19 April 2024, Friday

Related news

July 17, 2023
July 8, 2023
June 30, 2023
May 24, 2023
November 8, 2022
November 6, 2022
November 4, 2022
September 19, 2022
September 17, 2022
July 16, 2022

മുസ്‍ലിം ലീഗിലെ ചേരിപ്പോര് രൂക്ഷമാകുന്നു; കെ എം ഷാജിക്ക് പിന്തുണയുമായി എം കെ മുനീര്‍

Janayugom Webdesk
കോഴിക്കോട്
September 17, 2022 8:39 pm

പരസ്യ വിമർശനത്തിന്റെ പേരിൽ മുസ്ലിംലീഗിൽ ഒരു വിഭാഗം നേതാക്കളുടെ കടുത്ത അതൃപ്തിക്ക് വിധേയനായ കെ എം ഷാജിക്ക് പിന്തുണയുമായി എം കെ മുനീർ എംഎൽഎ രംഗത്ത്. ഷാജിയുടെ പ്രസ്താവനയുടെ പേരിൽ മുസ്ലിം ലീഗിൽ പൊട്ടിത്തെറി ഉണ്ടാകില്ലെന്നും ഷാജി കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നയാളാണെന്നും മുനീർ പറഞ്ഞു. ഷാജിയുടെ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രമാണ് പുറത്തുവന്നത്. ഷാജിക്കെതിരായ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിന്റെ പരാമർശം ഫിറോസ് ഉൾപ്പെടെ എല്ലാവർക്കും ബാധകമാണെന്നും മുനീർ വ്യക്തമാക്കി.

ഷാജിക്കെതിരെ പരോക്ഷ വിമർശനവുമായി പി കെ ഫിറോസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മുസ്ലിം ലീഗ് ഒരു വടവൃക്ഷമാണെന്നും യൂത്ത് ലീഗ് ആ വടവൃക്ഷത്തിന്റെ തണലിൽ ഉറച്ച് നിൽക്കുമെന്നുമാണ് പി കെ ഫിറോസ് പറഞ്ഞത്.
വടവൃക്ഷത്തിന്റെ കൊമ്പിൽ കയറി കസർത്ത് കളിക്കാൻ ചിലർ ശ്രമിക്കുകയാണ്. എന്നാൽ കൊമ്പിൽ നിന്ന് താഴെ വീണാൽ പരിക്കേൽക്കുന്നത് വീഴുന്നവർക്കാവുമെന്നായിരുന്നു ഫിറോസിന്റെ ആക്ഷേപം. മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിലെ വിമർശനത്തിൽ കെ എം ഷാജിയുടെ പ്രതികരണത്തിന് പിന്നാലെയായിരുന്നു ഫിറോസിന്റെ മറുപടി. പാർട്ടിക്കുള്ളിലെ വിമർശനം കേട്ട് താൻ പാർട്ടി വിട്ട് ശത്രുപാളയത്തിലേക്ക് പോകുമെന്ന് ആരും കരുതേണ്ടെന്നായിരുന്നു ഇതിന് കെ എം ഷാജി മസ്കറ്റിലെ കെഎംസിസി വേദിയിൽ മറുപടി പറഞ്ഞത്.

മലപ്പുറത്ത് ചേർന്ന മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗത്തില്‍ ഒട്ടേറെ നേതാക്കൾ ഷാജിക്കെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. കെ എം ഷാജി തെറ്റിദ്ധാരണയുണ്ടാക്കുന്ന വിധത്തിൽ പൊതുവേദികളിൽ പ്രസംഗിക്കുന്നുവെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി അടക്കമുള്ളവരെ അപമാനിക്കാൻ ശ്രമിച്ചെന്നും ആക്ഷേപമുയർന്നിരുന്നു. പാർട്ടി വേദികളിലല്ലാതെ പാർട്ടിക്കെതിരെ സംസാരിക്കുന്നുവെന്ന് ആരോപിച്ച് കെ എം ഷാജിയോട് വിശദീകരണം തേടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിബാഹ് തങ്ങളും വ്യക്തമാക്കിയിരുന്നു. ലീഗിൽ ഷാജിക്കെതിരെ പി കെ കുഞ്ഞാലിക്കുട്ടി പക്ഷമാണ് കരുക്കള്‍ നീക്കുന്നത്. ഷാജിയുടെ പരാമർശങ്ങൾ പലതും നേതാക്കളെ പ്രതിരോധത്തിലാക്കുകയാണെന്ന് പ്രവർത്തകസമിതിയിൽ വിമർശനം ഉയർന്നിരുന്നു.

പത്ര‑ദൃശ്യമാധ്യമങ്ങൾ, പൊതുവേദികൾ, സമൂഹമാധ്യമങ്ങൾ എന്നിവിടങ്ങളിൽ പാർട്ടിക്കെതിരെ വിമർശനം ഉന്നയിക്കുന്നതിന് തടയിടാനും ലീഗ് യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി അഞ്ചംഗ സമിതിയെ നിയോഗിക്കും. അടുത്തമാസം അഞ്ചിന് കോഴിക്കോട് ചേരുന്ന സംസ്ഥാന കൗൺസിലാണ് അച്ചടക്ക സമിതിയെ തീരുമാനിക്കുക.

Eng­lish Sum­ma­ry: MK Munir sup­ports KM Shaji
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.