19 April 2024, Friday

അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം: സഭ സ്തംഭിച്ചു

റെജി കുര്യന്‍
ന്യൂഡല്‍ഹി
August 4, 2022 11:15 pm

രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്ന കേന്ദ്ര നടപടിക്കെതിരെ ഇരു സഭകളിലും പ്രതിപക്ഷ പ്രതിഷേധം. രാജ്യസഭയും ലോക്‌സഭയും ഇന്നത്തേയ്ക്ക് പിരിഞ്ഞു. ഇടതുപക്ഷം, കോണ്‍ഗ്രസ്, ഡിഎംകെ, എന്‍സിപി പാര്‍ട്ടികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ ദുരുപയോഗിക്കുന്ന നടപടി അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അംഗങ്ങള്‍ ഇരുസഭകളിലും നോട്ടീസ് നല്കിയെങ്കിലും സ്പീക്കറും രാജ്യസഭാ ചെയര്‍മാനും അനുമതി നല്‍കിയില്ല. തുടര്‍ന്ന് രാവിലെതന്നെ പ്രതിഷേധം മൂലം ലോക്‌സഭ നിര്‍ത്തിവച്ചു.

രാജ്യസഭയും 12 വരെ നിര്‍ത്തി. തുടര്‍ന്നു സമ്മേളിച്ച ഇരു സഭകളും പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടുവരെ നിര്‍ത്തിവച്ചു. രണ്ടിനു ചേര്‍ന്നു പിരിഞ്ഞ ലോക്‌സഭ നാലിനു വീണ്ടും സമ്മേളിച്ചെങ്കിലും പ്രതിഷേധത്തില്‍ നിന്നും പിന്‍മാറാന്‍ പ്രതിപക്ഷം കൂട്ടാക്കാതിരുന്നതോടെ ഇന്നലെ പിരിയുകയായിരുന്നു. കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ചോദ്യവേളയില്‍ വിഷയം അവതരിപ്പിക്കാന്‍ അനുമതി തേടിയെങ്കിലും ശൂന്യവേളയില്‍ ഉന്നയിക്കാന്‍ സ്പീക്കര്‍ നിര്‍ദ്ദേശിച്ചു.

ചോദ്യവേളയുമായി മുന്നോട്ടു കൊണ്ടുപോകാന്‍ സ്പീക്കര്‍ ശ്രമം നടത്തി. ചോദ്യം ഉന്നയിക്കാന്‍ അംഗങ്ങളെ ക്ഷണിക്കുകയും ചെയ്തു. 11.30 ഓടെ പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ഉച്ചകഴിഞ്ഞ് ചേര്‍ന്ന രാജ്യസഭ കുടുംബ കോടതി ഭേദഗതി ബില്‍ 2022 പാസാക്കി. പ്രതിപക്ഷത്തിന്റെ ശക്തമായ മുദ്രാവാക്യം വിളികള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടയിലാണ് ശബ്ദവോട്ടോടെ ബില്‍ പാസാക്കിയത്. നിയമമന്ത്രി കിരണ്‍ റിജിജുവാണ് അവതരിപ്പിച്ചത്. ബില്‍ പാസാക്കിയ ഉടന്‍ സഭ പിരിഞ്ഞു. 

Eng­lish Summary:Misuse of inves­tiga­tive agencies
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.