Web Desk

കാസർകോട്:

January 23, 2021, 7:15 pm

സ്ത്രീയെ അപമാനിച്ചെന്ന് ആരോപണം; നാട്ടുകാരുടെ മർദ്ദനമേറ്റ മധ്യവയസ്കൻ മരിച്ചു

Janayugom Online

കാസർക്കോട് നഗരത്തിൽ മധ്യവയസ്ക്കൻ മർദ്ദനമേറ്റ് മരിച്ചു. ചെമ്മനാട് സ്വദേശി റഫീഖാണ് മരിച്ചത്. കാസർകോട് നഗര മധ്യത്തിലുള്ള സ്വകാര്യ ആശുപത്രിയിൽ ഉച്ചയ്ക്ക് 1.40 ഓടെയാണ് സംഭവം. യുവതിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് പറയുന്നു. യുവതി ചോദ്യം ചെയ്തതോടെ റഫീഖ്‌ ആശുപത്രിയിൽ നിന്നും ഇറങ്ങി ഓടി. പിന്നാലെ യുവതിയും റോഡിലെത്തി. ഇതോടെയാണ് റോഡരികിലുണ്ടായിരുന്ന ആൾക്കാർ പ്രശ്നത്തിലിടപെട്ടത്. രക്ഷപെടാനായി പുതിയ ബസ് സ്റ്റാൻ്റ് പരിസരത്തേക്ക് ഓടിയ റഫീഖിനെ നാട്ടുകാർ ചേർന്ന് ആശുപത്രി പരിസരത്തേക്ക് ബലം പ്രയോഗിച്ച് എത്തിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിനിടെ കുഴഞ്ഞു വീണ റഫീഖിനെ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. എന്നാൽ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളോ ചതവുകളോ പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായില്ല. പോസ്റ്റ്മോർട്ടം നടത്തിയാൽ മാത്രമേ യഥാർത്ഥ മരണ കാരണം വ്യക്തമാകൂ. അപമാനിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ റഫീഖിനെതിരെയും അസ്വാഭാവിക മരണത്തിന് കണ്ടാലറിയാവുന്നവർക്കെതിരെയും പൊലീസ് കേസെടുത്തു.

ENGLISH SUMMARY: mob attacked man died in kasargod

YOU MAY ALSO LIKE THIS VIDEO