പ്രിയ രമണിക്കെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബര്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തു

Web Desk
Posted on October 15, 2018, 6:26 pm

പ്രിയ രമണിക്കെതിരെ മാനനഷ്ട കേസ്,സത്യം കൊണ്ട് നേരിടുമെന്ന്  പ്രിയ രമണി . മീടു വെളിപ്പെടുത്തല്‍ നടത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകക്കെതിരെയാണ്  കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തത്.

ദില്ലി പട്യാല കോടതിയിലാണ് ഹര്‍ജി നല്‍കിയത്. മാനനഷ്ട കേസിനെ സത്യം കൊണ്ട് നേരിടുമെന്നും പ്രിയ രമണി അറിയിച്ചു.

അക്ബറിനെതിരായ ആരോപണങ്ങളില്‍ ഉറച്ച്‌ നില്‍ക്കുന്നതായി അഞ്ച് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

അക്ബറിനെതിരെ പരാതി നല്‍കുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നതായി ഏഷ്യന്‍ ഏജ് റസിഡന്റ് എഡിറ്റര്‍ സുപര്‍ണ ശര്‍മ്മ പറഞ്ഞു.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി സ്ഥാനം നഷ്ടപ്പെടാതിരിക്കാനുള്ള അവസാന വട്ട ശ്രമത്തിലാണ് എം.ജെ.അക്ബര്‍.

എഡിറ്ററായിരിക്കെ പീഡിപ്പിച്ചുവെന്ന് ആദ്യം വെളിപ്പെടുത്തിയത്  പ്രിയ രമണിയാണ്.

അക്ബര്‍ അടിവസ്ത്രത്തിന്റെ സ്ട്രാപ്പ് വലിച്ച്‌ ശല്യം ചെയ്തുവെന്ന് വെളിപ്പെടുത്തിയ സുപര്‍ണ ശര്‍മ്മ ഇപ്പോള്‍ ഏഷ്യന്‍ ഏജിന്റെ ദില്ലി റസിഡന്റ് എഡിറ്ററാണ്.

പറഞ്ഞതില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്ന അവരും വ്യക്തമാക്കി. നിയമപരമായി നടപടി സ്വീകരിക്കാന്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തുന്നതായും സുപര്‍ണ അറിയിച്ചു.

തിരഞ്ഞെടുപ്പ് രാഷ്ട്രിയമാണ് മീടു പ്രചാരണത്തിന് പിന്നിലെന്ന അക്ബറിന്റെ ആരോപണത്തെ വിദേശ വനിതാ മാധ്യമ പ്രവര്‍ത്തക മജിലി ദേ പോ തള്ളി കളഞ്ഞു.

ഇന്ത്യന്‍ പൗരയല്ലാത്ത തനിക്ക് രാഷ്ട്രിയം  കളിക്കേണ്ട ആവശ്യമില്ല. എന്ന് മാത്രമല്ല ലൈംഗിക അതിക്രമത്തക്കുറിച്ച്‌ അക്ബറിനോട് തന്റെ പിതാവ് മെയില്‍ മുഖേന ചോദിക്കുകയും അതിന് അക്ബര്‍ നല്‍കിയ മറുപടിയും തെളിവായുണ്ട്.

2007ല്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുമ്പോള്‍ അക്ബര്‍ ബലമായി ചുംബിച്ചുവെന്നായിരുന്നു വിദേശ മാധ്യമ പ്രവര്‍ത്തകയുടെ പരാതി.

ഫ്രീലാന്‍സ് ജേണലിസ്റ്റ് കനിഹ ഗെലോട്ട്,ശുതാപ പോള്‍ തുടങ്ങിയവരും നിലപാടില്‍ ഉറച്ച്‌ നില്‍ക്കുന്നതായി അറിയിച്ചു.