ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യുന്നു; ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ അലഹബാദ് ഹെെക്കോടതി

Web Desk

ലഖ്നൗ

Posted on October 26, 2020, 5:30 pm

ഉത്തര്‍പ്രദേശില്‍ ഗോവധ നിരോധന നിയമം വലിയ രീതിയില്‍ ദുരുപയോഗം ചെയ്യുന്നതായി അലഹബാദ് ഹെെക്കോടതി. ബീഫ് പിടിച്ചെടുത്തെന്ന പേരില്‍ നിരപരാധികളെ കേസില്‍ കുടുക്കുന്നു. ഏത് തരത്തിലുള്ള മാംസം പിടിച്ചെടുത്താലും പരിശോധന പോലുമില്ലാതെ ഗോമാംസമായി ചിത്രീകരിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. മാംസവ്യാപാരത്തിന്റെയും ഗോഹവധത്തിന്റെയും പേരില്‍ അറസ്റ്റ് ചെയ്ത റഹ്മുദ്ദീന്റെ ജാമ്യപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് സിദ്ധാര്‍ഥ ഇക്കാര്യം വ്യക്തമാക്കിയത്. എഫ്‌ഐആറില്‍ ഉള്‍പ്പെടാതിരുന്നിട്ടും ഒരു മാസമായി ജയിലില്‍ കഴിയുകയാണ് ഇദ്ദേഹമെന്ന് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

”1955ലെ യുപി ഗോവധ നിരോധന നിയമം നിരപരാധികള്‍ക്കെതിരെ വലിയ തോതില്‍ ദുരുപയോഗം ചെയ്യപ്പെടുന്നു. ഒരാളില്‍ നിന്ന് ഏതു മാംസം പിടിച്ചെടുത്താലും പരിശോധനപോലും നടത്താതെ അത് ഗോമാംസമായി ചിത്രീകരിക്കുകയാണ്. ഭൂരിഭാഗം കേസുകളിലും പിടിച്ചെടുത്ത മാംസം ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാറില്ല” കോടതി ചൂണ്ടിക്കാട്ടി.

കാശാപ്പിനായി കൊണ്ടുപോകുന്നതിനിടെ പിടിച്ചെടുക്കുന്ന പശുക്കളെ പിന്നീട് എങ്ങോട്ടാണ് മാറ്റുന്നത് എന്നുള്ള വിവരങ്ങള്‍ ലഭ്യമല്ല. ഇത് സംബന്ധിച്ച രേഖകള്‍ സൂക്ഷിക്കുന്നില്ല. വളര്‍ത്തുന്ന പശുക്കളെ റോഡുകളില്‍ അലഞ്ഞു തിരിയാന്‍ വിടുകയാണ് . കറവ വറ്റിയ പശുക്കളെ ഗോശാലകള്‍ ഏറ്റെടുക്കുന്നില്ല. ഇവ കൃഷിയിടങ്ങൾ നശിപ്പിക്കുകയും വലിയ രീതിയിലുള്ള ഗതാഗത കുരുക്കും അപകടങ്ങളും ഉണ്ടാക്കുന്നു. പൊലീസിനെയും ജനങ്ങളെയും ഭയന്ന് ഇത്തരം പശുക്കളെ മറ്റ് സംസ്ഥാനങ്ങളിലേക്കും കയറ്റി അയക്കാനും ഉടമസ്ഥര്‍ ഭയപ്പെടുന്നു. ഇതിനു പരിഹാരം കാണാൻ സംസ്ഥാന സർക്കാർ കാര്യക്ഷമമായി ഇടപെടണമെന്നും അലഹബാദ് ഹെെക്കോടതി വ്യക്തമാക്കി.

Eng­lish sum­ma­ry: Mis­us­ing cow slaugh­ter law in Uttar pradesh

You may also like this video: