20 April 2024, Saturday

മിത്തുകളുടെ രാജകുമാരന്‍

പി സുനിൽകുമാർ
August 15, 2021 7:30 am

ഇറ്റാലിയൻ സാഹിത്യത്തിലെ അനന്യനായ ഒരു സാഹിത്യ പ്രതിഭ കഴിഞ്ഞയാഴ്ച ലോകത്തു നിന്ന് യാത്രയായി. ഇന്ത്യൻ ഗ്രീക്ക് പുരാവൃത്തങ്ങളുടെ തായ് വേരുകളെ ആധുനികതയുമായി ബന്ധിപ്പിച്ച നിരവധി രചനകളിലൂടെ അദ്ദേഹം എണ്‍പതാം വയസ്സിൽ അന്തരിക്കുമ്പോഴേക്കും ലോകശ്രദ്ധേയനായി കഴിഞ്ഞിരുന്നു. സാഹിത്യ ലോകത്തെ അതിമോഹനമായ ധ്യാനങ്ങൾ ആയിരുന്നു കലാസോയുടെ പുസ്തകങ്ങൾ. വിവിധ സംസ്കാരങ്ങളിലൂടെ പായുന്ന ആധുനികതയുടെ ഋജുവായ സഞ്ചാര പഥങ്ങൾ തന്റെ നോവലുകളിലോ ദീർഘമായ ലേഖനങ്ങളിലോ അദ്ദേഹം സന്നിവേശിപ്പിച്ചു. പുരാണ കഥകളിൽ നിന്ന് മോചനം സിദ്ധിച്ച തലമുറകളെന്ന ബോധ്യത്തിൽ നിന്ന നമ്മെ പുതുയുഗത്തിൽ തിരികെ അതിലേക്ക് തന്നെ കൂട്ടിക്കൊണ്ടുപോയി അവയുടെ കൗതുകവും, സന്ദേഹവും അവയിലെ വിസ്മയവും കാട്ടിത്തന്നുകൊണ്ട് ചിന്തിക്കാൻ പുതിയ സങ്കൽപ്പങ്ങളുടെ മായിക ലോകമാണ് കലാസോ സൃഷ്ടിച്ചെടുത്തത്. ഇടമുറിയാതെ കഥകൾ പറയാൻ ഭാഗ്യം സിദ്ധിച്ചത് ഒരു നാടിന്റെ ഭാഗ്യമായി അദ്ദേഹം വിലയിരുത്തിയിരുന്നു. ഫ്രഞ്ച്, ലാറ്റിൻ, സംസ്കൃതം, ജർമൻ, ഗ്രീക്ക്, സ്പാനിഷ് ഭാഷകളിലുള്ള അറിവ് തന്റെ ആവനാഴിയിലെ ഒടുങ്ങാത്ത വാക്കുകളുടെ പ്രവാഹം സൃഷ്ടിക്കാൻ അദ്ദേഹത്തെ സഹായിച്ചിരുന്നു. അസമത്വങ്ങളുടെ ലോകത്ത് വസിക്കുന്ന ജനതയെ തങ്ങളുടെ സമ്പന്നമായ പാരമ്പര്യത്തിന്റെ ഭൂമികകൾ കാട്ടിക്കൊടുത്തു കൊണ്ട് തിരികെ വരാൻ പ്രേരിപ്പിക്കുന്നവയായിരുന്നു ആദ്ദേഹത്തിന്റെ രചനകള്‍. 

കഥകൾ പറയാനുള്ളവ മാത്രമല്ല, മറിച്ച് അവ ഉള്ളിലെ സ്വത്വങ്ങളെ തിരിച്ചറിയാൻ പാകമാക്കി എടുക്കേണ്ടവ ആണെന്നുള്ള ആന്തരിക രഹസ്യം ഈ ഇറ്റാലിയൻ എഴുത്തുകാരൻ തന്റെ വിഖ്യാത രചനകളിലൂടെ കാട്ടിത്തന്നു. ജ്ഞാനത്തിന്റെ ആന്തരിക രഹസ്യങ്ങൾ കഥാകഥനങ്ങളായി കലാസോയുടെ സൃഷ്ടികളിൽ വന്ന് കാലങ്ങൾക്ക് അപ്പുറത്ത് നിന്നും നമ്മെ വിളിച്ചുണർത്തി. ഹർഷോന്മാദവും, ഭാഷാ ശാസ്ത്രത്തിലെ സൂക്ഷ്മതയും, ഭാരതീയ, യവന, ലാറ്റിൻ പാരമ്പര്യങ്ങളുടെ തിരിച്ചറിവും ഈ എഴുത്തുകാരൻ കാത്തു സൂക്ഷിച്ചു. കലാസോയുടെ രചനകളിൽ ദൃശ്യമാകുന്ന ആഖ്യാനങ്ങളിലെ ക്ലേശഭാരം കഥനത്തിന്റെ തലകീഴായ അവതരണങ്ങളിലൂടെയോ, രൂപമാറ്റം വരുത്തുന്ന ചിന്തകളുടെയോ ഭാഗമായ് ഉണ്ടാകുന്നതാണ്. പക്ഷേ ആ മാറ്റങ്ങൾ തരിശു ഭൂമികളിൽ വൻ മാറ്റങ്ങൾ സൃഷ്ടിക്കുന്ന പുതു വിത്തു വിതയ്ക്കലാണ്. മോഹാലസ്യജന്യമായ ശൈലികളുടെയോ ചെപ്പടി വിദ്യകളുടെ കാട്ടലോ അല്ലാതെ അവ നിർബാധം നമ്മെ കടന്നു പോകാൻ തുടങ്ങിയിട്ട് ആറ് ശത വത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കൃതിയായി നാം അവതരിപ്പിക്കുന്ന ‘ക’ (2005) യിൽ പറയുംപോലെ “ഒരു കഥ പറയുന്നതിലൂടെയാണ് ലോകം തന്റെ അടയാളപ്പെടുത്തൽ നടത്തുന്നത്.” ‘ക’ ഒരു പുസ്തകത്തെ പോലെ ദൈർഘ്യമുള്ള നീണ്ട ലേഖനങ്ങൾ നിറഞ്ഞതാണ്. ഇൻഡ്യൻ ദൈവങ്ങളുടെ കഥകളും മനസ്സും ആണ് ഇതിൽ പ്രതിപാദിക്കുന്നത്. സമാനമായ രീതിയിൽ അദ്ദേഹം എഴുതിയ മറ്റ് രണ്ട് പുസ്തകങ്ങളായ ‘ദി മാരിയേജ് ഓഫ് കാദമുസ് ആൻഡ് ഹാർമണി’, ‘റൂഇൻ ഓഫ് കാസച്ച’ എന്നീ ഗ്രന്ഥങ്ങളെപോലെ ഈ പുസ്തകവും പുരാവൃത്തങ്ങളുടെ രീതിയും സ്വഭാവവും അന്വേഷിക്കുകയാണ്. സമൂഹത്തിന്റെ നിർമിതിയിലും പുരാവൃത്തങ്ങളുടെ സ്വാധീനമുണ്ടെന്ന ആശയം അദ്ദേഹം പങ്ക് വെക്കുന്നു. ‘ക’ ഹിന്ദു പുരാണങ്ങൾ അടിസ്ഥാനപ്പെടുത്തി എഴുതപ്പെട്ട ഏറ്റവും മഹത്തായ പുസ്തകം എന്ന പേരിന് അർഹമായത് അവയിൽ അദ്ദേഹം കണ്ടെത്തിയ ത്യാഗത്തേക്കാൾ മഹത്തരമാണ് പ്രതിപത്തി എന്ന വേദ സാരങ്ങളുടെ തിരിച്ചറിവ് വായനക്കാർക്ക് പ്രദാനം ചെയ്തതിലൂടെയാണ്. ന്യായവാദങ്ങളിലൂടെ പുരാവർത്തനങ്ങളുടെ സാരാംശവും അവ മുന്നോട്ട് വെക്കുന്ന ദർശനവും വിസ്മയാവഹമായ തലങ്ങളിലാണ് അദ്ദേഹം തന്റെ രചനയിൽ സ്വാംശീകരിച്ചത്. മനസ്സിനുള്ളിൽ ചങ്ങല ചേർത്ത് ബന്ധിക്കപ്പെട്ട അഹം, ആത്‍മൻ എന്നീ ഭാവങ്ങളെ വേദ സാരാംശങ്ങളുടെ തിരിച്ചറിവിലൂടെ ഒഴിവാക്കാനും കഴിയുമെന്ന് കലാസോ പ്രഖ്യാപിച്ചു. എന്തിന്റെയും ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ഞാൻ എന്ന സ്വത്വത്തെ തിരിച്ചറിയാനും അതിന്റെ സത്ത കണ്ടെത്തി ഞാൻ ആര്? എന്ന പൊരുളിനെ ബോദ്ധ്യപ്പെടുത്താനും ഈ ഇറ്റാലിയൻ എഴുത്തുകാരന് കഴിഞ്ഞു. 

ആധുനികതയെ പുരാണവുമായി അത്യസാധാരണ രീതിയിലെ കൂട്ടി ചേർക്കലിന് ശ്രമിച്ച കലാസോ സാഹിത്യ ലോകത്തെ തുലനം ചെയ്യാൻ കഴിയാത്ത സ്ഥാനത്തിന് അർഹനാണ്. ആധുനിക ലോകത്ത് നാം മറന്ന് പോകാൻ താല്പര്യപ്പെട്ട പുരാണ കഥകൾ ഭൂഗോളത്തിലേക്ക് തിരികെ എത്തിക്കുകയായിരുന്നു കലാസോ. മനസ്സുകളിൽ നിന്ന് ഒരിക്കലും ഒളിച്ചോടാൻ കഴിയാത്ത ഒന്നാണ് പാരമ്പര്യം എന്ന തിരിച്ചറിവിലേക്ക് വായനക്കാർ എത്തിച്ചേരുകയാണ് ഈ രചനകളിലൂടെ. ബഹു ഭാഷകളുടെ ബുദ്ധിപരമായ വിന്യാസം രചനകളിൽ ക്രമീകരിച്ച ഈ എഴുത്തുകാരൻ അറുപതു വർഷങ്ങൾ താൻ ജോലി ചെയ്ത, പിന്നെ ഡയറക്ടർ ആയ അഡൽഫി — എഡിസിയോണി എന്ന പ്രസിദ്ധീകരണ ശാല 2015 ൽ വാങ്ങുകയായിരുന്നു. അതോടെ ആഗോള പബ്ലിഷർ ആയി മാറി. ശക്തമായ ബുദ്ധ സ്വാധീനം തന്റെ രചനകളിൽ പലേടത്തും പ്രയോഗിച്ച കലാസോ ഏറ്റവും ശക്തനായ, നിർഭയനായ കഥാപാത്രമായി ബുദ്ധനെ ചില കൃതികളിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. തിരിച്ചു വരാൻ കഴിയാത്ത വിധം നമ്മുടെ ദർശനങ്ങളെ മാറ്റി എഴുതിയ നേതാവായും എല്ലാ മൗലിക ചിന്താ വ്യതിയാനങ്ങളുടെയും മൂല കാരണക്കാരനായും ബുദ്ധനെ കാണുന്നുണ്ട് കലാസോ. സംസ്കാരങ്ങളുടെ സങ്കര സംയോജനത്തിന് അദ്ദേഹത്തെ പ്രാപ്തനാക്കിയത് ഈ നിലവാരമാണ്. ഈ ഉൾക്കൊള്ളൽ ആണ് ‘പേര് വിളിക്കാനാകാത്ത വർത്തമാനം’, ‘ആർദർ’ എന്നീ കൃതികളിൽ വായനക്കാർ കണ്ടത്. 

അക്ഷരങ്ങളുടെ ഭൂഗോളം തിരിയുമ്പോൾ നാം മറന്ന് തുടങ്ങുന്ന പുരാവൃത്തങ്ങളുടെ ലോകത്തേക്ക് നമ്മെ നടത്തിക്കൊണ്ടു പോയ കലാസോയുടെ സൃഷ്ടികൾ ഇരുപതോളം ഭാഷകളിൽ തർജ്ജുമ ചെയ്യപ്പെട്ടിട്ടുണ്ട്. കാഫ്കക്കും ടോൾസ്റ്റോയ്ക്കും സമാനമായ ആഖ്യാനം ഇന്ത്യൻ പുരാവൃത്തങ്ങൾക്കു നൽകിയ എഴുത്തുകാരൻ എന്നാണ് അദ്ദേഹത്തെ സാഹിത്യലോകം വിലയിരുത്തുന്നത്. മിത്തിനെയും ആധുനിക അന്തക്കരണ വിശുദ്ധികളെയും കൂട്ടിച്ചേർത്തു പിടിച്ചുകൊണ്ട് ഒരിക്കലും തീരാത്ത കഥകൾ പറയാനുള്ള ലോകം സൃഷ്ടിച്ചതിന് നന്ദി പറഞ്ഞു പിരിഞ്ഞ കലാസോ ഇനി ലോകമുള്ള കാലം വരെ മിത്തുകളിലെ കഥകളിലേക്ക് തിരികെ പോരാൻ നമ്മോടും ആവശ്യപ്പെട്ടു കൊണ്ടേയിരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.