കുമ്പളത്ത് കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പില്‍ ചവിട്ടി താഴ്ത്തിയ നിലയില്‍

Web Desk

കൊച്ചി

Posted on July 11, 2019, 8:27 am

കുമ്പളത്ത്  നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പില്‍ ചവിട്ടി താഴ്ത്തിയ നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ നാലു പേരെ പനങ്ങാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുമ്ബളം മാന്ദനാട്ട് വീട്ടില്‍ വിദ്യന്റെ മകന്‍ അര്‍ജുന്റെ (20) മൃതദേഹമാണെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ജൂലൈ 2 നാണ് അര്‍ജുനെ കാണാതായത്. ഇതെ തുടര്‍ന്ന് അര്‍ജുന്റെ പിതാവ് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ചതുപ്പില്‍ അഴുകിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഫോറന്‍സിക് വിദഗ്ദരുടെ പരിശോധനയ്ക്കു ശേഷമേ മൃതദേഹം അര്‍ജുന്റെതാണൊ എന്ന് സ്ഥിരീകരിക്കാനാകൂ എന്ന് പൊലീസ് പറഞ്ഞു. കൃത്യം നടത്തിയവരുടെ മൊഴിയില്‍ നിന്നാണ് മൃതദേഹം അര്‍ജുന്റേതു തന്നെയെന്ന നിഗമനത്തില്‍ എത്തിയതെന്നു പോലീസ് പറഞ്ഞു. പനങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്ത 4 പേരും സമപ്രായക്കാരും അര്‍ജുന്റെ കൂട്ടുകാരുമാണ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്ന മറ്റ് വിവരങ്ങള്‍ ഇങ്ങനെയാണ്.

കസ്റ്റഡിയില്‍ ഉള്ളവരില്‍ ഒരാളുടെ സഹോദരനുമൊത്ത് അര്‍ജുന്‍ ബൈക്കില്‍ യാത്ര ചെയ്യവെ കളമശേരിയില്‍ വച്ച് ഉണ്ടായ അപകടത്തില്‍ ആ യുവാവ് മരിച്ചിരുന്നു. എന്നാല്‍ ഇത് അപകടമല്ലെന്നും അര്‍ജുനെയും തട്ടിക്കളയുമെന്ന് മരിച്ചയാളിന്റെ സഹോദരന്‍ പറഞ്ഞിരുന്നതായി കൂട്ടുകാര്‍ പറയുന്നു. അപകടത്തിനു ശേഷം മറ്റു കൂട്ടുകള്‍ എല്ലാം ഒഴിവാക്കിയ അര്‍ജുനുമായി അടുത്തിടെ ഇയാള്‍ കൂട്ടുകൂടി. സഹോദരന്‍ മരിച്ച ദുഃഖം മാറ്റാനെന്ന ഭാവേനയായിരുന്നു കൂട്ട്.

2ന് രാത്രി പത്തോടെ കുമ്ബളത്തെ മറ്റൊരു സുഹൃത്തിനെ കൊണ്ടാണ് അര്‍ജുനെ വീട്ടില്‍ നിന്ന് വിളിച്ചു വരുത്തിയത്. ഇയാള്‍ സൈക്കിളിലാണ് നെട്ടൂരില്‍ അര്‍ജുനെ എത്തിച്ചത്. 2 പേര്‍ മര്‍ദിക്കുമ്‌ബോള്‍ മറ്റു 2 പേര്‍ നോക്കി നിന്നു. മരിച്ചു എന്ന് ഉറപ്പായപ്പോള്‍ 4 പേരും ചേര്‍ന്ന് ചതുപ്പിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി ചവിട്ടിത്താഴ്ത്തി. മൃതദേഹം ഉയരാതിരിക്കാന്‍ മുകളില്‍ കോണ്‍ക്രീറ്റ് കട്ടകള്‍ ഇവര്‍ സ്ഥാപിച്ചുവെന്നും പോലീസ് പറഞ്ഞു. ഫോറന്‍സിക് വിദഗ്ദര്‍ വ്യാഴാഴ്ച രാവിലെ എത്തും. നടന്ന് എത്താന്‍ പോലും പ്രയാസമുള്ള സ്ഥലം പൊലീസ് നിയന്ത്രണത്തിലാണ്.

you may also like this video