പശ്ചിമേഷ്യയില്‍ ആശങ്ക വര്‍ധിപ്പിച്ചുകൊണ്ട് ഇസ്രയേലും ഇറാനും രൂക്ഷമായ ഏറ്റുമുട്ടലിലേക്ക്. സംഘര്‍ഷത്തിന്റെ മൂന്നാംദിനമായ ഇന്നലെ ഇരുരാജ്യങ്ങളും മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം ശക്തമാക്കി. ഇരുരാജ്യങ്ങളിലെയും മരണസംഖ്യ ഉയരുകയാണ്. രണ്ട് രാജ്യങ്ങളിലുമായി ഇതുവരെ 91 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഒൗദ്യോഗികകണക്കുകള്‍. എന്നാല്‍ മരണസംഖ്യ മൂന്നിരട്ടിയിലേറെ വരുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
ഇസ്രയേല്‍ ഇറാന്റെ പ്രതിരോധമന്ത്രാലയ കേന്ദ്രവും ആണവോര്‍ജപദ്ധതികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും ആക്രമിച്ചപ്പോള്‍ ഇസ്രയേല്‍ വ്യോമപ്രതിരോധ സംവിധാനത്തെ തകര്‍ത്തുകൊണ്ട് ജനവാസ കേന്ദ്രങ്ങളില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തി ഇറാന്‍ തിരിച്ചടിച്ചു. സുപ്രധാന തുറമുഖ നഗരമായ ഹൈഫയിലെ ഓയില്‍ റിഫൈനറിയില്‍ ഇറാന്റെ ഹൈപ്പര്‍സോണിക് മിസൈലുകള്‍ പതിച്ചു. ഇസ്രയേലിന്റെ യുദ്ധവിമാന നിര്‍മ്മാണ കേന്ദ്രം ആക്രമിച്ചെന്നും ഇറാന്‍ അവകാശപ്പെടുന്നു.
ഹൈഫയിലും ബാത് യാമിലുമായി 13 പേര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. 35 ലധികം പേരെ കാണാതായിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെല്‍ അവീവിലും ജെറുസലേമിലും ബാത് യാമിലും റെഹോവോട്ടിലും നിരവധി സ്ഫോടനങ്ങളുണ്ടായി. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇറാനില്‍ 78 പേര്‍ കൊല്ലപ്പെടുകയും 320 പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് കണക്കുകള്‍. ഇറാന്റെ മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയായി ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക ഫീല്‍ഡ് ആയ സൗത്ത് പാര്‍സ്, ഫജ്ര്‍ ജാം ഗ്യാസ്, അബാദാന്‍ ഓയില്‍ റിഫൈനറി എന്നിവിടങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തി. ഇറാന്‍ ആണവ പദ്ധതികളുടെ പ്രധാന കേന്ദ്രമായ മധ്യ ഇറാനിലെ ഇസ്ഫഹാനിലെ പ്രതിരോധ മന്ത്രാലയ ഓഫിസ് ആക്രമിച്ചതായും ഇസ്രയേല്‍ അവകാശപ്പെട്ടു. ഇറാനിലെ ആയുധനിര്‍മ്മാണ ശാലകള്‍ക്ക് പരിസരത്തുള്ളവര്‍ ഒഴിഞ്ഞുപോകണമെന്നും ഇവിടങ്ങളില്‍ ആക്രമണം നടത്തുമെന്നും ഇസ്രയേല്‍ സൈനിക വക്താവ് കേണല്‍ അവിചെ അഡ്രായി മുന്നറിയിപ്പുനല്‍കി. ഇസ്രയേല്‍ ആക്രമണം നിര്‍ത്തിയാല്‍ തിരിച്ചടിക്കുന്നത് തങ്ങളും നിര്‍ത്തുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബാസ് അരഗ്ചി അറിയിച്ചു. യുദ്ധത്തെ തുടര്‍ന്ന് ഇസ്രയേലിലെ എയര്‍പോര്‍ട്ടുകള്‍ അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ ജോര്‍ദാന്‍, ഇൗജിപ്ത് രാജ്യങ്ങളുടെ അതിര്‍ത്തി ഇസ്രയേല്‍ അടച്ചിട്ടില്ല. അതേസമയം വ്യോമഗതാഗതത്തിനുള്ള നിയന്ത്രണം തുടരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.