തിരുവനന്തപുരം: രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ ആൾകൂട്ട ആക്രമണം നടക്കുമ്പോൾ പ്രതിഷേധത്തിന്റെ സ്വരങ്ങൾ ആദ്യം ഉയർത്തുന്ന മലയാളികൾ തന്നെ തലകുനിച്ച് നിൽക്കേണ്ടി വന്ന സംഭവമാണ് ഇന്നലെ തലസ്ഥാനത്ത് നടന്നത്. മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ കൂട്ടംകൂടി ആക്രമിച്ച് കൊലപ്പെടുത്തി. ഈ ലജ്ജാകരമായ ഈ സംഭവത്തിൽ കൊല്ലപ്പെട്ട അജേഷ് നേരിട്ടതാകട്ടെ അതി ക്രൂരമായ പീഡനവും. നിയമം കയ്യിലെടുത്ത് നാട്ടിലെ അനീതികളെ എതിർക്കാനെന്നോണം ഒരു സംഘം ഓട്ടോഡ്രൈവർമാർ കൊലവെറിയോടെ ഒരു മനുഷ്യനെ അടിച്ചുകൊല്ലാനാക്കുന്നതു കണ്ടിട്ടും മിണ്ടാതിരുന്നു ചുറ്റുകൂടിയ സഹജീവികൾ എന്നത് ലജ്ജാവഹം. മലപ്പുറം സ്വദേശി സജിമോന്റെ മൊബൈൽമോഷണം പോയതോടെയാണ് ഈ സംഭവങ്ങളുടെ തുടക്കം.
മലപ്പുറം സ്വദേശിയായ സജിമോന്റെ മൊബൈൽഫോൺ ഡിസംബർ 11നു പുലർച്ചെ മോഷണം പോയതോടെയാണു സംഭവങ്ങളുടെ തുടക്കം. തമ്പാനൂർ ബസ് സ്റ്റാൻഡിൽ വച്ചാണ് 40,000രൂപയും ബാഗും മോഷണം പോയത്. മറ്റൊരു യാത്രക്കാരനാണ് കമ്മലിട്ട മോഷ്ടാവിനെക്കുറിച്ചുള്ള സൂചന നൽകിയത്. സജിമോൻ ബസ് സ്റ്റാൻഡിനു പുറത്തെത്തി ഓട്ടോറിക്ഷ ഡ്രൈവർമാരോടു വിവരം പറഞ്ഞു. മോഷ്ടാവിനെക്കുറിച്ചുള്ള സൂചനകളിൽനിന്ന് അത് അജേഷായിരിക്കുമെന്ന് നാട്ടുകാരായ ഓട്ടോ ഡ്രൈവർമാർ ഉറപ്പിച്ചു. അജേഷ് ഇടയ്ക്കിടെ വെള്ളായണിയിൽനിന്ന് തമ്പാനൂരിൽ എത്തിയിരുന്നു. മൊബൈലും പണവും തിരികെ ലഭിച്ചാൽ പ്രതിഫലം തരാമെന്ന സജിമോന്‍റെ വാഗ്ദാനത്തെത്തുടർന്നാണ് ഡ്രൈവർമാർ അജേഷിനായി തിരച്ചിൽ ആരംഭിച്ചത്. തുടർന്ന് അജേഷിനെ അയാളുടെ വീട്ടിൽ ചെന്ന് പിടികൂടി. കമ്പുകൾ വെട്ടിയെടുത്ത് പൊതിരെ തല്ലി. ശബ്ദം പുറത്തു വരാതിരിക്കാൻ വായിൽ തുണി തിരികി വച്ചായിരുന്നു മർദ്ദനം. പിന്നീട് വീടിന്റെ അടുക്കളയിൽ കെട്ടിതൂക്കിയിട്ടും ഒരു കൂട്ടം ഡ്രൈവർമാർ മർദ്ദനം തുടർന്നു. പൊതു നിരത്തിൽ വെച്ച് മർദ്ദിച്ചിട്ടും ഒരു മനുഷ്യകുഞ്ഞുപോലും എന്താണ് സംഭവം എന്ന് അന്വേഷിക്കാനോ തടയാനോ പൊലീസിൽ അറിയിക്കാനോ മുതിർന്നില്ല.
you may also like this video
അജേഷിനെ അടിക്കുകമാത്രമല്ല വെട്ടുകത്തി ചൂടാക്കി ജനനേന്ദ്രിയത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങലിലും പൊള്ളിച്ചു.രാവിലെ എട്ടോടെ തുടങ്ങിയ മർദനം ആറര മണിക്കൂർ കഴിഞ്ഞ് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അവസാനിപ്പിച്ചത്. മൊബൈലും പണവും കണ്ടെടുക്കാൻ കഴിയാതായതോടെ അജേഷിനെ വീട്ടിൽ ഉപേക്ഷിച്ച് സംഘം മടങ്ങി. നിരങ്ങി നീങ്ങിയാണ് അജേഷ് വാഴത്തോട്ടത്തിലെത്തിയത്. അതിനിടെ തെരുവുപട്ടികൾ കുരച്ചെത്തി. അങ്ങനെയാണ് അജേഷ് വാഴത്തോട്ടത്തിൽ കിടക്കുന്ന കാര്യം നാട്ടുകാർ അറിഞ്ഞത്. പൊലീസെത്തി അജേഷിനെ മെഡിക്കൽ കോളജിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികില്‍സയിലിരിക്കെയാണു തിങ്കളാഴ്ച മരിച്ചത്. അരോടും അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു അജേഷിന്റേതെന്നു നാട്ടുകാർ പറയുന്നു. രണ്ടു വർഷം മുൻപുവരെ സാധാരണ ജീവിതം നയിച്ചിരുന്ന അജേഷിന്റെ സ്വഭാവത്തിൽ പെട്ടെന്നാണു മാറ്റം ഉണ്ടായത്. നല്ലൊരു വാർക്കപ്പണിക്കാരനായിരുന്ന അജേഷിനെ ലഹരിയോടുള്ള ആസക്തിയാണ് അടിമുടി മാറ്റിയത്.
ചിലപ്പോഴൊക്കെ മാനസിക അസ്വാസ്ഥ്യവും പ്രകടിപ്പിച്ചിരുന്നു. പണിക്കു പോകാതായതോടെ കമ്മലണിഞ്ഞു വേഷത്തിലും മാറ്റംവരുത്തിയതായി നാട്ടുകാർ പറയുന്നു. ഫോണും പൈസയും വീട്ടിൽ ഒളിപ്പിച്ചിരിക്കാമെന്ന സംശയത്തെത്തുടർന്നാണ് സംഘം ഇയാളേയും കൊണ്ട് വീട്ടിലെത്തിയത്. മകന്റെ സ്വഭാവത്തിൽ മാറ്റം വന്നതോടെ അമ്മയും സഹോദരിയും കുടുംബവും മറ്റൊരു വീട്ടിലേക്കു താമസം മാറി. റോഡിൽനിന്ന് അരകിലോമീറ്ററോളം ഉള്ളിലാണ് അജേഷിന്റെ വീട്. പണിതീരാത്ത ചെറിയ വീട്ടിൽ അജേഷ് ഒറ്റയ്ക്കായിരുന്നു. വഴിയോരങ്ങളിൽനിന്നായിരുന്നു ഭക്ഷണം. പകൽ അലഞ്ഞുനടക്കും. നാട്ടുകാരുമായി ബന്ധമില്ലാത്തതിനാൽ അജേഷിന്റെ നിലവിളി കേട്ടിട്ടും ആരും തിരിഞ്ഞു നോക്കിയതുമില്ല. സംഭവത്തിൽ മലപ്പുറം സ്വദേശി സജിമോൻ (35), ജിനേഷ് വർഗീസ് (28),ഷഹാബുദ്ദീൻ (43),അരുൺ (29),സജൻ (33), റോബിൻസൺ (39) എന്നിവരെ അറസ്റ്റ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.