17 April 2024, Wednesday

മതേതരത്വവും മൗലികാവകാശങ്ങളും മായുന്ന കാലം

പ്രൊഫ. എം കെ സാനു
തിരുവനന്തപുരം
August 15, 2021 9:04 am

നാടിന് സ്വാതന്ത്ര്യം കിട്ടിയ 1947 കാലഘട്ടത്തിൽ ഞാൻ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ഇന്റർമീഡിയറ്റ് വിദ്യാർത്ഥിയായിരുന്നു. സ്വാതന്ത്ര്യ പുലരി സ്വപ്നം കണ്ട് കഴിഞ്ഞ ഞാനും കൂട്ടുകാരും രാത്രിമുഴുവൻ റേഡിയോവാർത്തകൾ കേട്ടുകൊണ്ടിരുന്നു. ഒരു സ്വാതന്ത്ര്യഗാനത്തോടു കൂടിയാണ് അന്നത്തെ പ്രക്ഷേപണം ആരംഭിച്ചതെന്ന് ഇന്നും ഓർക്കുന്നു. പിറ്റേന്ന് ഇറങ്ങിയ പത്രങ്ങളിലെല്ലാം രാജ്യത്ത് വിടരുന്ന പുതുവസന്തത്തെക്കുറിച്ചും പുതിയ വെളിച്ചത്തെക്കുറിച്ചുമുള്ള വാർത്തകളായിരുന്നു. തൊട്ടടുത്ത ദിവസങ്ങളിലിറങ്ങിയ ഒരു ആഴ്ചപ്പതിപ്പിൽ ചങ്ങമ്പുഴ ഇങ്ങനെ എഴുതി. “ഇരുളൊക്കെയും പോയോ, പോകുമോ, നിലയ്ക്കുമോ തെരുവിൻ ഞരക്കങ്ങൾ. ? സ്വാതന്ത്ര്യം കിളിർക്കുമോ? ” കവിയുടെ അന്നത്തെ ആ സംശയം ഇന്നും പ്രസക്തമായി നിൽക്കുകയാണ്. ഓരോ ദിവസവും നാം സ്വയം ചോദിക്കുന്നു, ഇരുളൊക്കെയും പോയോ, നാട്ടിലെ പാവങ്ങളുടെ ദൈന്യത ഇല്ലാതായോ?

സ്വാതന്ത്ര്യലബ്ധിക്കു പിന്നാലെ ഭരണഘടന പ്രഖ്യാപിതമായപ്പോൾ വീണ്ടും പ്രത്യാശയുണർന്നു. ഇന്ത്യ മതേതര, ജനാധിപത്യ, സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആയി പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഞങ്ങളുടെ തലമുറ ഏറെ പ്രതീക്ഷിച്ചു. എന്നാൽ ആ പ്രതീക്ഷയും അധികനാൾ നീണ്ടുനിന്നില്ല. ഭരണാധികാരികളിൽ അധികാര മത്സരവും സ്വജനപക്ഷപാതവും എല്ലാത്തിലുമുപരി അഴിമതിയും ഒന്നിനൊന്ന് വർധിച്ചു. അതുകൊണ്ടുതന്നെയാണ് ദീർഘകാലം നാടുഭരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒന്നിനൊന്ന് പരിക്ഷീണമായതും ശിഥിലമായതും. ആ കക്ഷിയിൽ ആന്തരിക ജനാധിപത്യവുമില്ലാതായി. അത്തരമൊരു സാഹചര്യത്തിലാണ് മതരാഷ്ട്രം മാത്രം ലക്ഷ്യമായി കണ്ട ഒരു സംഘടന രാജ്യത്ത് വളർന്നുവന്ന് വേരുറപ്പിച്ചത്. മത തീവ്രവാദം അവർ പോഷിപ്പിച്ചു. ഇന്ന് ഇന്ത്യയിൽ ജാതി, മതം തുടങ്ങിയവ വളരെ വിനാശകരമായ വിചാരങ്ങളായി ജനങ്ങളിൽ ഉണർന്നിരിക്കുന്നു. മതേതരത്വം മഷിയിട്ട് നോക്കിയാൽ പോലും കാണാനില്ല. ഈ പ്രവണത തുടർന്നാൽ ഭരണഘടനയിലെ മൗലിക അവകാശങ്ങൾ വൈകാതെ മാഞ്ഞുപോയെന്നും വരാം. ആ ആശങ്കയാണ് തൊണ്ണൂറ് കഴിഞ്ഞ എന്നെ ഇന്ന് ബാധിച്ചിരിക്കുന്നത്. എങ്കിലും ഞാൻ ശുഭപ്രതീക്ഷ പുലർത്തുന്നു.

ഇപ്പോൾ ജനിക്കുന്ന പിഞ്ചുകുഞ്ഞുങ്ങൾ സ്വപ്നം കാണുന്നവരും സ്വപ്നം സാക്ഷാത്കരിക്കാൻ വെമ്പുന്നവരുമായി വളർന്നു വരുമെന്നും യൗവനത്തിന്റെ കരുത്താൽ അവർ സാഹോദര്യത്തിലും സമഭാവനയിലും അധിഷ്ഠിതമായ ഒരു രാഷ്ട്രം നിർമ്മിക്കുന്നതിന് സാഹസികമായി പരിശ്രമിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.

Eng­lish Sum­ma­ry: A time when sec­u­lar­ism and fun­da­men­tal rights are disappearing

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.