19 March 2024, Tuesday

ഓര്‍മകളുടെ ക്യാന്‍വാസില്‍ മിസോറാം

ഉമ അഭിലാഷ്
September 14, 2022 5:14 pm

ത്രയെത്ര ഇടങ്ങളാണ് ഓരോ യാത്രയുടെയുമൊടുവിൽ ഓർമ്മകളുടെ ക്യാൻവാസിൽ ബാക്കിയാവുന്നത്… ഓരോ യാത്രയും ഒരു പ്രൊജക്ടർ ഫിലിം റീലിൽ എന്നപോലെ അനേക ദൃശ്യഖണ്ഡങ്ങളായി നമ്മിൽ പതിഞ്ഞു കിടപ്പുണ്ടാകും. ആരുമറിയാതെ മനസ്സിലിട്ടുതന്നെ മുന്നോട്ടും പിന്നോട്ടുമോടിച്ച് അനുഭവങ്ങളെ നിഗൂഢമായി ആസ്വദിക്കാനും അറിയാനും തിരിച്ചറിയാനുമുള്ള പലവിധ കാഴ്ച്ചത്തുണ്ടുകൾ.
പക്ഷേ ആസ്വാദ്യമായവയ്ക്ക് നേരെ മാത്രം കണ്ണുകളും കാമറയും തുറന്നു വയ്ക്കുകയാണ് പല യാത്രികരുടെയും പതിവ്. അങ്ങനെയുള്ളവർ കണ്ടില്ല എന്ന് നടിക്കുന്ന കാഴ്ചകൾ യാഥാർത്ഥ്യമാണെങ്കിൽ കൂടി ഇവിടെ നിലനിൽക്കുന്നില്ല എന്നുവരെ തോന്നിപ്പോകുന്നുണ്ട്. കാണേണ്ട, കണ്ണുതുറപ്പിക്കേണ്ട കാഴ്ചകൾക്ക് നേരെ മിഴി പൂട്ടുന്ന ആളുകളാണ് നിങ്ങളെങ്കിൽ മനോഹരമായ ക്യാൻവാസുകൾ മാത്രം കണ്ടു മടങ്ങാം. അവ ക്യാമറയിൽ ഒപ്പിയെടുത്തു മടങ്ങുമ്പോൾ മനുഷ്യജീവിതത്തിന്റെ വിഭിന്നവിതാനങ്ങളാണ് അറിയാതെ, നിങ്ങളെ സ്പർശിക്കാതെ പോകുന്നത്.

ഒരു വിഖ്യാത ടൂറിസം മാപ്പിന്റെ മറുപുറത്തേക്കുള്ള കാഴ്ചകൾ നിങ്ങൾക്ക് ഒരിക്കലും യാത്രയുടെ അനുഭൂതി നൽകിയേക്കില്ല. നിങ്ങളുടെ കണ്ണുകൾക്ക് സന്തോഷം ഉണ്ടാകില്ല. പക്ഷേ, നിങ്ങളെല്ലാത്തരം കാഴ്ചകളിലേക്കും കണ്ണുകൾ തുറന്നുവയ്ക്കുന്നുവെങ്കിൽ അവിടെ നിന്ന് മറ്റു യാത്രികരെപ്പോലെ പെട്ടെന്ന് തിരിച്ചുനടക്കാൻ കഴിയില്ല. അവരെ അറിയേണ്ടി വരും… അവരുടെ സംസ്‍കാരത്തെയും ചരിത്രത്തെയും മനസ്സിലാക്കി എങ്ങനെയാണ് അവരിങ്ങനെയായതെന്ന് പഠിക്കേണ്ടി വരും. അവരിലൊരാളായി മാറേണ്ടി വരും. അങ്ങനെയായാൽപ്പിന്നെ നിങ്ങൾ പുതിയ കുറച്ചു കാര്യങ്ങൾ കൂടി പഠിക്കുകയായി. ചിലപ്പോൾ അത് നിങ്ങളെ കൂടുതൽ നല്ല മനുഷ്യനാക്കും. ചിലപ്പോൾ കൂടുതൽ മോശപ്പെട്ടയാളും. രണ്ടായാലും ഇത്തരം യാത്രകൾ നിങ്ങളെ മാറ്റിമറിക്കും.
വർഷങ്ങളായി കേരളത്തിന് പുറത്ത്, അതും വിവിധ സംസ്ഥാനങ്ങളിലായി ജീവിച്ചുവരുന്നതുകൊണ്ട് അനേകം സ്ഥലരാശികളെയും ഓരോ ഇടത്തുമുള്ള മനുഷ്യരെയും അവരുടെ ജീവിതത്തെയും തൊട്ടറിയാനായിട്ടുണ്ട്. അതിനാൽ തന്നെ പുതിയ അനുഭവങ്ങളിലേക്ക് ചേക്കേറാനുള്ള മറ്റൊരു അവസരമായി തന്നെയാണ് മിസോറാം യാത്രയെയും കണ്ടത്. കഴിഞ്ഞ കുറച്ചു മാസങ്ങളിലെ മിസോറാം ജീവിതം മറ്റൊരു ജനസമൂഹത്തെ പരിചയപ്പെടുത്തി. പക്ഷേ എല്ലാ അതിർത്തികൾക്കും പ്രാദേശിക വ്യത്യാസങ്ങൾക്കുമപ്പുറം മനുഷ്യന്റെ കഥകൾ സദൃശങ്ങളാണല്ലോ. അതിജീവനത്തിന്റെ പലവിധ സമരങ്ങളിലായി ജീവിതായോധനത്തിൽ ഏർപ്പെട്ട മനുഷ്യരാണൊക്കെയും. പുഞ്ചിരി മാത്രമല്ല കരച്ചിലും എന്തിനു നിസ്സഹായത പോലും ആഗോള ഭാഷയാണെന്ന് സമ്മതിക്കേണ്ടിവരും പല നാടുകളിലെ മനുഷ്യരെ കാണുമ്പോൾ.

ഇന്ത്യൻ രാഷ്ട്ര വ്യവസ്ഥയുടെ അടിസ്ഥാന ഏകകം എന്താകണമെന്ന് ഗാന്ധിയും അംബേദ്കറും തമ്മിൽ തർക്കം ഉണ്ടായതായി വായിച്ചതോർക്കുന്നു. ഗാന്ധിജിയും അദ്ദേഹത്തിന്റെ അനുയായികളും ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്നും ഇന്ത്യൻ ഗ്രാമവ്യവസ്ഥ വളരെ സ്വച്ഛവും ശാന്തവുമാണെന്നും വാദിക്കുമ്പോൾ അക്രമങ്ങൾക്കും അടിച്ചമർത്തലിനും ഇരയാകുന്നവർക്ക് ഒരു ശബ്ദവും ഉയർത്താൻ പറ്റാത്തതാണ് ഗ്രാമത്തിന്റെ ശാന്തതയ്ക്കു കാരണമെന്ന് അംബേദ്കർ വാദിക്കുന്നു. അംബേദ്കറിന്റെ ആശയത്തിന്റെ ആഴം മനസ്സിലാകണമെങ്കിൽ സ്വാതന്ത്ര്യം കിട്ടി എഴുപത്തഞ്ച് വർഷത്തിന് ശേഷവുമുള്ള ഇന്ത്യയിലെ ചില ഗ്രാമങ്ങളുടെ അവസ്ഥയും ജനജീവിതവും കണ്ടാൽ മതിയാകും.
മിസോറാമിൽ വന്നിറങ്ങുമ്പോൾ ഈ സംസ്ഥാനത്തിന്റെ ചരിത്രത്തെപ്പറ്റി ഏകദേശ ധാരണ കിട്ടാനായി എന്തെല്ലാം വായിക്കാം എന്ന് പലരോടും അന്വേഷിച്ചിരുന്നു. എന്നാൽ, മിസോറാമിനെക്കുറിച്ച് എഴുതപ്പെട്ട ചരിത്രങ്ങൾ അത്രയധികമൊന്നുമില്ലത്രേ. കാലങ്ങളോളം ബ്രിട്ടീഷുകാർ ഭരിച്ച ഈ നാടിന്റെ ചരിത്രം 18-ാം നൂറ്റാണ്ടു മുതൽ മാത്രമേ എഴുതപ്പെട്ടിട്ടുള്ളൂ. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് അസമിലെ ഒരു ജില്ല മാത്രമായിരുന്നു മിസോറാം.
1987 ഫെബ്രുവരി 20‑നാണ് മിസോറം സംസ്ഥാനം നിലവിൽ വന്നത്. മംഗളോയിഡ് വംശത്തിൽപ്പെട്ടവരാണ് മിസോറമിലുളളത്. മിസോകൾ എന്നാണ്‌ ഇവർ പൊതുവേ അറിയപ്പെടുന്നത്. മിസോ എന്ന വാക്കിന്റെ അർത്ഥം മലമുകളിലെ മനുഷ്യർ. മി (മനുഷ്യർ), സോ (മല) എന്നീ വാക്കുകൾ ചേർന്നാണ് മിസോ എന്ന പേര് ഉണ്ടായത്.

ഇന്ത്യയുടെ വടക്കുകിഴക്കേ സംസ്ഥാനമായ മിസോറം മ്യാൻമർ (ബർമ), ബംഗ്ളാദേശ് എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു. 12 ലക്ഷത്തോളം മാത്രം ജനസംഖ്യയുള്ള മിസോറമിന്റെ തൊണ്ണൂറു ശതമാനത്തിൽ അധികം ജനങ്ങളും ഷെഡ്യൂൾഡ് ഗോത്രവിഭാഗങ്ങളിൽ പെട്ടവരും ഭൂപ്രകൃതിയുടെ തൊണ്ണൂറു ശതമാനത്തിലധികം വനനിബിഡവുമാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ മിഷനറിമാരുടെ സ്വാധീനത്താൽ ഇവിടത്തെ ജനവിഭാഗത്തിൽ മതപരിവർത്തനം നടക്കുന്നതു വരെ പ്രകൃത്യാരാധനയും വൃക്ഷാരാധനയും തുടർന്നു പോന്നിരുന്നു.
മംഗളോയിഡ് വംശത്തിൽപെട്ടവർ വ്യത്യസ്ത ഗോത്രങ്ങളായാണ് വസിക്കുന്നത്. ഓരോ ഗോത്രത്തിനും പ്രത്യേകം ഭാഷയും ആചാരങ്ങളും സംസ്കാരങ്ങളും ഉണ്ട്. എന്നാൽ, പുറത്തുള്ള ആളുകളോട് മറ്റൊരു ഭാഷയിലാണ് അവർ സംസാരിക്കുന്നത്. അവർക്കൊരു ഗൂഢഭാഷയുണ്ട് എന്ന് പറയാം.
ജീവിതരീതിയിലും സംസ്കാരത്തിലും വളരെ വ്യത്യസ്തരായ മനുഷ്യരുടെ ഇടയിലേക്കാണ് പോകുന്നത്, ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായ ലോകമാണ് കാത്തിരിക്കുന്നത് എന്ന ധാരണയോടെ തന്നെയായിരുന്നു മിസോറമിലേക്ക് യാത്രതിരിച്ചത്. ആ ധാരണയെ ഉറപ്പിച്ചത് മിസോറമിലേക്ക് പോകാനായി എടുക്കേണ്ടിവന്ന ഇന്നർലൈൻ പെർമിറ്റ് കൂടിയാണ്. ഇന്ത്യക്കുള്ളിൽ തന്നെ ചില സംസ്ഥാനങ്ങൾ മാത്രം സന്ദർശിക്കാൻ പ്രത്യേക അനുമതി ആവശ്യമായ സമ്പ്രദായത്തിന്റെ പേരാണ് ഇന്നർലൈൻ പെർമിറ്റ്. അവിടുത്തെ സവിശേഷമായ സസ്യങ്ങളും കൃഷിരീതികളും ഗോത്ര പാരമ്പര്യവും സംരക്ഷിക്കുന്നതിനെന്ന പേരിലാണ് 1873 ‑ൽ ബ്രിട്ടീഷ്‌ സർക്കാർ ഈ സമ്പ്രദായം ആവിഷ്കരിച്ചത്. ഇത് പ്രകാരം ബ്രിട്ടീഷ്‌ ഇന്ത്യയിലെ ഏതൊരു പൗരനും മിസോ കുന്നുകളിൽ പ്രവേശിക്കാൻ രേഖകൾ ആവശ്യമായി വന്നു. അതുപോലെ താഴ്‌വരകളിലെ ജനങ്ങൾക്ക്‌ (അതായത് അസമിലെയും മറ്റും ജനങ്ങൾ) കുന്നുകളിലേക്ക് താമസം മാറുന്നതിനും വിലക്കേർപ്പെടുത്തി. യഥാർത്ഥത്തിൽ 1873 ‑ലെ Ben­gal East­ern Fron­tier Reg­u­la­tion നിയമം പ്രകാരമാണ് ILP കൊണ്ടുവരുന്നത്. അവിടുത്തെ തേയില, എണ്ണ, ആന എന്നിവ വേറേ ആളുകൾ അവിടെ നിന്നും മറ്റിടങ്ങളിലേക്ക് കൊണ്ടുപോകാതിരിക്കാൻ വേണ്ടി ബ്രിട്ടീഷുകാർ ചെയ്തതാണിത്. ഇത് അവരുടെ ഒരു കച്ചവട തന്ത്രം മാത്രമായിരുന്നു.
പക്ഷെ 1950‑ൽ ഇന്ത്യൻ സർക്കാർ ഇതിൽ മാറ്റം വരുത്തി ഇന്ത്യൻ പൗരൻ എന്നെല്ലാമാക്കി മാറ്റി. എങ്കിലും സ്വതന്ത്ര ഇന്ത്യയിലും മിസോറമിലേക്ക് പ്രവേശിക്കാൻ ILP ആവശ്യമാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും മിസോറം യാത്രികരുടെ ഡ്രീം ഡെസ്റ്റിനേഷനാണ്. ഏതു പെർമിറ്റെടുത്തും ഇവിടം സന്ദർശിക്കാൻ ആളുകൾ എത്തുന്നുണ്ട്. വന്നിറങ്ങിയപ്പോൾ ഇവിടം എനിക്കും സ്വപ്നസമാനമായിത്തോന്നി. മേഘങ്ങൾക്ക് ഇടയിലൂടെ സ്വർഗത്തിലേക്കാണോ യാത്ര എന്ന് തോന്നുന്ന വിധത്തിൽ ഉള്ള കാഴ്ച്ചകൾ… മനുഷ്യരുടെ വസ്ത്രങ്ങൾ കാണുമ്പോൾ ഏതോ വിദേശരാജ്യത്തെത്തിയെന്ന തോന്നൽ. റോഡുകളുടെ വൃത്തിയും സംസ്കാരവും കാണുമ്പോൾ അതുവരെ കേരളമെന്ന് അഭിമാനിച്ചിരുന്നതിൽ നിന്ന് നമ്മൾ എത്രയോ ഇനിയും മുന്നോട്ട് പോകാനുണ്ടെന്ന ഓർമ്മപ്പെടുത്തൽ. പുറമെ കാണുന്ന കാഴ്ചകൾ മാത്രമല്ല ഓരോ നാട്ടിലെയും മനുഷ്യരുടെ ജീവിതമെന്ന് കഴിഞ്ഞ പത്തുവർഷത്തെ പല സംസ്ഥാനങ്ങളിലായുള്ള ജീവിതം പഠിപ്പിച്ചിരുന്നതുകൊണ്ട് മിസോറം അനുഭവങ്ങളിലേക്ക് ഊളിയിടുമ്പോൾ സൂക്ഷ്മമായ ശ്രദ്ധപുലർത്തിയിരുന്നു.
ഒരു അനുഭവം പറയാം. ഓഫീസിലെ ചെറിയ സംസാരങ്ങളിൽ മിസോറം മിസോകളുടെയാണ്, അല്ലാതെ ന്യൂനപക്ഷമായ ബുദ്ധമതവിശ്വസികളുടെയല്ലെന്ന വാദം കേൾക്കാനിടയായി. ഇവിടെ മറ്റുള്ളവർക്ക് എന്തിനാണ് ഇത്ര അവകാശങ്ങളെന്നും അവർക്ക് ആനുകൂല്യങ്ങൾ അധികം നൽകേണ്ടെന്നുമാണ് ചിലർ വാദിക്കുന്നത്. എന്താണ് ഇവർ പറയുന്നതെന്ന് മനസ്സിലാക്കാൻ അധികസമയം എടുത്തില്ല. ഇതേ വാക്കുകൾ മറ്റു പല രീതിയിൽ പലപ്പോഴും കേട്ടിട്ടുണ്ട്. അത് ചിലപ്പോൾ നിറത്തെ കുറിച്ചായിരിക്കും ചിലപ്പോൾ ജാതിയും മറ്റു ചിലപ്പോൾ പണവും. അതുകൊണ്ടാവും യാതൊരു അത്ഭുതവും പ്രകടിപ്പിക്കാതെ കേട്ടിരിക്കാൻ പറ്റിയത്. ഇന്ത്യൻ ഭരണഘടനയിൽ ന്യൂനപക്ഷം എന്ന വാക്കിന് ഒരു നിർവചനം കൊടുത്തിട്ടില്ലെങ്കിലും ഭരണഘടനയിൽ അനേകം പ്രാവശ്യം ന്യൂനപക്ഷം എന്ന പദം ഉപയോഗിക്കുകയും അതിന്റെ അർത്ഥം കൃത്യമായി വിവക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഒരു രാജ്യത്തിന്റെ മൊത്തം ജനസംഖ്യയിൽ മതത്തിന്റെയോ ജാതിയുടേയോ ഭാഷയുടേയോ അടിസ്ഥാനത്തിൽ ഭൂരിപക്ഷമെന്നും ന്യൂനപക്ഷമെന്നും ജനതയെ തിരിക്കുന്നു. അങ്ങനെ നോക്കുമ്പോൾ അവിടെയും ഭൂരിപക്ഷ — ന്യൂനപക്ഷ വിഭജനം ഉണ്ടാകുന്നു. ന്യൂനപക്ഷങ്ങളുടെ രാജ്യസ്നേഹത്തെ ചോദ്യംചെയ്തും ‘പാകിസ്ഥാനിലേക്ക് നാടുകടത്തു’ മെന്ന് ആക്രോശിച്ചും വിവിധ രൂപത്തിലും ഭാവത്തിലും ഹിന്ദുത്വവാദികളെ മാത്രമാണ് മുൻപ് പരിചയമുള്ളത്. പക്ഷേ, എവിടെയൊക്കെയാണെങ്കിലും ഭൂരിപക്ഷമുള്ള മനുഷ്യരുടെ മനസികാവസ്ഥക്ക് വലിയ മാറ്റങ്ങൾ ഉണ്ടാകില്ലെന്ന് തോന്നി. തങ്ങളുടെ ഇടത്തെയും സൗകര്യങ്ങളെയും കവർന്നെടുക്കാൻ വന്നവർ എന്ന രീതിയിൽ അല്ലാതെ ന്യൂനപക്ഷത്തെ കാണാൻ ഇന്നും സാധിക്കാത്ത മനുഷ്യരുടെ ലോകത്തിന്റെ ഭാഗം തന്നെയാണല്ലോ ഇവിടവും. അങ്ങനെയാണ് മിസോറമിൽ നിലനിൽക്കുന്ന ചില അനീതികൾ ശ്രദ്ധയിൽപ്പെടുന്നത്. മറ്റു സംസ്ഥാനങ്ങളിൽ ദളിതന്റെ സ്ഥാനം ഗ്രാമത്തിനു പുറത്താണെങ്കിൽ മിസോറമിൽ അന്യമതസ്ഥരുടെ ജീവിതം കൂടുതലും അതിർത്തിയോടു ചേർന്നായിരിക്കും. ക്രിസ്തുമത വിശ്വാസിയല്ലാത്തതിന്റെ മുഴുവൻ ബുദ്ധിമുട്ടും ഈ മനുഷ്യർ സഹിക്കേണ്ടിവരും. പരിശീലനത്തിന് വന്ന ബ്രൂ കമ്മ്യൂണിറ്റിയിലെ ഒരു പെൺകുട്ടി തന്റെ അസ്തിത്വം പുറത്തുപറയാതെയിരിക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോഴാണ് ന്യൂനപക്ഷം അനുഭവിക്കുന്ന പ്രശ്നങ്ങൾ എന്നതിന്റെ വ്യാപ്തി കൂടുതൽ മനസ്സിലായത്.

ഇവിടെ വന്നശേഷം ഏറ്റവും കൂടുതൽ വേദന ഉണ്ടാക്കിയത് ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള മിസോറമിലെ മനുഷ്യർ ഏറ്റവും അധികം മരിക്കുന്നത് ചികിത്സ കിട്ടാതെയാണ് എന്നറിഞ്ഞപ്പോഴാണ്. ഗ്രാമങ്ങളിൽ നിന്ന് മണിക്കൂറുകൾ യാത്ര ചെയ്താൽ മാത്രം എത്തുന്ന ആശുപത്രികൾ. ജില്ലാതലത്തിൽ പോലും സ്കാനിങ് സൗകര്യമോ വിദഗ്ധ ചികിത്സയോ ലഭിക്കാത്ത ഇവർക്ക് ഒരു രോഗം വന്നാൽ അതിജീവിക്കാനാകും എന്ന് പ്രതീക്ഷിക്കാൻ പോലുമാകില്ലല്ലോ. വൈദ്യുതി പോയാൽ വരുന്നത് ദിവസങ്ങൾക്ക് ശേഷം. ഒരു ചെറിയ മഴ പെയ്താൽ പോലും മലയിടിച്ചിൽ കൊണ്ട് ഉണ്ടാകുന്ന അപകടങ്ങൾ വേറെയും. പുകയില ഉപയോഗം അതിഭീകരമാണ്. ഏറ്റവും കൂടുതൽ എയ്ഡ്സ് രോഗികളും ഇവിടെത്തന്നെ.
നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളുടെ ഭംഗി മാത്രം ചർച്ച ചെയുന്ന മാധ്യമങ്ങൾ വികസനം എന്ന വാക്ക് കൂടി ചേർത്തുവെച്ചിരുന്നെങ്കിൽ ഇത്തരമൊരവസ്ഥ ഉണ്ടാകില്ല. അടിയന്തരപരിഹാരം ആവശ്യമുള്ള പല പ്രശ്നങ്ങളും ഇവിടെ നിലനിൽക്കുന്നുണ്ട് എന്നത് ശ്രദ്ധയിൽപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് തോന്നുന്നു. മിസോറമിലെ ജനങ്ങളുടെ ജീവിതനിലവാരം ഇങ്ങനെത്തന്നെ തുടരുന്നത് അധികാരികളുടെയും മതനേതാക്കളുടെയും സ്ഥാപിത താൽപര്യങ്ങളെ സംരക്ഷിക്കുന്നുണ്ട് എന്നുവേണം കരുതാൻ.

കടന്നുപോയ ദിനങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ പുതിയ അറിവുകളും അനുഭവങ്ങളും നന്ദിപൂർവ്വം എടുത്തുവയ്ക്കുന്നു. മുന്നോട്ടുള്ള വഴികളിലേക്ക് കൂടുതൽ മനുഷ്യ സാകല്യം സാധ്യമാകുന്നതിലേക്കുള്ള ഈടുവെപ്പുകളായി. എങ്കിലും മുള്ളുവേലികൾ, പതിതത്വം, വെറുപ്പും അപമാനവും ഭയന്ന ദൈന്യതകൾ ഒക്കെ കാണുമ്പോൾ മലയാള കവിതയിൽ കേട്ട ഒരു വിമോചനസ്വരം ഓർമ്മ വരും.
“എങ്ങു മനുഷ്യനു ചങ്ങല കൈകളി-
ലങ്ങെൻ കയ്യുകൾ നൊന്തീടുകയാ-
ണെങ്ങോ മർദ്ദന,മവിടെ പ്രഹരം
വീഴുവതെന്റെ പുറത്താകുന്നു.”
വേദനകൾ കാണുമ്പോൾ നോവുന്ന, പ്രതിരോധമുയർത്താൻ വെമ്പുന്ന ഒരെന്നെ കൈമോശം വന്നിട്ടില്ല എന്ന ആശ്വാസം കൂടിയാണ് ഈ യാത്രയുടെയും ധന്യത.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.