സഹപ്രവര്‍ത്തകനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത് നോക്കിനിന്നു; നാല് പൊലീസുകാരെ പിരിച്ചുവിട്ടു

Web Desk
Posted on September 14, 2019, 10:05 pm

ചണ്ഡീഗഡ്: സഹപ്രവര്‍ത്തകരെ ആള്‍കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുന്നത് നോക്കിനിന്ന നാലുപൊലീസുകാരെ പഞ്ചാബ് സര്‍ക്കാര്‍ പിരിച്ചുവിട്ടു. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ കണ്ടതിനുപിന്നാലെയാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് നടപടിയെടുത്തത്.

സഹപ്രവര്‍ത്തകനെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കവെ നിഷ്‌കരുണം നോക്കി നിന്ന പൊലീസുകാര്‍ യൂണിഫോമിട്ടിരിക്കുന്നത് സ്വീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

മയക്കുമരുന്ന് സംഘവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ആറംഗസംഘത്തിന് നേതൃത്വം നല്‍കിയ പൊലീസുകാരനെയാണ് അക്രമികള്‍ മര്‍ദ്ദിച്ചത്. ഇതേസമയം കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ ഇയാളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചിരുന്നില്ല. സംഘത്തിലെ നാലുപേരെ പിരിച്ചുവിട്ടു. ഒരാള്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കി. പൊലീസുകാരനെ മര്‍ദ്ദിച്ച 25–30 ഓളം വരുന്ന ആളുകള്‍ക്കെതിരെ കേസ് ചുമത്തിയിട്ടുണ്ട്.