കേരസമൃദ്ധ കേരളത്തിനായി മിഷന്‍ 2019–29

Web Desk
Posted on July 04, 2019, 10:56 pm

വി എസ് സുനില്‍കുമാര്‍

പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടടുത്ത കാലത്ത്, കൃത്യമായി പറഞ്ഞാല്‍, 1867 ജനുവരി 15,16 തീയതികളില്‍ തിരുവിതാംകൂറില്‍ കാഴ്ചബംഗ്ലാവ് തോട്ടത്തില്‍വച്ച് ഒരു കാര്‍ഷിക പ്രദര്‍ശനം സംഘടിപ്പിക്കുകയുണ്ടായി. കേരളത്തില്‍ കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അന്നത്തെ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തിലും മുന്‍കയ്യിലുമാണ് പ്രദര്‍ശനം ഒരുക്കിയത്. തിരുവിതാംകൂറിലെ ആദ്യത്തെ കാര്‍ഷിക പ്രദര്‍ശനമായിരുന്നു അത്. പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സമ്മാനം നല്‍കുന്നതിനായി പൊതുഖജനാവില്‍ നിന്ന് 300 രൂപയും അനുവദിച്ചിരുന്നു. 1857ല്‍ കോഴിക്കോട് മലബാര്‍ കളക്ടര്‍ മുന്‍കയ്യെടുത്ത് സംഘടിപ്പിച്ച കാര്‍ഷിക പ്രദര്‍ശനമാണ് കേരളത്തിലെ ആദ്യത്തെ കാര്‍ഷിക പ്രദര്‍ശനം.

പത്തുകൊല്ലം കഴിഞ്ഞ് തിരുവിതാംകൂറില്‍ നടത്തിയ കാര്‍ഷിക പ്രദര്‍ശനത്തില്‍ നിരവധി തനത് കാര്‍ഷിക വിഭവങ്ങള്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. അതില്‍ പഴവര്‍ഗ്ഗങ്ങള്‍, വിവിധയിനം പൂക്കള്‍, സസ്യലതാദികള്‍, കാപ്പി, തേയില, ചെറുധാന്യങ്ങള്‍ തുടങ്ങിയവയെല്ലാം എത്തിച്ചിരുന്നു. ആ പ്രദര്‍ശനത്തില്‍ ആളുകളെ അമ്പരപ്പിച്ചത് എഴുപത്തിരണ്ട് തേങ്ങകളുള്ള ഒരു തേങ്ങാക്കുലയായിരുന്നു. അതുവരെ കുരുമുളകായിരുന്നു കാര്‍ഷിക വിഭവങ്ങളുടെ പട്ടികയില്‍ പ്രഥമസ്ഥാനം അലങ്കരിച്ചിരുന്നത് എങ്കില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടുകൂടി നാളികേരം പ്രഥമസ്ഥാനത്തേയ്ക്ക് ഉയര്‍ന്നുവരികയാണുണ്ടായത്. കേരളത്തിലെ കേരകൃഷിയുടെയും നാളികേരത്തിന്റെ സമൃദ്ധിയുടെയും പുഷ്‌കലകാലമായിരുന്നു അത്.

മലയാളത്തില്‍ എഴുതപ്പെട്ട പല പ്രാമാണിക ഗ്രന്ഥങ്ങളിലും കേരളത്തിലെ നാളികേരകൃഷിയുടെ സമ്പന്നതയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുള്ളത് വായിക്കുമ്പോള്‍ അത്ഭുതം തോന്നും. 1903-04 കാലഘട്ടത്തില്‍ മലബാറില്‍ നിന്നുമാത്രം ഏകദേശം അഞ്ച് കോടി രൂപയ്ക്കുള്ള കേരോല്‍പന്നങ്ങള്‍ കയറ്റി അയച്ചിരുന്നുവത്രേ. അതില്‍ വെളിച്ചെണ്ണ, കൊപ്ര, കയര്‍, പിണ്ണാക്ക് തുടങ്ങിയവ ഉള്‍പ്പെട്ടിരുന്നു. ശാസ്ത്രവും സാങ്കേതികവിദ്യയും ഒട്ടും പ്രചാരത്തിലില്ലാതിരുന്ന ആ കാലഘട്ടത്തില്‍ പോലും തെങ്ങില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളെക്കുറിച്ച് നമ്മുടെ പൂര്‍വികര്‍ നല്ല ബോധ്യമുള്ളവരായിരുന്നു എന്നുവേണം മനസിലാക്കുവാന്‍. കുറഞ്ഞത് മുപ്പത് ഇനം നാടന്‍ തെങ്ങിനങ്ങള്‍ നമുക്കുണ്ടായിരുന്നു. ഒരു കാലത്ത് മലയാളികളുടെ ഗാര്‍ഹിക സമ്പദ്ഘടനയെ നിലനിര്‍ത്തിയിരുന്ന ഒരു പ്രധാനപ്പെട്ട സ്രോതസായിരുന്നു തെങ്ങ്. തെങ്ങില്‍ നിന്ന് തേങ്ങ മാത്രമല്ല, പുര കെട്ടിമേയുന്നതിനുള്ള ഓല, അടുപ്പ് കത്തിക്കുന്നതിന് തെങ്ങിന്റെ പട്ട, കൊതുമ്പ്, കോഞ്ഞാട്ട, ചകിരി, ചിരട്ട മുതലായവയും ലഭിക്കുന്നു. തെങ്ങ് ചെത്തി കള്ളെടുക്കുന്നു. തെങ്ങിന്റെ തടി മരഉരുപ്പിടികള്‍ക്ക് ഉപയോഗിക്കുന്നു. ഇളനീരും മച്ചിങ്ങയും വേരും ആയുര്‍വേദ ഔഷധവിധികളില്‍ പ്രധാനമാണ്.

ഉത്തമ ആരോഗ്യ പാനീയമായി ഇളനീര്‍ ഉപയോഗിക്കുന്നു. തേങ്ങയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളും നിരവധിയാണല്ലോ. അങ്ങനെ നോക്കുമ്പോള്‍ തെങ്ങിന്റെ മഹത്വം വര്‍ണിക്കാവുന്നതല്ല. അതുകൊണ്ടാണ് കല്‍പവൃക്ഷം എന്ന പേര് വന്നുചേര്‍ന്നിട്ടുള്ളത്.
ലോകത്ത് ഏറ്റവും അധികം നാളികേരം ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാംസ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ഇന്തോനേഷ്യയാണ് ഒന്നാംസ്ഥാനത്ത്. രണ്ടാംസ്ഥാനം ഫിലിപ്പൈന്‍സിനാണ്. ബ്രസീല്‍ നാലാമതും ശ്രീലങ്ക അഞ്ചാമതുമാണ്. പട്ടികയില്‍ ആറാമത് വിയറ്റ്‌നാമും, ഏഴാം സ്ഥാനത്ത് പാപ്പുവ ന്യൂ ഗിനിയയും എട്ടാമത് മെക്‌സിക്കോയും ഒമ്പതാം സ്ഥാനത്ത് തായ്‌ലന്റും പത്താമത് മലേഷ്യയും ആണ് ഇടം നേടിയിട്ടുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നാളികേരം ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം കേരളമാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നമ്മുടെ നാളികേരത്തിന് രുചിയും ഗുണവും വളരെ കൂടുതലാണ്. പ്രത്യേകിച്ച് തീരദേശത്തെ തെങ്ങുകളില്‍ നിന്ന് ലഭിക്കുന്ന നാളികേരം ഗുണമേന്മയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. കുറ്റ്യാടി, കോമാടന്‍, ചേറ്റുവ തുടങ്ങിയവ വളരെ വിശേഷപ്പെട്ട നാളികേര ഇനങ്ങളാണ്. ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിന്റെ കണക്കുകള്‍ പ്രകാരം 2006-07 കാലഘട്ടത്തില്‍ 6054 ദശലക്ഷം ആയിരുന്നു നമ്മുടെ നാളികേര ഉല്‍പാദനം. എന്നാല്‍, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ക്രമേണ ഉല്‍പാദനം കുറഞ്ഞുവരികയാണുണ്ടായത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരമേറ്റതിനെ തുടര്‍ന്ന് കാര്‍ഷിക മേഖലയില്‍ സ്വീകരിച്ച ജനപക്ഷപരിസ്ഥിതി സൗഹൃദ വികസന സമീപനങ്ങളുടെ ഫലമായി 2016–17 വര്‍ഷമായപ്പോള്‍ നാളികേര ഉല്‍പാദനം 7464.25 ദശലക്ഷം ആയി വര്‍ധിച്ചു. ആ വര്‍ധന ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ ഒരു വര്‍ഷം ഉല്‍പാദിപ്പിക്കുന്ന ആകെ നാളികേരത്തിന്റെ എഴുപത് ശതമാനവും സംഭാവന ചെയ്യുന്നത് കേരളമാണ്. കേരളത്തെ കേരസമൃദ്ധിയുടെ കാര്യത്തില്‍ ഒന്നാമത് എത്തിക്കുക എന്നതുമാത്രമല്ല, രാജ്യത്തിനും ലോകത്തിനുതന്നെയും അനുകരിക്കാവുന്ന ഒരു മാതൃകയാക്കി മാറ്റിയെടുക്കുക എന്നതുകൂടി നമ്മുടെ ലക്ഷ്യമാണ്.

സര്‍വതലസ്പര്‍ശിയായ വികസന കാഴ്ചപ്പാടോടുകൂടിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയത്. കാര്‍ഷിക മേഖലയ്ക്കും കൃഷി അനുബന്ധ മേഖലകള്‍ക്കും മുഖ്യപരിഗണന നല്‍കിയും പരിസ്ഥിതിയെ മുഖ്യസ്ഥാനത്ത് നിര്‍ത്തിയുമുള്ള വികസന നയ സമീപനമാണ് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ മുന്നോട്ടുവച്ചത്. പ്രകടനപത്രികയില്‍ ഉയര്‍ത്തിക്കാട്ടിയതും കാര്‍ഷിക രംഗത്ത് നടപ്പാക്കുമെന്ന് വാഗ്ദാനം നല്‍കിയതുമായ കാര്യങ്ങള്‍ ഓരോന്നായി നടപ്പാക്കി വരികയാണ്. ഒരു പ്രധാനപ്പെട്ട ഇടപെടല്‍ കേരകൃഷിയുടെ കാര്യത്തിലാണ് നടത്തിയത്. തെങ്ങ് ഒരു ദീര്‍ഘകാല വിളയാണ്. അതുകൊണ്ട്, വ്യക്തവും ഭാവനാപൂര്‍ണവും സക്രിയവുമായ ഒരു ദീര്‍ഘകാല ആസൂത്രണം തെങ്ങുകൃഷിക്ക് ആവശ്യമാണ്. 1193 ചിങ്ങം ഒന്നുമുതല്‍ 1194 ചിങ്ങം ഒന്നു വരെ ‘കേരവര്‍ഷ’മായി ആചരിച്ചുകൊണ്ടാണ് കര്‍മപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. സംസ്ഥാനത്തെ കേരകൃഷിയുടെ വിസ്തൃതി, നാളികേരത്തിന്റെ ഉല്‍പാദനം, ഉല്‍പാദനക്ഷമത എന്നിവ വര്‍ദ്ധിപ്പിക്കുക, സംയോജിത വിളപരിപാലന മുറകള്‍ സ്വീകരിച്ച് നാളികേര കൃഷിയുടെ സംരക്ഷണവും അഭിവൃദ്ധിയും ഉറപ്പ് വരുത്തുക എന്നിവ ലക്ഷ്യമിട്ട് 2019 മുതല്‍ 2029 വരെ നീളുന്ന 10 വര്‍ഷത്തെ വികസന കാഴ്ചപ്പാടോടുകൂടി കൃഷി വകുപ്പ് മന്ത്രി ചെയര്‍മാനായി ‘നാളികേര വികസന കൗണ്‍സില്‍’ രൂപീകരിച്ചതിന്റെ കേരളത്തിലെ കേരകൃഷി മേഖലയിലെ സുപ്രധാന നാഴികക്കല്ലാണ്. മിഷന്‍ മാതൃകയിലുള്ള പ്രവര്‍ത്തനരീതിയിലൂടെ ഉല്‍പാദനക്ഷമതാ വര്‍ദ്ധന, മൂല്യവര്‍ധന, കര്‍ഷകര്‍ക്ക് മികച്ച വരുമാനം, യന്ത്രവല്‍കരണം, ഗവേഷണം, വിജ്ഞാനവ്യാപനം തുടങ്ങിയ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സഹായകമായ വിധത്തില്‍ വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ നാളികേര വികസന കൗണ്‍സില്‍ ഏകോപിപ്പിക്കും. ഈ മിഷനിലൂടെ 1.44 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് അധികമായി തെങ്ങുകൃഷി വ്യാപിപ്പിക്കുവാനും 3 ലക്ഷം ഹെക്ടറില്‍ പുനര്‍ കൃഷി നടത്താനും ലക്ഷ്യമിടുന്നു. തെങ്ങിന്റെ ഉല്‍പാദനക്ഷമത ഹെക്ടറിന് 6889 നാളികേരത്തില്‍ നിന്നും 8500 നാളികേരമായി ഉയര്‍ത്തുകയാണ് ലക്ഷ്യം. ഇതിനായി ശാസ്ത്രീയമായ ഗവേഷണങ്ങളും ഇടപെടലുകളും ആവശ്യമാണ്. മണ്ണിന്റെ ആരോഗ്യം മുതലുള്ള കാര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത് തെങ്ങിന്‍തോട്ടങ്ങള്‍ക്ക് അനുയോജ്യമായ ഡ്രെസീന മെസഞ്ചിയാന പോലെയുള്ള ഇലച്ചെടികള്‍ വളര്‍ത്തിയും മറ്റ് ഇടവിള കൃഷികള്‍ വ്യാപിപ്പിച്ചും പ്രകൃതി വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗം സാധ്യമാക്കുന്ന ബഹുവിള കൃഷി സമ്പ്രദായം നടപ്പിലാക്കും. സൂക്ഷ്മ മൂലകങ്ങളുടെ പ്രയോഗം ഉള്‍പ്പെടെയുള്ള മണ്ണുപരിപാലനവും സസ്യജല സംരക്ഷണ പ്രവര്‍ത്തനങ്ങളും ശാസ്ത്രീയമായി അവലംബിച്ചുകൊണ്ട് പരമാവധി ഉല്‍പാദനവും ഉല്‍പാദനക്ഷമതയും കൈവരിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്.

പുതിയതായി നട്ടുപിടിപ്പിക്കുന്ന തെങ്ങിന്‍തൈകളുടെ 10 കൊല്ലത്തെ പരിപാലനമുറകള്‍ അടങ്ങുന്ന കാര്‍ഷിക പാരിസ്ഥിതിക മേഖലകള്‍ തിരിച്ചുള്ള പരിപാലന പ്രോട്ടോകോള്‍ ഉടനെ പുറത്തിറക്കും. അടുത്ത വര്‍ഷം മുതല്‍ കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനികളെ കൂടി തെങ്ങിന്‍തൈ ഉല്‍പാദന പ്രക്രിയയില്‍ പങ്കാളികളാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഉല്‍പാദിപ്പിക്കുന്ന തൈകളുടെ മാതൃവൃക്ഷം, വിത്തുതേങ്ങ സംഭരണം ചെയ്യുന്നതിലെ രീതിശാസ്ത്രം, ഗ്രേഡിംഗ് മാനദണ്ഡങ്ങള്‍, ഗുണമേന്മയുള്ള തെങ്ങിന്‍തൈകള്‍ ഉല്‍പാദിപ്പിക്കുന്നതിന് അവലംബിക്കുന്ന ശാസ്ത്രീയ മുറകള്‍, സാങ്കേതികവിദ്യയുടെ പ്രചരണം തുടങ്ങിയ കാര്യങ്ങളില്‍ കമ്പനികള്‍ക്ക് പരിശീലനം നല്‍കി പ്രാദേശികമായി കീടരോഗപ്രതിരോധ ശേഷിയുള്ള ഇനങ്ങള്‍ വികസിപ്പിച്ചെടുത്ത് വികേന്ദ്രീകൃത നഴ്‌സറികള്‍ സ്ഥാപിക്കും. നിലവില്‍ 181 കേരഗ്രാമങ്ങള്‍ നടപ്പിലാക്കി. ഈ വര്‍ഷം പുതിയതായി 55 കേരഗ്രാമങ്ങള്‍ കൂടി നടപ്പിലാക്കും. പ്രായാധിക്യം കൊണ്ടും രോഗകീടബാധമൂലവും ഉല്‍പാദനക്ഷമത തീരെ കുറഞ്ഞ തെങ്ങുകള്‍ മുറിച്ചുമാറ്റി, മെച്ചപ്പെട്ട ഇനങ്ങളുടെ തൈകള്‍ നടുന്നതിനുള്ള പുനരുദ്ധാരണ പദ്ധതികള്‍ നാളികേര വികസന ബോര്‍ഡുമായി സഹകരിച്ച് സംസ്ഥാനത്തെ എല്ലാ പ്രധാന ജില്ലകളിലും നടപ്പിലാക്കും എന്നതായിരുന്നു പ്രകടനപത്രികയിലെ ഒരു വാഗ്ദാനം. ശാസ്ത്രീയ സംയോജിത കൃഷിപരിപാലന മുറകള്‍ സ്വീകരിച്ചുള്ള തെങ്ങിന്‍തോട്ടങ്ങളുടെ പുനരുദ്ധാരണം ഉള്‍പ്പെടെയുള്ള മൂന്ന് ഘട്ടങ്ങള്‍ നാളികേര വികസന ബോര്‍ഡുമായി സഹകരിച്ച് നടപ്പിലാക്കി. ഈ പദ്ധതി തുടര്‍ന്നുവരികയുമാണ്.
കാസര്‍ഗോഡ് കേന്ദ്രതോട്ടവിള കേന്ദ്രവുമായി സഹകരിച്ച് നാളികേരവികസനത്തിനായി 269.2426 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി നടപ്പിലാക്കിവരുന്നു. കേരകേരളം സമൃദ്ധകേരളം പദ്ധതി പ്രകാരം 10 വര്‍ഷം കൊണ്ട് രണ്ട് കോടി മികച്ചയിനം തെങ്ങിന്‍തൈ സംസ്ഥാനത്തെ മുഴുവന്‍ വാര്‍ഡുകളിലും വിതരണം ചെയ്യുന്നതിന്റെ ഭാഗമായി, ആദ്യഘട്ടത്തില്‍ 2019–20 വര്‍ഷം വരെ കേരഗ്രാമമായി തെരഞ്ഞെടുത്ത 300 പഞ്ചായത്തുകളിലെയും, കേരഗ്രാമ പദ്ധതി നടപ്പിലാക്കാത്ത 200 പഞ്ചായത്തുകളിലെയും അടക്കം 500 ഗ്രാമ പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലും 75 തെങ്ങിന്‍തൈകള്‍ വീതം 50 ശതമാനം സബ്‌സിഡിയോടുകൂടി വിതരണം നടത്തുവാന്‍ ഉദ്ദേശിക്കുന്നു. അതിനു പുറമേ, പാടശേഖരങ്ങളുടെ പുറംബണ്ടുകളില്‍ ഓരോ പ്രദേശത്തിനും യോജിച്ച തെങ്ങിന്‍തൈകള്‍ വ്യാപകമായി വച്ചുപിടിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും പ്രത്യേക പദ്ധതി തയാറാക്കിയിട്ടുമുണ്ട്. നെല്‍കൃഷി രംഗത്ത് പാടശേഖരസമിതികള്‍ വഴി നടപ്പിലാക്കുന്ന കൂട്ടുകൃഷി സമ്പ്രദായം തെങ്ങുകൃഷി രംഗത്തും നടപ്പിലാക്കും. കേരകര്‍ഷകരെ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ചുകൊണ്ട് കൂട്ടുകൃഷി സമ്പ്രദായം നടപ്പിലാക്കുന്നതിനുള്ള നടപടി കൃഷി വകുപ്പ് സ്വീകരിച്ചുവരുന്നുണ്ട്.

നമ്മുടെ സംസ്ഥാനത്ത് തെങ്ങുകൃഷിയുടെ പ്രതാപം മങ്ങിപ്പോകുന്നതിന് പ്രധാനപ്പെട്ട കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് വിവിധ രോഗങ്ങളുടെ വ്യാപനമാണ്.
കേരകര്‍ഷകര്‍ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി തെങ്ങുകയറ്റ തൊഴിലാളികളുടെ ലഭ്യതക്കുറവാണ്. തെങ്ങുകയറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും എന്നത് പ്രകടനപത്രികയിലെ മറ്റൊരു ഉറപ്പായിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് തെങ്ങുകയറ്റ പരിശീലനവും തെങ്ങുകയറ്റ യന്ത്രസാമഗ്രികളും വിതരണം ചെയ്തുകഴിഞ്ഞു. കേരള കാര്‍ഷിക സര്‍വകലാശാലയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ വര്‍ഷം തന്നെ തെങ്ങ് കയറ്റ തൊഴിലാളികളെ കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ ഇന്‍ഷുറന്‍സ് പരിരക്ഷയോടെ കേരകര്‍മ്മസേനകള്‍ രൂപീകരിക്കും. യന്ത്രവല്‍കരണം ഉള്‍പ്പെടെ വ്യാപിപ്പിക്കും. ഈ ദിശയിലുള്ള ഫലപ്രദമായ മറ്റൊരു ഇടപെടലാണ് പുതിയതായി വികസിപ്പിച്ചെടുത്ത മോട്ടോറൈസ്ഡ് തെങ്ങുകയറ്റയന്ത്രം. കൃഷി വകുപ്പും കയര്‍ വികസന വകുപ്പും ചേര്‍ന്ന് കോയമ്പത്തൂരിലെ മില്‍ടെക്‌സ് ഗ്രീന്‍ എന്‍ജിനിയേഴ്‌സ് കമ്പനിയെ കണ്‍സള്‍ട്ടന്റായി ചുമതലപ്പെടുത്തുകയും ഈ കമ്പനി ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോറൈസ്ഡ് തെങ്ങുകയറ്റയന്ത്രം വികസിപ്പിച്ചെടുക്കുകയും ചെയ്തു. കര്‍ഷകര്‍ക്ക് ഏറെ ഗുണകരമായ ഈ യന്ത്രം വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിച്ച് മിതമായ നിരക്കില്‍ വിപണിയിലെത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരികയാണ്.
നമ്മുടെ സംസ്ഥാനത്ത് ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ നാളികേര കര്‍ഷകരുടെ കൂട്ടായ്മകള്‍ വളരെ മികച്ച നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. കേരകര്‍ഷക കൂട്ടായ്മകളുടെ നേതൃത്വത്തില്‍ കേരോല്‍പ്പന്ന മൂല്യവര്‍ദ്ധന, വൈവിധ്യവത്കരണ സംരംഭങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ ജില്ലകളിലും നാളികേര ഉല്‍പാദക ഫെഡറേഷനുകളുടെയും പ്രോഡ്യൂസര്‍ കമ്പനികളുടെയും ആഭിമുഖ്യത്തില്‍ നാളികേര പാര്‍ക്കുകള്‍ ആരംഭിക്കും. നീരയും വെളിച്ചെണ്ണയും മാത്രമല്ല, അവയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളും ഈ പാര്‍ക്കുകളില്‍ ഉല്‍പാദിപ്പിക്കും. ഉല്‍പാദന ചെലവുമായി ബന്ധപ്പെടുത്തി സംഭരണവില കാലോചിതമായി പരിഷ്‌കരിക്കും. പ്രകടനപത്രികയിലെ മറ്റൊരു ഉറപ്പുകൂടി നമ്മള്‍ പാലിക്കുകയാണ്. നാളികേരാധിഷ്ഠിത അഗ്രോപാര്‍ക്കുകള്‍ കോഴിക്കോട് ജില്ലയിലെ കൂത്താളിയിലും വേങ്ങേരിയിലും ആരംഭിക്കുകയാണ്. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കേരള അഗ്രോ ബിസിനസ് കമ്പനി രൂപീകരിച്ച് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ പൊതുമേഖലാ സ്ഥാപനമായ കെയ്‌ക്കോയുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്. നീരയുടെ ഗുണനിലവാര മാനദണ്ഡങ്ങള്‍ നിഷ്‌കര്‍ഷിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വാണിജ്യാടിസ്ഥാനത്തില്‍ നീര വിപണിയിലെത്തിക്കുന്നതിന് നടപടികള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നു. വാര്‍ഡ്തല/ പഞ്ചായത്ത്തല കേരസമിതികളുടെ നേതൃത്വത്തില്‍ വികേന്ദ്രീകൃത തെങ്ങിന്‍തൈ ഉല്‍പാദന കേന്ദ്രങ്ങള്‍, വിള പരിപാലനം ഉള്‍പ്പെടെയുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. നാളികേരമേഖലയില്‍ പുതിയ സ്റ്റാര്‍ട്ട്അപ്പുകള്‍ പ്രോത്സാഹിപ്പിക്കും.

നാളികേര വില താഴ്ന്ന സാഹചര്യത്തില്‍ വിലസ്ഥിരത ഉറപ്പാക്കുന്നതിനായി കിലോയ്ക്ക് 27 രൂപ എന്ന വര്‍ധിപ്പിച്ച നിരക്കില്‍ കേരഫെഡിന്റെ നേതൃത്വത്തില്‍ സഹകരണ സംഘങ്ങള്‍ മുഖേന സ്ഥിരമായി പച്ചത്തേങ്ങ സംഭരിക്കുന്ന പദ്ധതി പുനരാരംഭിക്കുവാന്‍ തീരുമാനിച്ചു. കൂടാതെ, മൂല്യവര്‍ദ്ധിത പദ്ധതികള്‍ നടപ്പിലാക്കല്‍, കയര്‍ വകുപ്പുമായി ചേര്‍ന്ന് ചകിരി സംഭരണം എന്നിവയും നടപ്പിലാക്കും. നാളികേര വികസന കോര്‍പ്പറേഷന്‍ കര്‍ഷകരില്‍ നിന്ന് കൂടുതല്‍ പച്ചത്തേങ്ങ സംഭരിക്കുന്ന തരത്തില്‍ പുനരുജ്ജീവിപ്പിച്ചു. കോര്‍പ്പറേഷനുകീഴില്‍ ആറ്റിങ്ങല്‍ മാമത്ത് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ 30 മെട്രിക് ടണ്‍ സ്ഥാപിതശേഷിയുള്ള വെളിച്ചെണ്ണ പ്ലാന്റ് ഡിസംബര്‍ മാസത്തോടുകൂടി പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകും. അങ്ങനെ നോക്കുമ്പോള്‍ കേരകര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിനും കേരളത്തിന്റെ നാളികേരമേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിനുമുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നത്.

സാധാരണക്കാരന്റെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്ന സുപ്രധാന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള കര്‍മ്മപരിപാടികളാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തിലേറി കേരളത്തില്‍ നടപ്പിലാക്കി വരുന്നത്. നിസ്വരില്‍ നിസ്വരായ ആളുകള്‍ക്കു കൂടി വികസന പ്രവര്‍ത്തനങ്ങളുടെ ഗുണഫലങ്ങള്‍ ലഭ്യമാകണമെന്നതാണ് ഈ സര്‍ക്കാരിന്റെ നയം. അഞ്ചുവര്‍ഷം കൊണ്ട് കേരളത്തിന്റെ കാര്‍ഷികമേഖലയുടെ മുഖച്ഛായ മാറ്റിയെടുക്കുന്നതിനുള്ള തീവ്രയത്‌ന പരിപാടികളുമായി മുന്നോട്ടുപോവുകയാണ്. കുറെയേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു എന്നതിന്റെ ചാരിതാര്‍ഥ്യത്തോടെയാണ് നാലാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നത്. ഈ സര്‍ക്കാരിന്റെ ഭരണകാലത്തുതന്നെ പ്രകടനപത്രികയില്‍ നല്‍കിയ ഉറപ്പുകള്‍ പൂര്‍ണമായും നിറവേറ്റുന്നതിന് പൊതുസമൂഹത്തിന്റെ കലവറയില്ലാത്ത പിന്തുണയും സഹകരണവുംകൊണ്ട് സാധിക്കുമെന്ന് ആത്മവിശ്വാസമുണ്ട്. കേരകേരളം സമൃദ്ധകേരളം എന്ന പദ്ധതിയിലൂടെ കേരളത്തിന്റെ നഷ്ടപ്പെട്ട കേരസമൃദ്ധി നമ്മള്‍ ഒത്തൊരുമിച്ച് വീണ്ടെടുക്കുക തന്നെ ചെയ്യും.