March 21, 2023 Tuesday

മിശ്രവിവാഹം അഭിമാനകരം

കുരീപ്പുുഴ ശ്രീകുമാർ
വർത്തമാനം
March 19, 2020 5:15 am

മിശ്രവിവാഹം അധികവും സംഭവിക്കുന്നത് പ്രണ­യത്തിന്റെ സ്വാധീനം മൂലമാണ്. പ്രകൃതിയിൽ ജാതിയും മതവും ഒന്നും ഇല്ലാത്തതിനാൽ ജാതിമതങ്ങൾക്ക് അതീതമായി പ്രണയം സംഭവിക്കും. അത് വിവാഹത്തിൽ കലാശിക്കുകയും ചെയ്യും. വിവാഹത്തിൽ കലാശിക്കുമ്പോഴാണ് ജാതിയും മതവും വാളും കത്തിയുമായി എത്തുന്നത്. നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണമെന്ന വാചകമേളയൊക്കെ സെമിത്തേരിയിൽ മറവു ചെയ്യപ്പെടും. ആദ്യമൊക്കെ പിന്തിരിപ്പിക്കാൻ നോക്കും. മാതാപിതാക്കളുടെ ആത്മഹത്യാ ഭീഷണിവരെ ഉണ്ടാകും. എന്നിട്ടും പിരിയുന്നില്ലെങ്കിൽ മതം മാറ്റാനുള്ള പ്രലോഭനങ്ങൾ ആരംഭിക്കും. പ്രണയികൾക്ക് മതത്തെക്കാൾ വലുത് പ്രണയം ആയതിനാൽ മതം മാറ്റത്തെ പുല്ലുപോലെ സ്വീകരിച്ച് അവർ പ്രണയസാഫല്യം നേടും. അറിയാതെ പെട്ടുപോയ ജാതിയിൽ നിന്നും മതത്തിൽ നിന്നും ജീവിത പങ്കാളിയെ സ്വീകരിക്കുന്നില്ലെന്നു ഉറപ്പിച്ച ചിലരുണ്ട്. അവർ വളരെ ശ്രദ്ധയോടെ വിജാതീയ വിവാഹം നടത്തുക തന്നെ ചെയ്യും.

പ്രണയികളോട് മതം ക്രൂരമായാണ് പെരുമാറുന്നത്. കൊല്ലാനും അവർ മടിക്കില്ല. കാസർകോട്ടെ ബാലകൃഷ്ണനെ കൊന്നത് ഇന്നും ജനങ്ങൾ മറന്നിട്ടില്ല. മലപ്പുറം, കോട്ടയം ജില്ലകളിൽ സമീപകാലത്തുണ്ടായ ദുരഭിമാന നരഹത്യ കേരളത്തിന്റെ മുഖത്ത് പുരണ്ട ചോരയാണ്. മിശ്രവിവാഹം അഭിമാനകരമാണ്. ഒരിക്കൽ എറണാകുളത്ത് മിശ്രവിവാഹിതരുടെ ഒരു യോഗത്തിൽ പങ്കെടുക്കാനിടയായി. എറണാകുളം ജില്ലയിലെ അന്നത്തെ വനിതാ കളക്ടറും ജില്ലാ പൊലീസ് മേധാവിയുമാണ് വിശിഷ്ട അതിഥികളായി പങ്കെടുത്തത്. മിശ്രവിവാഹിതർ. മാത്രമല്ല ഞങ്ങൾ മിശ്രവിവാഹിതർ ആണെന്ന് അവർ അഭിമാനത്തോടെ അവിടെ പറയുകയും ചെയ്തു. അതെ. മിശ്രവിവാഹം അഭിമാനകരമാണ്. അന്തസ്സോടെ തല ഉയർത്തിനിന്നു പറയാവുന്ന കാര്യം. ഐതിഹ്യത്തിലെ കേരളത്തിന്റെ വംശപരമ്പര വരരുചിയുടെ മിശ്രദാമ്പത്യത്തിൽ നിന്നും ആരംഭിക്കുന്നു.

കഥ അങ്ങനെയുണ്ടെങ്കിലും കേരളം ജാതിപ്പിശാചിന്റെ കരാളഹസ്തത്തിൽ പെടുകയും ജാതിയും മതവും മാറിയുള്ള വിവാഹം അനുവദിക്കാത്ത ഒരു സമൂഹമായി മാറുകയും ചെയ്തിരുന്നു. മനുഷ്യവിരുദ്ധവും പ്രകൃതി വിരുദ്ധവുമായ ഒരു അപമാനിത കേരളം. മിതവാദി കൃഷ്ണൻ, പോത്തേരി കുഞ്ഞമ്പു തുടങ്ങിയവർ സ്വന്തം കുടുംബങ്ങളിൽ മിശ്രവിവാഹം അനുവദിച്ചുകൊണ്ട് മാറ്റത്തിന്റെ പച്ചക്കൊടി പറപ്പിച്ചു. ഇന്ന് ലക്ഷക്കണക്കിന് മിശ്രവിവാഹിതരാണ് കേരളത്തിൽ ഉള്ളത്. സമുന്നത രാഷ്ട്രീയ പ്രതിഭകളായ ടി വി തോമസും കെ ആർ ഗൗരിയും എ കെ ഗോപാലനും സുശീലാഗോപാലനും ജോർജ്ജ് ചടയംമുറിയും വി വി രാഘവനും ബിനോയ് വിശ്വവും തോപ്പിൽ ഗോപാലകൃഷ്ണനും വയലാർ രവിയും മറ്റും ഈ വഴിയേ സഞ്ചരിച്ചവരാണ്. സമുന്നത സാഹിത്യ സാംസ്കാരിക പ്രതിഭകളായ തിരുനല്ലൂർ കരുണാകരനും ഒ വി വിജയനും കെ ഇ എനും ഇടമറുകും തെങ്ങമം ബാലകൃഷ്ണനും പെരുമ്പുഴ ഗോപാലകൃഷ്ണനും കെ ജി എസും സക്കറിയയും മറ്റും വഴികാട്ടികളാണ്. മിശ്രവിവാഹിതർ അനുഭവിക്കുന്ന പെട്ടെന്നുള്ള ഒരു പ്രതിസന്ധി സ്വന്തം വീടുകളിൽ നിന്ന് പുറത്താക്കപ്പെടുമ്പോൾ രാപ്പാർക്കാൻ ഒരു കൂര എന്നതാണ്. മിശ്രവിവാഹിതർക്ക് ഒരു വർഷം വരെ സുരക്ഷിതമായി താമസിക്കാൻ സർക്കാർ രക്ഷാവീടുകൾ ഒരുക്കുകയാണ്.

ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള മിശ്രവിവാഹിതർക്ക് മുപ്പതിനായിരം രൂപ സഹായധനം നൽകുന്നുണ്ട്. ഒരാൾ പട്ടികജാതിയിൽ പെട്ട ആളാണെങ്കിൽ എഴുപത്തയ്യായിരം രൂപയാണ് കുടുംബം സൃഷ്ടിച്ചു ജീവിക്കാനുള്ള സഹായധനം. ഉദ്യോഗസ്ഥരായ മിശ്രവിവാഹിതർക്ക് സ്ഥലം മാറ്റത്തിലും അനുകൂല പരിഗണനയുണ്ട്. കോൺഗ്രസ് അംഗമായ പി ടി തോമസ്സിന്റെ ചോദ്യത്തിനുള്ള മറുപടിയായി മന്ത്രി കെ. കെ. ശൈലജയാണ് ഈ വിവരം നിയമസഭയിൽ പറഞ്ഞത്. മിശ്രവിവാഹം സമൂഹത്തിന്റെ ആരോഗ്യത്തിനു അത്യന്താപേക്ഷിതം ആകയാൽ കേരളത്തിന്റെ ആരോഗ്യവകുപ്പ് മന്ത്രിതന്നെ മറുപടി പറഞ്ഞത് നന്നായി. കാര്യങ്ങൾ ഇതുകൊണ്ട് തീരുന്നില്ല. ജാതിക്കും മതത്തിനും അമിത പ്രാധാന്യമില്ലാത്ത ഒരു സമൂഹത്തെയാണ് രാജ്യം ലക്ഷ്യം വയ്ക്കുന്നതെങ്കിൽ മിശ്രവിവാഹിതർക്ക് ജോലിക്കാര്യത്തിൽ സംവരണം നൽകേണ്ടതാണ്. ജാതിമതരഹിതരായി പഠിക്കുന്ന നിരവധി കുഞ്ഞുമക്കൾ കേരളത്തിലുണ്ട്. അവരുടെ ഭാവി സുരക്ഷിതം ആക്കേണ്ടതും ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. മിശ്രവിവാഹിതരുടെ സമ്മേളനത്തിനായി എഴുതിയ വി കെ പവിത്രന്റെ കവിത ഇന്ന് പലരാഷ്ട്രീയകക്ഷികളും ഏറ്റു വിളിക്കുന്നുണ്ട്. ഞങ്ങളിലില്ലാ ഹൈന്ദവരക്തം/ ഞങ്ങളിലില്ലാ ഇസ്‌ലാം രക്തം/ ഞങ്ങളിലില്ലാ ക്രൈസ്തവ രക്തം/ ഞങ്ങളിലുള്ളത് മാനവരക്തം. ഈ മുദ്രാവാക്യം സാക്ഷാത്ക്കരിക്കണമെങ്കിൽ മിശ്രവിവാഹത്തെ എല്ലാ പരിഗണനയും കൊടുത്ത് പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.

ENGLISH SUMMARY: mixed mar­ridge is very proudful

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.