Friday
22 Feb 2019

സ്വാതന്ത്ര്യം തകര്‍ക്കുന്ന ആള്‍ക്കൂട്ട ഫാസിസം

By: Web Desk | Tuesday 11 September 2018 10:25 PM IST

ജി ശ്രീകുമാര്‍

” എന്തിന്നു ഭാരതധരേ കരയുന്നൂ? പാര-
തന്ത്ര്യം നിനക്കു വിധികല്‍പ്പിതമാണു തായേ,
ചിന്തിക്ക, ജാതി മദിരാന്ധ,രടിച്ചു തമ്മി-
ലന്തപ്പെടും തനയ, രെന്തിനയേ സ്വരാജ്യം?”
(ഒരു തീയ്യക്കുട്ടിയുടെ വിചാരം –
കുമാരനാശാന്‍)

ഫാസിസമെന്നത് പൊതുവെ ഭരണകൂടങ്ങള്‍ തങ്ങള്‍ക്കെതിരായ ആശയങ്ങളെയും പ്രവര്‍ത്തനങ്ങളെയും അടിച്ചമര്‍ത്തുന്ന പ്രക്രിയയെയാണ് സൂചിപ്പിക്കുന്നത്. ഒന്നാം ലോകയുദ്ധ കാലത്ത് ഇറ്റലിയില്‍ ആരംഭിച്ച ഫാസിസമെന്ന പ്രത്യയശാസ്ത്രപരമായ ആശയം സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കാനെന്ന രീതിയിലാണ് അവതരിപ്പിക്കപ്പെട്ടത്. മുസോളിനിയും ഹിറ്റ്‌ലറും നെപ്പോളിയനുമെല്ലാമാണ് തീവ്ര ഫാസിസം നടപ്പിലാക്കിയ ഭരണാധികാരികള്‍. ഇന്ന് നമ്മുടെ രാജ്യത്ത് സോഷ്യല്‍ മീഡിയ, സിനിമ, മാധ്യമങ്ങള്‍, രാഷ്ട്രീയം തുടങ്ങി പലവിധ മേഖലകളിലൂടെ ജാതി, മതം, ദേശസ്‌നേഹം തുടങ്ങിയവയുടെ വക്താക്കളായി ഭാവിക്കുന്ന ജനക്കൂട്ടം കൂടുതല്‍ തീവ്രമായി ഫാസിസം നടപ്പിലാക്കുന്നു.
ഭരണാധികാരികള്‍ നിശബ്ദരായിരിക്കുമ്പോഴും അവര്‍ ഇത്തരം പ്രവണതകളെ അനുകൂലിക്കാതിരി ക്കുമ്പോഴും ആള്‍ക്കൂട്ടം തങ്ങളുടെ ഫാസിസം യാതൊരു തത്വദീക്ഷയുമില്ലാതെ നടപ്പിലാക്കുന്നതിന്റെ ഉദാഹരണങ്ങളാണ് ദിനംപ്രതി നമ്മുടെ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അവര്‍ പൗരന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നു. എന്തുചെയ്യാം, എന്തു ചെയ്യരുത് എന്ന് കല്‍പ്പിക്കുന്നു. അത് തങ്ങളുടെ അധികാരമാണെന്ന് തീരുമാനിക്കുന്നു. അതിനെ എതിര്‍ത്താല്‍ അവര്‍ ശിക്ഷ വിധിക്കുകയും നടപ്പാക്കുകയും ചെയ്യുന്നു. ഇത് രാജ്യത്തെ നയിക്കുന്നത് പാരതന്ത്ര്യത്തിലേക്കാണ്.
ജനാധിപത്യം ഇന്ത്യന്‍ പൗരന് നല്‍കിയ സ്വാതന്ത്ര്യങ്ങളെ ആക്രമിച്ച് ഇല്ലാതാക്കുന്നത് പ്രധാനമായും മതവികാരം വ്രണപ്പെട്ടു എന്ന കാരണം കാണിച്ചാണ്. അത്രയ്ക്ക് ലോലമായ മതശരീരത്തില്‍ ചെറിയ പരാമര്‍ശങ്ങള്‍ പോലും ആഴത്തിലുള്ള വ്രണങ്ങള്‍ ഉണ്ടാക്കുന്നുണ്ടത്രേ. ഉടനെ ഭീഷണികളായി, ചീത്ത പറയലുകളായി. അന്തരീക്ഷം കലുഷിതമാക്കാന്‍ കരുതിക്കൂട്ടിയിരിക്കുന്ന ചില ആള്‍ക്കൂട്ടങ്ങള്‍ സദാ ജാഗരൂകരാണ്. വ്യക്തിസ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും അട്ടിമറിക്കാന്‍ കേവലം ഒരു ഫേസ്ബുക്ക് പോസ്റ്റ് മതി എന്നായിരിക്കുന്നു.
സ്വാതന്ത്ര്യത്തിന് ഇപ്പോള്‍ ഭീഷണിയുണ്ടാക്കുന്നത് അധികാരികളില്‍ നിന്ന് എന്നതിനെക്കാള്‍ ഫാസിസ്റ്റ് സമൂഹത്തില്‍ നിന്നാണ് എന്ന് വന്നിരിക്കുന്നു. തൊടുപുഴയിലെ പ്രൊഫ. ടി ജെ ജോസഫിനെയും പെരുമാള്‍ മുരുകനെയും കുരീപ്പുഴയേയും ധബോല്‍ക്കറെയും ഗോവിന്ദ പന്‍സാരെയെയും എം എം കല്‍ബുര്‍ഗിയെയും ഗൗരി ലങ്കേഷിനെയും ആക്രമിച്ചത് ഭരണകൂടങ്ങളല്ല. ഭരണകൂട ഒത്താശയോടെ ഫാസിസ്റ്റ് ആള്‍ക്കൂട്ടങ്ങളായിരുന്നു. ഓരോ ആള്‍ക്കൂട്ടത്തിന്റെയും ആശയസംഹിത വ്യത്യസ്തങ്ങളായിരുന്നു. എല്ലാവരും പ്രയോഗിക്കുന്നത് ഒരേ യുദ്ധമുറകളായിരുന്നു. പല കാരണങ്ങള്‍ പറയുന്നുണ്ടെങ്കിലും പുരോഗമന ചിന്താഗതിക്കാരായ എഴുത്തുകാരും യുക്തിചിന്തകരും ചിത്രകാരന്മാരും ഏറ്റവും അധികം ആക്രമിക്കപ്പെട്ടത് മതത്തിനുണ്ടായി എന്നു പറയുന്ന വ്രണപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ്.
പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലോ ആശയസംവാദങ്ങളിലൂടെയോ യുക്തിപരമായ തെളിവുകളിലൂടെയോ ചിന്തകന്‍മാരെയും എഴുത്തുകാരെയും വാദിച്ചു ജയിക്കാന്‍ കഴിയില്ലെന്നു വരുമ്പോഴാണ് അവര്‍ ആയുധം എടുത്ത് ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നത്. അവര്‍ക്ക് ആരുടെയും സ്വാതന്ത്ര്യം തകര്‍ക്കപ്പെടുന്നതില്‍ യാതൊരു ആശങ്കയുമില്ല. തന്റെ സ്വാതന്ത്ര്യം മറ്റൊരാളുടെ മൂക്കിന്‍തുമ്പു വരെ എന്നൊരു അതിര്‍വരമ്പുമില്ല. എതിരഭിപ്രായക്കാരന്റെ കയ്യോ കാലോ കഴുത്തോ മുറിച്ചു മാറ്റുന്നതിന് അവര്‍ക്ക് യാതൊരു മടിയുമില്ല. ഇത് നിയന്ത്രിക്കാന്‍ കഴിയുന്നില്ല എന്നിടത്താണ് ഭരണകൂടങ്ങളുടെ പരാജയം. അത് രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കുന്നു.
നമ്മുടെ സംസ്ഥാനത്ത് ഈ വിഷയത്തില്‍ ഏറ്റവും ഒടുവിലായി സംഭവിച്ചിരിക്കുന്നത് ‘മീശ’ എന്ന നോവലിനെപ്പറ്റിയുള്ള വിവാദങ്ങളാണ്. മീശ നോവല്‍ വിഷയത്തില്‍ ഹരീഷ് എന്ന എഴുത്തുകാരന്‍ നോവലിന്റെ മൂന്ന് ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചതോടെ മതവികാരം വ്രണപ്പെട്ടു എന്നും സ്ത്രീകളുടെ ആത്മാഭിമാനം തകര്‍ത്തു എന്നുമുള്ള രീതിയില്‍ സോഷ്യല്‍ മീഡിയാ പോസ്റ്റുകളായി. കവലകള്‍ തോറും ഫഌക്‌സുകളായി. ഭീഷണികളായി; ‘അവനെ കൊല്ല്’ എന്ന ആക്രോശങ്ങളായി. കഥയറിയാതെ ആട്ടം കാണുക മാത്രമല്ല, ആടുകയും ചെയ്യുന്നുണ്ട് ചിലര്‍.
മീശ എന്ന നോവലില്‍ സ്ത്രീകള്‍ അങ്ങനെ അണിഞ്ഞൊരുങ്ങി പോകുന്നത് അബോധപൂര്‍വമാണെന്ന് പറയുന്നുണ്ട്. അവര്‍ ബോധപൂര്‍വം അങ്ങനെ ചെയ്യുന്നതായി പറയാത്തതു കൊണ്ട് നോവലിസ്റ്റിന് മാപ്പു കൊടുക്കാവുന്നതേ ഉള്ളൂ. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിലായാലും ഇതൊന്നും വക വച്ചു കൊടുക്കാന്‍ തയ്യാറല്ലെന്നാണ് മത തീവ്രവാദികളുടെ നിലപാട്. അവര്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ അജന്‍ഡയുണ്ട്. കിട്ടുന്ന ഓരോ അവസരവും അവര്‍ തങ്ങള്‍ക്ക് വളരാനനുകൂലമായ സാഹചര്യമാക്കി മാറ്റാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ ഉദാഹരങ്ങളാണ് നിസ്സാരമായ പരാമര്‍ശങ്ങളുടെ പേരിലുള്ള ആക്രമണങ്ങള്‍. മീശ എന്ന നോവല്‍ നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ച് സുപ്രിംകോടതിയെ സമീപിച്ചപ്പോള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അതിനെ എതിര്‍ക്കുകയാണുണ്ടായത്. നോവലിലെ കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ക്ക് ആവശ്യത്തിലധികം പ്രാധാന്യം നല്‍കേണ്ടതുണ്ടോ; ഇന്നത്തെ ഇന്റര്‍നെറ്റ് യുഗത്തില്‍ ഇതൊക്കെ വലിയ കാര്യമാക്കാനുണ്ടോ; മറന്നു കളയുന്നത് നല്ലത് എന്നൊക്കെയാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടത്. ഇവിടെ നിസാരമായി കേവലം ആയിരമോ പതിനായിരമോ വായനക്കാര്‍ വായിച്ചുതള്ളേണ്ട ഒരു നോവലിന് രാജ്യത്തും വിദേശത്തുമുള്ള ലക്ഷക്കണക്കിന് പേരുടെയിടയില്‍ എത്തിച്ച് വായിക്കാനും പ്രചരിപ്പിക്കാനും ചര്‍ച്ചയാക്കാനും ഈ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു. അല്ലെങ്കിലും നെഗറ്റീവ് പബ്ലിസിറ്റി എന്നൊന്നില്ലല്ലോ. അവര്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിലൂടെ വോട്ടുറപ്പിക്കാന്‍ അരയും തലയും മുറുക്കിയിരിക്കുകയാണ്. മലയാളക്കരയില്‍ ഇത്തരത്തില്‍ വന്നു കിട്ടുന്ന ഓരോ നിസാര പ്രശ്‌നങ്ങളെയും പര്‍വതീകരിക്കാന്‍ അവര്‍ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. സുപ്രിംകോടതിയുടെ തീരുമാനം എന്തു തന്നെയായാലും ആള്‍ക്കൂട്ട ഫാസിസം മീശയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. മീശ നോവലിനെ കൂടുതല്‍ പ്രചരിപ്പിക്കാനിടയാക്കി എന്നതിന് പുറമെ കൂടുതല്‍ പേരെ വര്‍ഗീയചേരിയിലെത്തിക്കാനും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കു കഴിഞ്ഞു.
കെപിഎസിയുടെ ‘ഭഗവാന്‍ കാല് മാറുന്നു’ ‘വിഷ സര്‍പ്പത്തിന് വിളക്ക് വയ്ക്കരുത്’ തുടങ്ങിയ പുരോഗമന ആശയങ്ങളുള്ള നാടകങ്ങള്‍ക്കെതിരെയും മുമ്പ് ഇത്തരത്തില്‍ പ്രതിഷേധങ്ങള്‍ ഉണ്ടായി. എന്നാല്‍ ഇന്നത്തെക്കാള്‍ പുരോഗമന ചിന്തയുണ്ടായിരുന്ന മലയാളി സമൂഹം ആ പ്രതിഷേധങ്ങളെ വകവച്ചില്ല. ഇന്ന് അതല്ല സ്ഥിതി. ആള്‍ക്കൂട്ടങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വിചാരണ നടത്തുകയും വിധി പ്രഖ്യാപിക്കുകയും ശിക്ഷ നടപ്പാക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് രീതി അതിന്റെ മൂര്‍ധന്യത്തിലെത്തി നില്‍ക്കുന്നു. പുരോഗമന ആശയങ്ങള്‍ എന്നും എല്ലായ്‌പ്പോഴും മതചിന്തകളെ വ്രണപ്പെടുത്തിയിരുന്നു. ക്ഷേത്രപ്രവേശനം സംബന്ധിച്ച പഴയ നിലപാടുകള്‍ ഇപ്പോഴും തുടര്‍ന്നിരുന്നുവെങ്കില്‍ നമ്മുടെ രാഷ്ട്രപതിക്ക് ഗുരുവായൂരില്‍ വന്ന് ദര്‍ശനം നടത്തുവാന്‍ കഴിയുമായിരുന്നില്ല.
മതസംഹിതകളാണ് ശരിയെങ്കില്‍ ഭൂമി ഇപ്പോഴും പരന്ന് തളിക പോലെ തുടരുമായിരുന്നു. മതത്തിന്റെ വിശ്വാസങ്ങളെ ഖണ്ഡിച്ചതിനാല്‍ ഗലീലിയോയെ മതവിചാരണ നടത്തി ജയിലിലടച്ചത് നമുക്കറിയാം. ഭൂമിയല്ല സൂര്യനാണ് പ്രപഞ്ച കേന്ദ്രമെന്ന കോപ്പര്‍നിക്കസിന്റെ ആശയം മതദ്രോഹമാണെന്ന് തീരുമാനിച്ച് അദ്ദേഹത്തിന്റെ പുസ്തകം കത്തോലിക്ക സഭ നിരോധിച്ചതും നമുക്കറിയാം. ഇന്നും മതവിചാരണകള്‍ നടക്കുന്നു. മതങ്ങള്‍ നിന്നിടത്ത് തന്നെ നില്‍ക്കുന്നു. ലോകത്തിന്റെ മാറ്റം, ശാസ്ത്രത്തിന്റെ മുന്നേറ്റം ഇതൊന്നും അവര്‍ അംഗീകരിക്കുന്നില്ല.
ജനിച്ചപ്പോള്‍ മുതല്‍ സത്യമാണെന്ന മട്ടില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട അസത്യങ്ങള്‍ തെറ്റാണെന്ന് വരുന്നത് ഉള്‍ക്കൊള്ളാന്‍ കഴിയാതെ ആള്‍ക്കൂട്ടങ്ങള്‍ അന്ധവിശ്വാസ പ്രേരണയാല്‍ ആക്രമണങ്ങള്‍ അഴിച്ചു വിടുന്നു. ശാസ്ത്രം നല്‍കിയ നേട്ടങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് അതേ പിന്തിരിപ്പന്‍മാര്‍ അന്ധവിശ്വാസ പ്രചരണം നടത്തിക്കൊണ്ടിരിക്കുന്നു. തങ്ങളുടെ ജീവിതമാര്‍ഗം നഷ്ടപ്പെടുത്താതിരിക്കാന്‍ അവര്‍ നിരന്തരം ശാസ്ത്രത്തെ വെല്ലുവിളിക്കുന്നു. പുരോഗമന ചിന്തയെ എതിര്‍ക്കുന്നു. യുക്തിബോധത്തെ നിരാകരിക്കുന്നു. എതിര്‍ക്കുന്നവനെ കൊന്നുതള്ളാനും മടിക്കുന്നില്ല. പൗരാവകാശവും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും കശാപ്പ് ചെയ്യാന്‍ ആള്‍ക്കൂട്ടങ്ങള്‍ തയ്യാറാവുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെ സ്വാതന്ത്ര്യങ്ങള്‍ക്ക് വിലങ്ങ് വീണിരിക്കുന്നു. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നത് തങ്ങളുടെ സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്ക് തടസമാവുമെന്ന കണ്ട ആഭാസന്മാര്‍ പെണ്‍പള്ളിക്കൂടങ്ങള്‍ കത്തിച്ചതു പോലുള്ള സംഭവങ്ങള്‍ ഇവിടെയും സംഭവിക്കാം.
ആശയപ്രകടനത്തിനുള്ള സ്വാതന്ത്ര്യം തടയുന്നതിലൂടെയും അത് പ്രസിദ്ധീകരിച്ച മാധ്യമങ്ങളെ വിലക്കുന്നതിലൂടെയും വിയോജിപ്പിന്റെ സ്വരങ്ങളെ അടിച്ചമര്‍ത്താമെന്ന് കരുതുന്നത് വ്യാമോഹം മാത്രമാണ്. മതവിചാരണകളും പിന്തിരിപ്പന്‍മാരുടെ ഉഗ്രശാസനകളും ശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്കും സമൂഹത്തിന്റെ പുരോഗതിക്കും തടസമായില്ല. അവയൊക്കെ നിഷ്പ്രഭമാക്കിക്കൊണ്ടാണ് ശാസ്ത്രവും സമൂഹവും വളര്‍ന്നത്. ചെറിയ ആള്‍ക്കൂട്ടങ്ങള്‍ ഫാസിസ്റ്റ് ആശയങ്ങള്‍ നടപ്പിലാക്കാന്‍ തെരുവിലിറങ്ങുമ്പോള്‍ നിശബ്ദരായി, എന്നാല്‍ ഉള്ളില്‍ മുഴങ്ങുന്ന പുരോഗമന ചിന്തയുമായി വലിയൊരു വിഭാഗം മാറിനില്‍ക്കുന്നുണ്ട്. ചെറുപ്പക്കാരുടെ ഈ വലിയ വിഭാഗം ലോകമാകമാനം അന്ധവിശ്വാസങ്ങളെ എതിര്‍ത്തു കൊണ്ട് വളര്‍ന്നു വരുന്നുണ്ട്. പല രാജ്യങ്ങളും അന്ധവിശ്വാസങ്ങളില്‍ നിന്നും സങ്കുചിത മതചിന്തകളില്‍ നിന്നും മുക്തമായിരിക്കുന്നു. ഈ പാരതന്ത്ര്യം താല്‍ക്കാലികം മാത്രമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യവും പൗരസ്വാതന്ത്ര്യവും കൂടുതല്‍ ശക്തമായി ഇവിടെ നടപ്പിലാവും. നമ്മുടെ രാജ്യവും പുരോഗമന ചിന്താഗതിയുള്ള രാജ്യങ്ങളോടൊപ്പം എത്തുക തന്നെ ചെയ്യും. ഇപ്പോള്‍ സംഭവിക്കുന്നത് അതിനെതിരായി നില്‍ക്കുന്നവര്‍ ഉണ്ടാക്കുന്ന ചെറുഘര്‍ഷണങ്ങള്‍ മാത്രം.

Related News