പ്രശസ്ത ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ അന്തരിച്ചു

Web Desk
Posted on July 12, 2019, 8:56 pm

തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.  എഴുപത്തഞ്ചോളം ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചു. ദേശാടനം, കരുണം, നാലു പെണ്ണുങ്ങള്‍ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. ഇദ്ദേഹം ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രങ്ങള്‍ കാന്‍, ടൊറന്റോ, ചിക്കാഗോ, റോട്ടര്‍ഡാം ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചു. മരണസിംഹാസനം എന്ന ചിത്രം കാന്‍ പുരസ്‌കാരം നേടി. ഷാജി എന്‍.കരുണ്‍ ഒരുക്കിയ ‘ഓള്’ ആണ് അവസാന ചിത്രം.

പ്രശസ്ത ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

സിനിമോട്ടോഗ്രാഫിയെ അക്കാദമിക മികവിലേക്ക് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച കലാകാരനായിരുന്നു എം.ജെ.രാധാകൃഷ്ണനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സിനിമ മികച്ച ദൃശ്യാനുഭവമാക്കുന്നതില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ ശ്രദ്ധേയമാണ്. ചലച്ചിത്രമേഖലയ്ക്ക് അദ്ദേഹത്തിന്റെ നിര്യാണം വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.