Janayugom Online
M N Paloor

സൗമ്യം മധുരം ദീപ്തം.…

Web Desk
Posted on October 14, 2018, 8:07 am

കെ കെ ജയേഷ്

ജീവിതത്തിന്റെ കയ്പിലും പ്രതീക്ഷയുടെ വെള്ളിവെളിച്ചം എന്നും കാത്തുസൂക്ഷിച്ച കവിയായിരുന്നു എം എന്‍ പാലൂര്‍. ദുരന്തങ്ങളുടെയും വേദനകളുടെയും ഭൂതകാല ഓര്‍മ്മകള്‍ക്കിടയിലും ‘വെളുത്ത വാവിന്‍ നാളിലെ കടലുപോലെ’ ആ ജീവിതവും കവിതകളും മലയാളികള്‍ക്ക് മുമ്പില്‍ എന്നും തലയുയര്‍ത്തി നിന്നു. ജീവിതം മടുത്ത് ആത്മഹത്യയില്‍ അഭയം തേടാന്‍ വരെ പോയയാള്‍ പിന്നെ മലയാളം ആദരിക്കുന്ന കവിയായി മാറിയ അമ്പരപ്പിക്കുന്ന ജീവിതയാത്രയായിരുന്നു പാലൂരിന്റേത്.
വെളിച്ചം കടക്കാത്ത പഴയ തറവാട് വീടിന്റെ അകത്ത് തളം കെട്ടിയ ബാല്യകാലം.. മാനസികാസ്വാസ്ഥ്യമുള്ള അച്ഛന്‍… ഏഴ് പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളും അമ്മയും ചെറിയമ്മയും മുത്തശ്ശിയുമെല്ലാമടങ്ങുന്ന വലിയൊരു കുടുംബം. ഈ അന്തരീക്ഷത്തിലായിരുന്നു കവി എം എന്‍ പാലൂരിന്റെ ജീവിതം. പലപ്പോഴും മുഴുപ്പട്ടിണിയിലായ ദിവസങ്ങള്‍.. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത രാപ്പകലുകള്‍.. ഒന്നും സംഭവിക്കാതെ ദിവസങ്ങള്‍ പാലൂരിന് മുന്നില്‍ പൊഴിഞ്ഞു വീണുകൊണ്ടിരുന്നു. തന്റെ വേറിട്ട ശബ്ദം എവിടെയെങ്കിലും കേള്‍പ്പിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചെങ്കിലും ഒന്നിനും സാധിക്കാത്ത അവസ്ഥ… പക്ഷെ ജീവിതം വെറുതെ ജീവിച്ച് തീര്‍ക്കാന്‍ അദ്ദേഹം ഒരുക്കമല്ലായിരുന്നു. അങ്ങനെ വേദപഠനം പാതി വഴിയില്‍ ഉപേക്ഷിച്ച് ആചാരാനുഷ്ഠാനങ്ങളെ മാറ്റിയെറിഞ്ഞ് ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്ക് അദ്ദേഹം ഇറങ്ങിച്ചെന്നു. തുടക്കത്തിലെ തിരിച്ചടികളും പരാജയങ്ങളും പിന്നീട് വിജയത്തിലേക്ക് വഴിമാറി. വെല്ലുവിളികളെ ഒന്നൊന്നായി നേരിട്ട് തന്നെയാണ് അദ്ദേഹം ആധുനിക കവികളില്‍ തന്റേതായ ശബ്ദം അടയാളപ്പെടുത്തിയ കവികളിലൊരാളായി വളര്‍ന്നത്. പാലൂരിന്റെ അമ്മയുടെ വീടിന് സമീപത്താണ് ജി ശങ്കരക്കുറുപ്പ് താമസിച്ചിരുന്നത്. അടുക്കളയില്‍ അമ്മ ജി ശങ്കരക്കുറുപ്പിന്റെ കവിതകള്‍ ചൊല്ലുന്നത് കേട്ടിട്ടാണ് തനിക്ക് കവിതയില്‍ താത്പര്യം ഉണ്ടായതെന്ന് പാലൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Kadhayillathavante Kadha

ശാന്തിക്കാരനായി ജീവിതം തള്ളിനീക്കുന്ന കാലത്താണ് കഥകളി പഠിക്കാന്‍ ആഗ്രഹം ഉണ്ടായത്. എന്നാല്‍ കലാമണ്ഡലത്തില്‍ നിന്നും വള്ളത്തോള്‍ പാലൂരിനെ തിരിച്ചയയ്ക്കുകയായിരുന്നു. പാലൂര്‍ നിരാശനായില്ല. അദ്ദേഹം ഒളപ്പമണ്ണ മനയിലെത്തി പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ ശിഷ്യനായി. നല്ലൊരു സ്ത്രീ വേഷക്കാരനെന്ന പട്ടം അദ്ദേഹം സ്വന്തമാക്കി. കെ പി നാരായണപ്പിഷാരടിയില്‍ നിന്നും സംസ്‌കൃതം ഉള്‍പ്പെടെ സ്വായത്തമാക്കി. ഗുരുവായ പട്ടിക്കാംതൊടിയുടെ മരണശേഷം കഥകളിയുടെ ലോകത്ത് നിന്നും പാലൂര്‍ വഴിമാറി നടന്നു. മുമ്പില്‍ ഇരുട്ട് മാത്രം നിറഞ്ഞൊരു കാലമായിരുന്നു അത്. എന്തു ചെയ്യണമെന്നറിയാതെ അദ്ദേഹം പതറി. മരണത്തപ്പറ്റി വരെ ചിന്തിച്ച നാളുകള്‍. ഇത്തരം ചിന്തകളില്‍ നിന്നും വഴിമാറി ജീവിക്കാനുള്ള പെടാപ്പാടായിരുന്നു പിന്നീട്. പലവിധ വേഷങ്ങള്‍ മാറിമാറി എടുത്തണിഞ്ഞു. ഹോട്ടലില്‍ സപ്ലൈയറായും മോട്ടോര്‍ മെക്കാനിക്കായും ഡ്രൈവറായുമെല്ലാം അദ്ദേഹം ജോലി ചെയ്തു. ഇല്ലത്ത് അന്ന് അപ്ഫനായിരുന്നു കുടുംബം നോക്കിയത്. ഭാഗം ചോദിച്ച് കുടുംബത്തില്‍ വഴക്കുകള്‍ പൊട്ടിപ്പുറപ്പെട്ട് തുടങ്ങിയിരുന്നു. ഇല്ലത്തേക്ക് തിരികെ വിളിച്ച് കത്തുവന്നു. കുടുംബം നോക്കാനുള്ള ഉത്തരവാദിത്തവും തറവാടിന്റെ ചുമതലയും പാലൂരിന് നല്‍കുന്നു. ഒപ്പം ഒരു നിര്‍ദ്ദേശവുമുണ്ട്. ഒരു നമ്പൂതിരിയുടെ മകളെ വേളി കഴിക്കണം. സാമ്പത്തിക പ്രയാസം നേരിടുന്ന പാലൂരിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ സഹായിക്കും. എന്നാല്‍ ഇത്തരമൊരു വേളിയെപ്പറ്റി പാലൂരിന് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല. നാട്ടില്‍ നില്‍ക്കാന്‍ കഴിയില്ലെന്ന് ബോധ്യമായതോടെ നേരെ ബോംബെയിലേക്ക് വണ്ടി കയറി. എന്നാല്‍ നാട്ടിലേക്കാളും വലിയ പ്രയാസങ്ങളായിരുന്നു ബോംബെയില്‍ നേരിടേണ്ടിവന്നത്. പലപ്പോഴും പട്ടിണിയായിരുന്നു. പലരും സഹായിച്ചു. മനസ്സ് മടുപ്പിക്കുമ്പോഴും പോരാട്ട വീര്യം ചോരാത്ത മനസ്സ് അദ്ദേഹത്തെ പിടിച്ചു നിര്‍ത്തി. ദാദറിലെ ബോഡി ബില്‍ഡിംഗ് കമ്പനിയിലും വൈ എം സി എയിലും ഡ്രൈവറായി ജോലി നോക്കിയ ശേഷമാണ് ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ഡ്രൈവറായി കയറിയത്. 31 വര്‍ഷത്തെ സര്‍വ്വീസിന് ശേഷം ഗ്രൗണ്ട് സപ്പോര്‍ട്ടിങ് ഡിവിഷനില്‍ സീനിയര്‍ ഓപ്പറേറ്ററായി വിരമിച്ചു. ബോംബെ വാസത്തിനിടെ ചിക്കന്‍ പോക്സ് ബാധിച്ച് പാലൂര്‍ മരിച്ചുപോയെന്ന വ്യാജ വാര്‍ത്ത അവിടുത്തെ മലയാളികള്‍ക്കിടയില്‍ പരന്നിരുന്നു. ഒരു പുഞ്ചിരിയോടെയായിരുന്നു അദ്ദേഹം സ്വന്തം മരണവാര്‍ത്ത കേട്ടത്.
ദുരിതങ്ങളുടെ സാഗരം താണ്ടിയയാളാണെങ്കിലും അദ്ദേഹത്തിന്റെ രചനകളില്‍ എല്ലാം പ്രതീക്ഷയും വെളിച്ചവും നിറഞ്ഞു നിന്നിരുന്നു. കാലുഷ്യമോ ആത്മനിന്ദയോ ഒന്നും അതില്‍ ഉണ്ടായിരുന്നില്ല. ജീവിതത്തെ ഏറ്റവും ശുഭപ്രതീക്ഷയോടെ നോക്കിക്കാണുകയായിരുന്നു കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം ഉള്‍പ്പെടെ സ്വന്തമാക്കിയ ‘കഥയില്ലാത്തവന്റെ കഥ ’ എന്ന ആത്മകഥ ഉള്‍പ്പെടെയുള്ള രചനകള്‍. മലയാളത്തിലെ ഏറ്റവും മികച്ച ആത്മകഥകളിലൊന്നാണ് പാലൂരിന്റെ ‘കഥയില്ലാത്തവന്റെ കഥ’. പേര് പോലെ ഇത് കഥയില്ലാത്തവന്റെ കഥയല്ല… തിരിച്ചടികള്‍ക്ക് മുമ്പില്‍ തളരാതെ മുന്നോട്ട് കുതിച്ച് ജീവിതം വിജയത്തിലെത്തിച്ച ഒരു മനുഷ്യന്റെ വിജയഗാഥയാണ്. പോരാട്ടവും സംഘര്‍ഷവും ഇടകലര്‍ന്ന മഹാഭാരതമായിരുന്നു പാലൂരിന്റെ ഏറ്റവും പ്രിയപ്പെട്ട ഗ്രന്ഥം. മഹാഭാരതം മനപാഠമാക്കി അതിന് വ്യാഖ്യാനം രചിച്ച കവിയാണ് പാലൂര്‍. തന്റെ രചനകളിലും ജീവിതത്തിലും മഹാഭാരതം വലിയതോതില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് പാലൂര്‍ വ്യക്തമാക്കിയിട്ടുണ്ട്.
എറണാകുളം സ്വദേശിയായ പാലൂര്‍ മുംബൈ വാസത്തിന് ശേഷം ജീവിക്കാന്‍ തിരഞ്ഞെടുത്തത് കോഴിക്കോട് നഗരമായിരുന്നു. മുംബൈ വാസത്തിന് ശേഷം കേരളത്തിലെത്തുമ്പോള്‍ എവിടെ താമസിക്കണമെന്ന സംശയം വന്നു. സുഹൃത്തുക്കള്‍ പലരും തിരുവനന്തപുരത്തേക്ക് ക്ഷണിച്ചു. ചില സുഹൃത്തുക്കള്‍ കോഴിക്കോട്ട് താമസമാക്കാന്‍ നിര്‍ബന്ധിച്ചു. ഒടുവില്‍ സ്ഥലപ്പേരുകള്‍ കടലാസിലെഴുതി നറുക്കിട്ടു. അങ്ങിനെ പല എഴുത്തുകാരെയും പോലെ കോഴിക്കോട് നഗരം അദ്ദേഹത്തെ സ്വാഗതം ചെയ്തു. പ്രായാധിക്യം കാരണമുള്ള പ്രയാസങ്ങള്‍ ഉണ്ടാവുന്നത് വരെ നഗരത്തിലെ സാംസ്‌ക്കാരിക പരിപാടികളില്‍ അദ്ദേഹം സജീവമായിരുന്നു. നഗരത്തിന്റെ തിരക്കിനിടയിലൂടെ അദ്ദേഹം മൗനമായി നടന്നുപോകും. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാര ജേതാവാണ് അതെന്ന് അധികമാരും അപ്പോള്‍ തിരിച്ചറിഞ്ഞിരുന്നില്ല. ഒന്നും ഏറെ കൊട്ടിഘോഷിക്കാന്‍ അദ്ദേഹം ഒരുക്കവുമായിരുന്നില്ല. ജൈവവീര്യമുള്ള ഭാഷകൊണ്ടും മനുഷ്യോന്മുഖമായ ദര്‍ശന ദീപ്തി കൊണ്ടും മലയാള കവിതാ ലോകത്ത് ഒളിമങ്ങാത്തവയാണ് പാലൂരിന്റെ കവിതകളെന്ന് വ്യക്തമാക്കിയത് ഡോ. എം ലീലാവതിയാണ്. ഒരു പ്രത്യയശാസ്ത്രവും അന്തിമപോംവഴിയല്ലെന്ന് തിരിച്ചറിഞ്ഞ കവിയെന്ന് എം മുകുന്ദനാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ജീവിതത്തിലെ വെല്ലുവിളികളെ മുഴുവന്‍ പ്രതീക്ഷയുടെ വെട്ടം ഉള്ളില്‍ നിറച്ച് മാത്രം സ്വീകരിച്ച കവിയായിരുന്നു പാലൂര്‍. ആ ജീവിതത്തിലെ.. വരികളിലെ പ്രകാശം വായനക്കാരിലേക്ക് പകര്‍ന്നാണ് കവിയുടെ യാത്ര…