തിരുവനന്തപുരത്ത് ട്രെയിൻ തട്ടി മരിച്ച 17 വയസ്സുകാരന്റെ മൃതദേഹം, ബന്ധുക്കളെ അറിയിക്കാതെ പൊലീസ് സംസ്കരിച്ചെന്ന് പരാതി. വെമ്പായം തേക്കട സ്വദേശി ബിജുവിന്റെയും ബീനയുടെയും മകൻ അഭിജിത്തിന്റെ മൃതദേഹമാണ് ‘അജ്ഞാത മൃതദേഹം’ എന്ന് രേഖപ്പെടുത്തി പൊലീസ് സംസ്കരിച്ചത്.
അഭിജിത്തിനെ കാണാനില്ലെന്ന് കാണിച്ച് മാർച്ച് 18‑നാണ് മാതാപിതാക്കൾ വട്ടപ്പാറ പൊലീസിന് പരാതി നൽകിയത്. വീടുകാരോട് പറയാതെ സ്ഥിരമായി വീട്ടിൽ നിന്ന് മാറിനിൽക്കുന്ന സ്വഭാവമുള്ളതുകൊണ്ട് ആദ്യം വീട്ടുകാർ സംശയിച്ചില്ല. എന്നാൽ ഫോണിലൂടെയും ബന്ധപ്പെടാൻ കഴിയാതെ വന്നതോടെയാണ് പരാതി നൽകുന്നത്. എന്നാൽ, മാർച്ച് അഞ്ചിന് പേട്ടയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ ഒരു കൗമാരക്കാരന്റെ മൃതദേഹം കണ്ടെത്തിയതായി പേട്ട പൊലീസ് വട്ടപ്പാറ ഉൾപ്പെടെ എല്ലാ സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയിരുന്നു. ആളെ കാണാതായ പരാതികളൊന്നും അന്ന് ലഭ്യമല്ലാതിരുന്നതിനാൽ വട്ടപ്പാറ പൊലീസ് ഈ വിവരത്തിൽ കൂടുതൽ ശ്രദ്ധ നൽകിയില്ല. അജ്ഞാത മൃതദേഹത്തിനായി ആരും എത്താത്തതിനെത്തുടർന്ന് ഏപ്രിൽ അഞ്ചിന് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം സംസ്കരിക്കാൻ പേട്ട പൊലീസ് അനുമതി നൽകുകയായിരുന്നു.
മകൻ മരിച്ച വിവരം അറിയാതെ മാതാപിതാക്കൾ സ്ഥലം എം എൽ എയും മന്ത്രിയുമായ ജി ആർ അനിലിനും മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കുകയും അഭിജിത്തിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യുകയും ചെയ്തു. അഭിജിത്ത് മാർച്ച് മൂന്നിന് തനിക്കൊപ്പം വീട്ടിൽ നിന്നിറങ്ങിയതിനാൽ മരണത്തിൽ തന്നെ സംശയിക്കുമെന്ന് ഭയന്നാണ് വിവരം പുറത്തുപറയാത്തതെന്നും, വെട്ടുകാടുള്ള മറ്റൊരു സുഹൃത്ത് വഴിയാണ് താൻ മരണവിവരം അറിഞ്ഞതെന്നും ഒരു സുഹൃത്ത് മൊഴി നല്‍കി. എന്നാൽ, ഇയാളുടെ മൊഴി പൂർണമായി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.