എം എന്‍ ആധുനിക കേരള ശില്പികളില്‍ പ്രധാനി: കാനം

Web Desk
Posted on November 27, 2019, 9:41 pm

തിരുവനന്തപുരം: ആധുനിക കേരളത്തിന്റെ ശില്പികളില്‍ പ്രധാനിയായി പ്രവർത്തിച്ച വ്യക്തിത്വമാണ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാവായിരുന്ന എം എന്‍ ഗോവിന്ദന്‍ നായരെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എം എന്‍ അനുസ്മരണ സമ്മേളനവും കമ്മ്യുണിസ്റ്റ് ഇന്റര്‍നാഷണലിന്റെ നൂറാം വാര്‍ഷികാഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.   കമ്മ്യുണിസ്റ്റുകാർക്ക് ഒരിക്കലും മറക്കാനാവാത്ത നേതാവാണ് എം എൻ. കേരളത്തിൽ കമ്മ്യുണിസ്റ്റ് പ്രസ്ഥാനം ജനകീയമാക്കിയ നേതാക്കളിൽ ഒരാളായിരുന്ന അദ്ദേഹം കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തെ പുതിയ ദിശയിലേക്ക് നയിച്ചു. 1957‑ല്‍ ബാലറ്റു പേപ്പറിലൂടെ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെ അധികാരത്തിലെത്തിച്ച് ചരിത്രം സൃഷ്ടിച്ച നേതാവുകൂടിയായിരുന്നു അദ്ദേഹം. മികച്ച പാര്‍ലമെന്റേറിയന്‍, പ്രഗത്ഭനായ ഭരണാധികാരി എന്നീ നിലകളിലും അദ്ദേഹം തന്റെ പ്രാഗത്ഭ്യം തെളിയിച്ചു.

വികസനപ്രവർത്തനങ്ങളുടെ ജനപങ്കാളിത്തം എന്ന ആശയം ആദ്യമായി ഉന്നയിച്ചതും, ഐക്യകേരളം ദര്‍ശിച്ച ജനപങ്കാളിത്തത്തോടെയുള്ള ആദ്യ വികസന പദ്ധതി ‘ലക്ഷം വീട്’ നിര്‍മ്മാണത്തിലൂടെ യാഥാര്‍ഥ്യമാക്കിയതും എം എൻ ആണ്. ഉത്തരേന്ത്യയില്‍ ദളിതര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടപ്പോള്‍ പാര്‍ലമെന്റ് അംഗമായിരുന്ന അദ്ദേഹം നടത്തിയ പ്രക്ഷോഭം രാജ്യത്തെയാകെ ആവേശഭരിതമാക്കി. വര്‍ഗീയ ഫാസിസ്റ്റുകളുടെ ഭരണത്തില്‍ ആള്‍ക്കൂട്ട കൊലകളും ദളിത് കൊലകളും അരങ്ങേറുമ്പോള്‍ എം എന്‍ പകര്‍ന്ന സന്ദേശം പ്രസക്തമാണെന്നും കാനം പറഞ്ഞു.
ഇന്ന് കമ്മ്യുണിസ്റ്റ് ഇന്റർനാഷണൽ നിലനിൽക്കുന്നില്ലെങ്കിലും കമ്മ്യുണിസ്റ്റ് പാർട്ടികളുടെ സൗഹൃദവും ആശയങ്ങളും നിലനിൽക്കുന്നുണ്ട്. അതിന്റെ സൂചനയാണ് 51 പാർട്ടികൾ നടത്തിയ ഇരുപത്തിയൊന്നാം സാർവദേശീയ സമ്മേളനം. പഴയ കാലത്തെ ഓർമ്മകൾ മാത്രമല്ല പുതിയ പ്രതിസന്ധികളെ നേരിടാനുള്ള പരിശ്രമമാണ് കമ്മ്യുണിസ്റ്റുകാർ നടത്തിക്കൊണ്ടിരിക്കുന്നത്.

ലോകത്തെമ്പാടുമുള്ള കമ്മ്യുണിസ്റ്റ് പാർട്ടികൾ സമരം ചെയ്യുന്നത് മൂലധനശക്തികൾക്കെതിരെയും, അടിച്ചമർത്തുന്ന സാമ്രാജ്യത്വശക്തികൾക്ക് എതിരെയാണെന്നും കാനം പറഞ്ഞു.  സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ. കെ പ്രകാശ് ബാബു, സത്യന്‍ മൊകേരി, എഐടിയുസി ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന കൗണ്‍സില്‍ അംഗം വി പി ഉണ്ണികൃഷ്ണന്‍ സ്വാഗതവും മണ്ഡലം സെക്രട്ടറി വട്ടിയൂര്‍ക്കാവ് ശ്രീകുമാര്‍ നന്ദിയും പറഞ്ഞു. അനുസ്മരണ യോഗത്തിന് മുന്നോടിയായി പട്ടത്തെ എം എന്‍ പ്രതിമയില്‍ പുഷ്പചക്രം അര്‍പ്പിച്ചു.