മാധ്യമപ്രവർത്തകയുടെ കൊലപാതകം: മാൾട്ട പ്രധാനമന്ത്രി രാജി വച്ചു

Web Desk
Posted on December 02, 2019, 2:44 pm

വലേറ്റ: മാൾട്ടയുടെ പ്രധാനമന്ത്രി ജോസഫ് മസ്ക്കറ്റ് രാജിവച്ചു. കുറ്റാന്വേഷണ പത്രപ്രവർത്തക ഡാഫെൻ കരൗന ഗലേഷ്യയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രാജ്യത്തുടലെടുത്ത രാഷ്ട്രീയ‑ഭരണഘടനയുടെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് രാജി.

ജനുവരി വരെ തുടരുമെന്ന് ഇദ്ദേഹം നേരത്തെ അറിയിച്ചിരുന്നെങ്കിലും ഉടൻ രാജി വയ്ക്കണമെന്ന് ഗലേഷ്യയുടെ കുടുംബം ആവശ്യപ്പെടുകയായിരുന്നു. കൊലപാതകത്തിൽ മസ്ക്കറ്റ് ഖേദം പ്രകടിപ്പിച്ചു. പുതിയ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

മസ്ക്കറ്റ് രാജി പ്രഖ്യാപിച്ച് കൊണ്ട് രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷം

ഈയൊരു പ്രശ്നം വച്ച് ആരും നമ്മുടെ രാജ്യത്തെ വിലയിരുത്തരുതെന്നും അദ്ദേഹം തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

ആയിരങ്ങളാണ് വലേറ്റയിലെ തെരുവുകളിൽ തടിച്ച് കൂടിയത്. മെഴുകുതിരിയും ദേശീയ പതാകയുമേന്തി വന്ന ഇവർ ദേശീയ ഗാനം ആലപിച്ചും തങ്ങളുടെ പ്രതിഷേധ പ്രകടനങ്ങൾ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.

2017 ഒക്ടോബറിലാണഅ കരൗന ഗലിസിയ കൊല്ലപ്പെട്ടത്. യാത്ര ചെയ്തിരുന്ന കാറിന്റെ ഡ്രൈവർ സീറ്റിനടിയിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. മസ്ക്കറ്റ് സർക്കാരിലെ ഉന്നതതലത്തിൽ നടക്കുന്ന അഴിമതികൾ പുറത്ത് കൊണ്ടുവന്നത് അവരായിരുന്നു.

തന്റെ രാജിക്കാര്യം ലേബർപാർട്ടിയുടെ അധ്യക്ഷനെ അറിയിച്ചിരുന്നുവെന്നും ജനുവരി 12ന് പുതിയ പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നതായും മസ്ക്കറ്റ് നേരത്തെ വ്യക്തമാക്കി. അതിന് ശേഷം രാജി വയ്ക്കാനായിരുന്നു അദ്ദേഹത്തിന്റെ നീക്കം. യൂറോപ്യൻ യൂണിയനിലെ ഏറ്റവും ചെറിയ രാജ്യമായ മാൾട്ടയുടെ ഭരണാധികാരിയായി അദ്ദേഹം ഏഴുവർഷം പൂർത്തിയാക്കുകയാണ്.

ഉടൻ രാജി വയ്ക്കണമെന്നും തങ്ങൾ നിയമനടപടികളിലേക്ക് നീങ്ങുകയാണെന്നും ഗലിസിയയുടെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. തങ്ങൾ പരാതി നൽകുമ്പോൾ പൊലീസിന് നിഷ്പക്ഷമായി അന്വേഷിക്കാൻ അത് ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം വലേറ്റയിലെത്തിയ യൂറോപ്യൻ യൂണിയൻ അംഗങ്ങൾ രാജ്യത്തെ ക്രമസമാധാന നില പരിശോധിച്ചു. കഴിഞ്ഞ ദിവസം കൊലപാതകവുമായി ബന്ധപ്പെട്ട് വിവിദ വ്യവസായി യോർഗെൻ ഫെനെഷെയെ അറസ്റ്റ് ചെയ്തിരുന്നു.