രാജ്യതലസ്ഥാനത്ത് ആള്‍ക്കൂട്ട ആക്രമണം; ബധിരയും മൂകയുമായ ഗര്‍ഭിണിയെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു

Web Desk
Posted on September 02, 2019, 2:56 pm

ന്യൂഡല്‍ഹി: കുട്ടിയെ കടത്താന്‍ ശ്രമിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം ഗര്‍ഭിണിയും ബധിരയും മൂകയുമായ യുവതിയെ മര്‍ദ്ദനത്തിനിരയാക്കി. ന്യൂഡല്‍ഹിയിലെ തെക്ക് കിഴക്കന്‍ തുഗ്ലക്കാബാദിലാണ് 48 കാരിയായ യുവതിയാണ് മര്‍ദ്ദനത്തിന് ഇരയായത്. ഇവര്‍ നാലു മാസം ഗര്‍ഭിണിയായിരുന്നു.
ക്രൂര മര്‍ദ്ദനത്തിന് ഇരയായ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ദീപക് (27), ബി ശകുന്തള (52) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരുടെ ഭര്‍ത്തൃ സഹോദരിമാര്‍ വീട്ടില്‍ നിന്ന് ഇറക്കിവിട്ടിരുന്നതായും ഇതിന് പിന്നാലെ ഓഗസ്റ്റ് 18 മുതല്‍ ഇവരെ കാണാനില്ലായിരുന്നുവെന്നും വീട്ടുകാര്‍ പരാതി നല്‍കിയിരുന്നതായി പൊലീസ് പറയുന്നു. കാണാതായതുമുതല്‍ ഇവര്‍ നിരത്തിലാണ് താമസിച്ചുവന്നിരുന്നത്. പ്രദേശവാസികളാണ് ഇവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ദിനംപ്രതി കൂടിവരികയാണ്.

കഴിഞ്ഞ ദിവസം അമേതി ജില്ലയിലെ ഗ്രാമത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നയാളെന്ന സംശയത്തില്‍ തൊഴിലാളിയെ ജനക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയിരുന്നു. പ്രതാപ്ഗഡില്‍ നിന്നുള്ള തൊഴിലാളിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
അസ്സമിലും ആള്‍ക്കൂട്ട ആക്രമണത്തില്‍ വയോധികനായ ഡോക്ടര്‍ കൊല്ലപ്പെട്ടിരുന്നു.

you may like this video also