പൂനിലാ പ്രഭയില്‍

Web Desk
Posted on March 18, 2018, 1:57 am

ജി ബാബുരാജ്

പൗര്‍ണമി ചന്ദ്രന്റെ പൂനിലാപ്രഭയിലാണ് എം കെ അര്‍ജുനന്‍ മാസ്റ്റര്‍. ‘കറുത്ത പൗര്‍ണമി‘യില്‍ ചലച്ചിത്ര സംഗീതയാത്ര തുടങ്ങിയ അര്‍ജുനന്‍ മാസ്റ്റര്‍ക്ക് സുവര്‍ണ ജൂബിലിനിറവില്‍ സംസ്ഥാന അവാര്‍ഡ് സമ്മാനിച്ചതും ഒരു പൂനിലാവ് തന്നെ. പൗര്‍ണമി ചന്ദ്രന്‍ ഭാഗ്യരാശിയായി ഇപ്പോഴുമുണ്ട്, മാസ്റ്റര്‍ക്കൊപ്പം 1968 മാര്‍ച്ചില്‍ പുറത്തിറങ്ങിയ ‘കറുത്ത പൗര്‍ണമി‘യിലൂടെ ചലച്ചിത്ര സംഗീതത്തിന്റെ പൂമരച്ചില്ലയില്‍ കൂടുകൂട്ടിയ അര്‍ജുനന്‍ മാസ്റ്റര്‍ക്ക് മികച്ച സംഗീതസംവിധായകനുള്ള ആദ്യ ബഹുമതി നേടിക്കൊടുത്തതും ഒരു പൂനിലാവാണെന്നത് യാദൃച്ഛികമാവാം.
കറുത്ത പൗര്‍ണമിക്കു പിന്നാലെ ഇറങ്ങിയ റസ്റ്റ് ഹൗസിലെ ”പൗര്‍ണമി ചന്ദ്രിക തൊട്ടുവിളിച്ച പത്മരാഗം പുഞ്ചിരിച്ചു” എന്ന ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ സൂപ്പര്‍ഹിറ്റാക്കിയ വിരലുകള്‍ തന്നെയാണ് അവാര്‍ഡ് ചിത്രമായ ജയരാജിന്റെ ‘ഭയാനക’ത്തിനും സംഗീതമൊരുക്കിയത്.
”നിന്നെ തൊടും പൂനിലാവ്…” എന്ന് തുടങ്ങുന്ന ഗാനം ഉള്‍പ്പെടെ ആ ചിത്രത്തിലെ മൂന്ന് പാട്ടുകളും ശ്രീകുമാരന്‍ തമ്പിയുടെ വരികളാണെന്നത് മറ്റൊരു യാദൃച്ഛികത.
കുടുംബസുഹൃത്തായിരുന്ന അഗസ്റ്റിന്‍ ജോസഫ് ഭാഗവതരുടെ മകനായ യേശുദാസിന്റെ ശബ്ദം ഫോര്‍ട്ട്‌കൊച്ചിയിലെ ഒരു സുഹൃത്തിന്റെ ടേപ്പ് റെക്കാര്‍ഡില്‍ ആദ്യമായി റെക്കാഡ് ചെയ്ത അര്‍ജുനന്‍ മാസ്റ്ററുടെ അവാര്‍ഡ് ചിത്രത്തിലെ മൂന്ന് ഗാനങ്ങളും പാടിയത് നവാഗത ഗായകരാണെന്നത് വേറൊരു സവിശേഷത.
യേശുദാസും ജയചന്ദ്രനും ബ്രഹ്മാനന്ദനും പി ബി ശ്രീനിവാസും മുതല്‍ ജി വേണുഗോപാല്‍ വരെ നീളുന്ന ഗായകരും എസ് ജാനകി, പി ലീല, മാധുരി, വാണി ജയറാം, പി സുശീല, കെ എസ് ചിത്ര, സുജാത തുടങ്ങിയവരും അനശ്വരമാക്കിയ അര്‍ജുനന്‍ മാസ്റ്ററുടെ ഹിറ്റുകള്‍ നിരവധിയാണ്. ആ നിരയിലേയ്ക്കാണ് ‘ഭയാനകം’ എന്ന ചിത്രത്തിലൂടെ ഡോ. രശ്മി മധു, കലാഭവന്‍ സാബു, സോബു ആലത്തൂര്‍, അഭിജിത്ത് വിജയന്‍ എന്നീ ഗായകരെ എം കെ അര്‍ജുന്‍ മാസ്റ്റര്‍ അവതരിപ്പിക്കുന്നത്.
”നിന്നെ തൊടും പൂനിലാവ്.…” എന്ന ഗാനം ഡോ. രശ്മിയും
”വടക്കനാം മാനത്തോപ്പില്‍…” എന്ന് തുടങ്ങുന്ന ഗാനം കലാഭവന്‍ സാബു, സോബു എന്നിവര്‍ ചേര്‍ന്നും
”കുട്ടനാടന്‍ കാറ്റ് ചോദിക്കുന്നു…” എന്ന ഗാനം അഭിജിത്തും പാടിയിരിക്കുന്നു.
‘കറുത്ത പൗര്‍ണമി‘യില്‍ പി ഭാസ്‌കരന്റെ മാന്ത്രിക വരികള്‍ക്ക് ഈണമിടുമ്പോള്‍ അര്‍ജുനന്‍ മാസ്റ്റര്‍ക്ക് പ്രായം മുപ്പത് കഴിഞ്ഞിട്ടേയുള്ളൂ. ആവേശത്തോടെ ഓടിനടന്ന് സംഗീതം ചെയ്യുന്ന കാലം. ദാരിദ്ര്യവും പ്രാരാബ്ധവും നിറഞ്ഞ ബാല്യകാലം കടന്ന് ജീവിതം പച്ചപിടിച്ചു തുടങ്ങിയ നാളുകള്‍. അവാര്‍ഡുകളും അംഗീകാരങ്ങളും ആരും ആഗ്രഹിച്ചുപോവുന്ന പ്രായം. അക്കാലത്ത് ഈണമിട്ട ഏഴെട്ടു പാട്ടുകളെങ്കിലും സംസ്ഥാന അവാര്‍ഡ് ജൂറിയുടെ ശ്രദ്ധയില്‍പ്പെടുമെന്ന് മാസ്റ്റര്‍ വെറുതെയെങ്കിലും വിചാരിച്ചിരുന്നു.
”പാടാത്ത വീണയും പാടും.…”
”കസ്തൂരി മണക്കുന്നല്ലോ കാറ്റേ…”
”വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി…”


”ദ്വാരകേ… ദ്വാരകേ…”, ”അനുരാഗമേ…” എന്നിങ്ങനെ ഒരുപിടി മനോഹര ഗാനങ്ങളുണ്ട് ആ നിരയില്‍ ‘കറുത്ത പൗര്‍ണമി’ മുതല്‍ 2011 ല്‍ പുറത്തിറങ്ങിയ ജയരാജിന്റെ ‘നായിക’ വരെ ഇരുന്നൂറോളം സിനിമകള്‍ക്കായി എഴുന്നൂറോളം പാട്ടുകള്‍. കെപിഎസിയുടെ ‘സീതായനം’ വരെ നാടകഗാനങ്ങള്‍ ആയിരത്തിനുമേലെ വരും. ”സംഗീതാസ്വാദകരുടെ അംഗീകാരവും ആദരവും ഏറെ ലഭിച്ചു. അതാണല്ലോ ഏറ്റവും വലിയ ബഹുമതി എന്നേ ഞാന്‍ കരുതിയിട്ടുള്ളൂ. അമ്പതുവര്‍ഷം കഴിഞ്ഞിട്ടായാലും സംസ്ഥാന അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷം. നേരത്തേ ലഭിക്കാത്തതില്‍ ദുഃഖവുമില്ല.” തികഞ്ഞ സാത്വികഭാവത്തില്‍ അര്‍ജുനന്‍ മാസ്റ്റര്‍ പറയുന്നു.
പി ഭാസ്‌കരന്‍, ഒഎന്‍വി, വയലാര്‍, ചുനക്കര രാമന്‍കുട്ടി, പൂവച്ചല്‍ ഖാദര്‍, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, പാപ്പനംകോട് ലക്ഷ്മണന്‍, കാവാലം, ഭരണിക്കാവ് ശിവകുമാര്‍, ആര്‍ കെ ദാമോദരന്‍ എന്നിങ്ങനെ നിരവധി ഗാനരചയിതാക്കളുടെ വരികള്‍ക്ക് ഈണമിട്ടിട്ടുണ്ടെങ്കിലും ശ്രീകുമാരന്‍ തമ്പിയുമൊത്തുള്ള കൂട്ടുകെട്ടാണ് അര്‍ജുനന്‍ മാഷിന്റെ ഗാനങ്ങളെ ഏറെ ജനപ്രിയമാക്കിയത്.
ആദ്യചിത്രമായ ‘കറുത്ത പൗര്‍ണമി’ കഴിഞ്ഞ് തിളങ്ങി നില്‍ക്കുന്ന നാളുകളിലാണ് ശ്രീകുമാരന്‍ തമ്പി നിര്‍മാതാവ് കെ പി കൊട്ടാരക്കരയ്ക്ക് എം കെ അര്‍ജുനനെ പരിചയപ്പെടുത്തിയത്. അദ്ദേഹം ‘റസ്റ്റ് ഹൗസ്’ എന്ന പുതിയ ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു. ‘പൗര്‍ണമി ചന്ദ്രിക തൊട്ടുവിളിച്ചു’, ‘പാടാത്ത വീണയും പാടും’, ‘യദുകുല രതിദേവനെവിടെ’ എന്നിങ്ങനെ റസ്റ്റ്ഹൗസില്‍ മാസ്റ്റര്‍ സംഗീതമൊരുക്കിയ പാട്ടുകളെല്ലാം സൂപ്പര്‍ ഹിറ്റായതോടെ അര്‍ജുനന്‍ മാസ്റ്ററുടെ സംഗീത യാത്രയിലെ പൂനിലാപ്രഭ വിടരുകയായിരുന്നു.
അമ്പതോളം സിനിമകളിലായി ഇരുന്നൂറിലേറെ ഗാനങ്ങളാണ് ഈ കൂട്ടുകെട്ടില്‍ വിരിഞ്ഞത്. ‘ദുഃഖമേ നിനക്ക് പുലര്‍കാല വന്ദനം’, ‘കസ്തൂരി മണക്കുന്നല്ലോ’, ‘രണ്ട് നക്ഷത്രങ്ങള്‍ കണ്ടുമുട്ടി’, ‘ചെട്ടിക്കുളങ്ങര ഭരണിനാളില്‍’, ‘തിരുവോണ പുലരിതന്‍’, ‘നിന്‍മണിയറയിലെ നിര്‍മാല ശയ്യയിലെ’ എന്നിങ്ങനെ എണ്ണം പറയാനാവാത്ത ആ ഹിറ്റുകള്‍ ഇന്നും മലയാളികള്‍ക്ക് പ്രിയങ്കരം തന്നെ. ഏറ്റവുമൊടുവില്‍ 2011 ല്‍ ‘നായിക’യ്ക്കു വേണ്ടി സംഗീതമൊരുക്കിയപ്പോഴും വരികള്‍ ശ്രീകുമാരന്‍ തമ്പിയുടേതായിരുന്നു.
ചലച്ചിത്രങ്ങളുടെ തിരക്കുകളില്‍ നിന്നകന്ന് നാടകസംഗീതത്തിന്റെ തിരക്കില്‍ നില്‍ക്കുമ്പോഴാണ് അര്‍ജുനന്‍ മാസ്റ്റര്‍ക്ക് ചലച്ചിത്ര സംഗീതത്തിന്റെ സുവര്‍ണ ജൂബിലി ഉപഹാരമായി സംസ്ഥാന അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.
പളനിയില്‍ ആശ്രമജീവിതം നയിച്ചിരുന്ന ബാല്യകാലത്ത് ഗുരുനാഥനായ കുമാരയ്യപിള്ള ഭാഗതവര്‍ നല്‍കിയ അനുഗ്രഹമാണ് ഇന്നും അര്‍ജുനന്‍ മാസ്റ്ററുടെ ആത്മബലം. ”നീ സംഗീതം കൊണ്ടു ജീവിക്കും മകനേ” എന്നായിരുന്നു അനുഗ്രഹം. അത് ഫലിച്ചു. നാടകവും സിനിമയുമായി അറുപത് വര്‍ഷം. 82ന്റെ പടിവാതില്‍ക്കലെത്തിയ മാസ്റ്റര്‍ക്ക് ജീവിതം ധന്യം.