ആൾക്കൂട്ട ആക്രമണം ഗുരുവായൂരിൽ യുവാവ് കൊല്ലപ്പെട്ടു

Web Desk
Posted on April 29, 2018, 1:01 pm

തൃശൂര്‍: ആൾക്കൂട്ട ആക്രമണം യുവാവ് മര്‍ദ്ദനമേറ്റ് മരിച്ചു. ഗുരുവായൂരിലാണ് സംഭവം. യുവതിയെയും കൊണ്ട്​ ഒളിച്ചോടിയതിന്​ നാട്ടുകാര്‍ യുവാവിനെ ആക്രമിക്കുകയായിരുന്നു. തൃശൂര്‍ പാവറട്ടി മരുതിയൂര്‍ സ്വദേശി സന്തോഷ് ആണ് മരിച്ചത്. ഈ മാസം 23 നാണ് സന്തോഷിനെ ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജില്‍ വെച്ച്‌ ഒരു കൂട്ടം ആളുകള്‍ മര്‍ദിച്ചത്. സന്തോഷും കുന്നംകുളം സ്വദേശിനിയും വിവാഹിതയുമായ യുവതിയുമായി അടുപ്പത്തിലായിരുന്നു.

15 ദിവസം മുന്‍പ് ഇവര്‍ ഒളിച്ചോടി. ഇരുവരും ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജില്‍ താമസിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ ഈ മാസം 23 ന് ലോഡ്ജിലെത്തി. പിന്നീട് ഇരുവരെയും മര്‍ദിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മറ്റുള്ളവരെ റിമാന്‍ഡ് ചെയ്തു.  സന്തോഷും യുവതിയും തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് സന്തോഷ് മരിച്ചത്. തലയ്‌ക്കേറ്റ പരുക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.  സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ടു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.