മതപരിവർത്തനം ആരോപിച്ച് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ മധ്യപ്രദേശിലെ മിഷനറി സ്കൂൾ തകർത്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്‌കൂളിനെതിരെ സോഷ്യൽ മീഡിയയിൽ ആരോപണങ്ങൾ പ്രചരിച്ചിരുന്നു. വിദിഷ ജില്ലയില്‍ ഗഞ്ച് ബസോഡയിലെ സെന്റ് ജോസഫ് സ്‌കൂളിന് നേരെയായിരുന്നു ആക്രമണം. എട്ട് ഹിന്ദു കുട്ടികളെ മതപരിവർത്തനം നടത്തിയതിന് സ്ഥാപനമാണ് ഉത്തരവാദിയെന്ന് പറഞ്ഞ് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ഉൾപ്പെടെയുള്ള തീവ്ര ഹിന്ദു സംഘടനകളുടെ പ്രവര്‍ത്തകര്‍ ഡിസംബർ 6 തിങ്കളാഴ്ച മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ ഗഞ്ച്ബസോദ ഏരിയയിലുള്ള സെന്റ് ജോസഫ്സ് മിഷനറി സ്കൂൾ തകർത്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍
പുറത്തുവന്നിരിക്കുന്നു.
പ്രകോപിതരായ ജനക്കൂട്ടം കല്ലെറിയുന്നതും സ്ക്കൂളുകളിലേക്ക് ഇരച്ചുകയറുകയും, കെട്ടിടത്തിന് കേടുപാടു വരുത്തുകയും ചെയ്തു. അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോൾ വിദ്യാർത്ഥികൾ അവരുടെ 12-ാം ക്ലാസ് സിബിഎസ്ഇ (സെൻട്രൽ ബോർഡ്ഓഫ് സെക്കൻഡറി എജ്യുക്കേഷൻ) പരീക്ഷ എഴുതുകയായിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട ഹിന്ദു സംഘടനാ അംഗങ്ങളും സ്കൂൾ ഭരണകൂടത്തിനെതിരെ നടപടി ആവശ്യപ്പെട്ട് മെമ്മോറാണ്ടം നൽകുകയും വിഷയത്തിൽ അന്വേഷണത്തിന് സമ്മർദ്ദം ചെലുത്തുകയും ചെയ്തു. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം സബ്ഡിവിഷണൽ മജിസ്‌ട്രേറ്റ് റോഷൻ റായ് പറഞ്ഞു
ഞങ്ങൾക്ക് മെമ്മോറാണ്ടം ലഭിച്ചു, ഞങ്ങൾ അന്വേഷിക്കും. എല്ലാ വിശദാംശങ്ങളും അന്വേഷണത്തിന് ശേഷം വെളിച്ചത്ത് വരും.“എന്നിരുന്നാലും, ആൾക്കൂട്ട ആക്രമണത്തിന്റെ വെളിച്ചത്തിൽ ഹിന്ദു കുട്ടികളെ മതം മാറ്റുന്നുവെന്ന എല്ലാ ആരോപണങ്ങളും സ്ക്കൂള്‍ അധികൃതര്‍ നിഷേധിച്ചിരിക്കുകയാണ്. ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഒരു പ്രാദേശിക മാധ്യമം വഴി മുന്നേ ലഭിച്ചിരുന്നതായി സ്‌കൂളിന്റെ മാനേജര്‍ ബ്രദര്‍ ആന്റണി പറഞ്ഞു. മാനേജ്‌മെന്റ് അറിയിച്ചത് പ്രകാരം പൊലീസും സംഭവസമയത്ത് സ്‌കൂളിലുണ്ടായിരുന്നു. എന്നാല്‍ പൊലീസ് വേണ്ടവിധം സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്നും മാനേജ്‌മെന്റ് പരാതിപ്പെട്ടു. സ്‌കൂള്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളെ മതപരിവര്‍ത്തനം നടത്തുന്നെന്ന ആരോപണത്തെയും ബ്രദര്‍ ആന്റണി നിഷേധിച്ചു. പരിവര്‍ത്തനം നടത്തി എന്ന് പറയുന്ന എട്ട് വിദ്യാര്‍ത്ഥികള്‍ സെന്റ് ജോസഫ് സ്‌കൂളിലെ കുട്ടികളല്ലെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്തെ മറ്റ് മിഷനറി സ്‌കൂളുകളിലും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
English Summary: Missionary school in Madhya Pradesh demolished by Sangh Parivar organizations for alleged conversion
Youmay also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.