Janayugom Online
MN

എംഎന്‍ എന്ന രണ്ടക്ഷരം

Web Desk
Posted on November 25, 2018, 6:38 am

ചവറ കെ എസ് പിള്ള

എംഎന്‍ ‑എന്ന രണ്ടക്ഷരം
ജ്വലിക്കും ധീരോദാത്ത
കര്‍മയോഗിതന്‍ ശക്തി
മന്ത്രമായുണരുമ്പോള്‍
തിളയ്ക്കുന്നല്ലോ ചോര
ഇന്നാടിന്‍ സിരകളില്‍
തുടിക്കുന്നല്ലോയിന്നും
വിപ്‌ളവസ്മരണകള്‍.
മാനവവിമോചന
പോര്‍നിലങ്ങളില്‍ ജന-
നായക,നെളിയോര്‍ ത-
ന്നുറ്റവന്‍ പ്രിയങ്കരന്‍.
നിസ്വരാം നിരാലംബ
വര്‍ഗങ്ങളടിമകള്‍
കയ്പുനീര്‍ കുടിപ്പവര്‍
അഴിയാക്കെട്ടിന്നുള്ളില്‍
വീര്‍പ്പുമുട്ടുവോര്‍, വാഴ്‌വിന്‍
മധുരം കൊതിക്കുവോര്‍-
ക്കൊക്കെയും സമാശ്വാസ-
സ്‌നേഹമായ് നിറഞ്ഞവന്‍
സ്വന്തമായി മണ്ണുംവീടും
ഏവര്‍ക്കും- ചിരകാല
ബന്ധുര തങ്ക സ്വപ്ന
സാഫല്യവിധാതാവ്.
ദുഷ്പ്രഭുത്വത്തിന്‍ മുഷ്‌ക്കും
ആഢ്യത്വ ഗര്‍വ്വും, ചെങ്കോല്‍
കല്പന തിട്ടൂരങ്ങ-
ളന്ധമാമമധികാര
ജല്പനതമ്പേറടി
ക്ഷുദ്രമാം നിയമത്തിന്‍
ചാട്ടവാറടിയൊക്കെ
ചെറുത്തുതോല്പിച്ചവന്‍.
ഊഴിയില്‍ ചെറിയോര്‍ത-
ന്നുയിര്‍പ്പിന്‍ ഊഴങ്ങളെ
പോരിനാല്‍ നേടി, നാടിന്‍
നന്മകള്‍ വിളയിച്ചോന്‍.
ഇരവിന്‍ തലകൊയ്യും
അരിയോരരിവാളായ്
അമ്പിളിയുദിക്കുവാന്‍
അങ്കമാടിയ നാടിന്‍
സംഘശക്തിതന്‍ മുന്നില്‍
നിന്നുനീ നയിച്ചൊരാ
കര്‍മ്മധീരതയെന്നും
വിപ്‌ളവ ചരിത്രത്തില്‍
മിന്നിടുമധ്യായങ്ങള്‍
പിന്നിടും തലമുറ-
യ്‌ക്കൊക്കെയും സുവിശേഷം
കാലത്തിന്‍ വഴികാട്ടി.
പുഞ്ചിരി-കുലീനമാം
പുഞ്ചിരിയാത്മാവിന്റെ
പൊന്‍തിരിവെളിച്ചത്തി-
ലാമുഖം സൗമ്യോദാര
സുന്ദരം, ദീപ്തം, വട്ട-
ക്കണ്ണടയ്ക്കുള്ളില്‍ സ്‌നേഹ
നക്ഷത്രം വിരിയുന്നു
എംഎന്‍-ആ രണ്ടക്ഷരം
ഓര്‍മകള്‍ വിടര്‍ത്തിടും
സിന്ദൂരമലരുകള്‍
ഞങ്ങളില്‍ വിരിയുന്നു
കാഹളം മുഴങ്ങുന്നു.