സരിക്കുന്ന ഫാഷന്‍, ഫിറ്റ്‌നസ് മത്സരമായത് കൊണ്ട് തന്നെ മറ്റു സൗന്ദര്യ മത്സരങ്ങളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നതാണ് മിസ് കേരള ഫാഷന്‍ ആന്‍ഡ് ഫിറ്റ്‌നസ് എന്ന് ഈവന്റ് ഡയറക്ടറും ഔറോറ ഫിലിം കമ്പനി മാനേജിങ്ങ് ഡയറക്ടറുമായ രോഹിത് നാരായണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വര്‍ക്ക് ഔട്ട്‌സ്, ഡാന്‍സ് ഫിറ്റ്‌നസ് പ്രോഗ്രാം, ബ്യൂട്ടി പേജന്റ്, ഫൈനല്‍ ഇന്റര്‍വ്യൂ എന്നീ റൗണ്ടുകളിലൂടെയാകും വിജയിയെ തെരഞ്ഞെടുക്കുക. പ്രമുഖ ചലച്ചിത്ര താരങ്ങളുടെ സ്‌പെഷ്യല്‍ അപ്പിയറന്‍സ് മത്സരത്തിന്റെ പ്രധാന ആകര്‍ഷണമായിരിക്കും. മിസ്‌കേരള ഫിറ്റ്‌നസ് ആന്‍ഡ് ഫാഷന്‍ 2012 ജേതാവ് മിയ ജോര്‍ജ്ജ് ഫൈനല്‍ മത്സരത്തില്‍ റാമ്പിലെത്തും. മാരത്തോണ്‍, യോഗത്തോണ്‍, യോഗ, ഫിറ്റ്‌നസ് പരിപാടികളും മിസ് കേരള ഫാഷന്‍ ആന്‍ഡ് ഫിറ്റ്‌നസ് മത്സരത്തിന്റെ ഭാഗമായി നടക്കും.

മേജര്‍ രവി, നടന്‍ രാജീവ് പിള്ള, സംവിധായകന്‍ ലെസ്‌ലി സ്റ്റിഫന്‍, ബ്‌ളാക് ആന്‍ഡ് വൈറ്റ് ക്രിയേഷന്‍സ് ഡയറക്ടര്‍ അന്‍വര്‍ എന്‍ സുള്‍ഫി, ബോഡി ബില്‍ഡിങ്ങ് അസോസിയേഷന്‍ ഓഫ് കേരള ചെയര്‍മാന്‍ ശശി അയ്യഞ്ചിറ, സെക്രട്ടറി സോളി, ട്രഷറര്‍ കെ. അനന്ദന്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഫോട്ടോ : വി എന്‍ കൃഷ്ണപ്രകാശ്