Janayugom Online
mob lynching- jana

സംഘപരിവാര്‍കാലത്തെ ആള്‍ക്കൂട്ടകൊലകള്‍

Web Desk
Posted on July 29, 2018, 10:39 pm

ടി കെ സുധീഷ്

നമ്മുടെ രാജ്യത്തെപ്പോലെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങള്‍ നിലനില്‍ക്കുന്ന റിപ്പബ്ലിക്കിലെ ജനങ്ങള്‍ക്ക് സഹിഷ്ണുതയുടെ മൂല്യബോധം നഷ്ടപ്പെട്ടുകഴിഞ്ഞോയെന്നാണ് കഴിഞ്ഞ പതിനേഴാം തിയ്യതി സുപ്രീംകോടതി ആള്‍ക്കൂട്ടകൊലയെ സംബന്ധിക്കുന്ന പൊതുതാല്‍പ്പര്യഹര്‍ജികള്‍ പരിഗണിക്കുന്ന സന്ദര്‍ഭത്തില്‍ കേന്ദ്രസര്‍ക്കാരിനോട് ആരാഞ്ഞത്. രാജ്യത്ത് അടിയ്ക്കടി സംഭവിച്ചു കൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട ഭീകരത അമര്‍ച്ച ചെയ്യുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് മഹാത്മാഗാന്ധിയുടെ കൊച്ചുമകന്‍ തുഷാര്‍ഗാന്ധിയും തെഹസിന്‍ പുനാവാല എന്ന പൊതുപ്രവര്‍ത്തകനും സമര്‍പ്പിച്ച പൊതുതാല്‍പ്പര്യഹര്‍ജികളിലാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ കഴിയാത്ത കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ ‘നിസ്സഹായവസ്ഥ’യെ അതിരൂക്ഷമായാണ് കോടതി വിമര്‍ശിച്ചത്. ആള്‍ക്കൂട്ട അതിക്രമങ്ങളെ പ്രത്യേക കുറ്റകൃത്യമായി കണക്കാക്കി നിയമം നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.

ആള്‍ക്കൂട്ടകൊലയെ അതിരൂക്ഷമായി വിമര്‍ശിച്ച് നിയമം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട ചീഫ് ജസ്റ്റിസിന്റെ വിധിപ്രസ്താവത്തിന്റെ മഷിയുണങ്ങുന്നതിനുമുന്‍പാണ് രാജസ്ഥാനിലെ ആല്‍വാര്‍ മേഖലയില്‍ രക്ബര്‍ഖാന്‍ എന്ന ഇരുപത്തിയെട്ട് വയസ്സുകാരനെ പശുകടത്താരോപിച്ച് പശുസംരക്ഷണ ഗുണ്ടകള്‍ അടിച്ചുകൊന്നത്. രാജസ്ഥാനിലെ ലഡ്പൂര്‍ ഗ്രാമത്തില്‍നിന്നും കന്നുകാലികളെ വാങ്ങി സ്വന്തം ഗ്രാമമായ ഹരിയാനയിലെ ഫിറോസ്പൂര്‍ ജിര്‍ക്കയിലുള്ള കോല്‍ഗ്രാമത്തിലേക്ക് പോകുന്നതിനിടെയാണ് ഈ ക്രൂരതയ്ക്ക് ഇരയായത്. കൂടെയുണ്ടായിരുന്ന സഹായി അസ്‌ലംഖാന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ക്ഷീരകര്‍ഷകനായ രക്ബര്‍ഖാന്‍ തന്റെ ‘കന്നുകാലി ഫാം’ കൂടുതല്‍ വിപുലീകരിക്കുന്നതിനുവേണ്ടിയാണ് പശുക്കളെ വാങ്ങിയത്. എന്‍.ഡി.ടി.വി. പുറത്തുവിട്ട വാര്‍ത്തയനുസരിച്ച് രക്ബര്‍ഖാനെ ആക്രമിച്ച കൊലയാളികളെക്കാള്‍ ക്രൂരതയാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. ആക്രമത്തിനിരയായി അവശനിലയിലായ രക്ബര്‍ഖാനെ ഒരു കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലെത്തിക്കാന്‍ മൂന്നുമണിക്കൂര്‍ എടുത്തു. എന്നാല്‍ പശുക്കളെ ഗോശാലയില്‍ എത്തിക്കാനായിരുന്നു പോലീസ് തിരക്കുകൂട്ടിയതത്രെ! ഭരണകൂടത്തിന് മനുഷ്യജീവനേക്കാള്‍ പ്രാമുഖ്യം പശുവിന്റെ കാര്യത്തിലാണെന്ന് ഇത് തെളിയിക്കുന്നു. 2017 ജൂണ്‍ മാസത്തില്‍ പെഹ്‌ലൂഖാന്‍ എന്ന ക്ഷീരകര്‍ഷകനെ തല്ലികൊന്നത് ഇതേ ആള്‍വാര്‍ മേഖലയില്‍വെച്ചാണ്. ഈ പ്രദേശത്ത് നടക്കുന്ന അഞ്ചാമത്തെ കൂട്ടക്കൊലയാണിത്. സുപ്രീംകോടതി വിധി വന്ന പിറ്റേദിവസമാണ് സര്‍വ്വാദരണീയനും പൊതുപ്രവര്‍ത്തകനുമായ സ്വാമി അഗ്നിവേശിനെ ജാര്‍ഖണ്ഡിലെ പാകുടില്‍ വെച്ച് ബി.ജെ.പി.യുടെ യുവജന സംഘടനയുടെ പ്രവര്‍ത്തകര്‍ സംഘടിതമായി ആക്രമിച്ചത്. എണ്‍പതുകാരനായ ആ കാഷായവസ്ത്രധാരി ഒരു പൊതുചടങ്ങില്‍ പങ്കെടുത്ത് ഹോട്ടലിനു പുറത്തേക്ക് വന്ന സന്ദര്‍ഭത്തിലാണ് കാവിസംഘം ആക്രമിച്ചത്. ബീഫ് കഴിക്കുന്നതിനെ അനുകൂലിച്ച് അദ്ദേഹം നടത്തിയ ഒരു പ്രഭാഷണമാണത്രെ, ഈ തെമ്മാടിക്കൂട്ടത്തെ പ്രകോപിപ്പിച്ചത്. രാജ്യത്ത് ഇതേ തരത്തിലുള്ള ആള്‍ക്കൂട്ട ഭീകരതകള്‍ തുടരെ തുടരെ വര്‍ദ്ധിച്ചുവരുന്നതായാണ് കണ്ടുവരുന്നത്. 2010 നും 2017 നും ഇടയ്ക്ക് ഇന്ത്യയില്‍ നടന്ന ഇത്തരം ആക്രമണങ്ങളുടെ തൊണ്ണൂറ്റിയേഴ് ശതമാനവും കഴിഞ്ഞ നാലുവര്‍ഷക്കാലത്തിനിടയ്ക്കാണ് ഉണ്ടായതെന്ന് ഇന്ത്യ സ്‌പെന്റ് റിപ്പോര്‍ട്ട് പറയുന്നു. ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇതില്‍ ഭൂരിഭാഗവും സംഭവിച്ചിട്ടുള്ളത്. ആള്‍ക്കൂട്ടം നിയമം കൈയ്യിലെടുത്ത് നടത്തുന്ന ഇത്തരം അക്രമങ്ങളെ ന്യായീകരിക്കുന്ന നിലപാടാണ് ബി.ജെ.പി.സര്‍ക്കാരുകള്‍ ഇവിടങ്ങളില്‍ അവലംബിക്കുന്നത്. തങ്ങള്‍ രാജ്യത്തിനുവേണ്ടി നിയമം നടപ്പിലാക്കുന്നുവെന്നാണ് അക്രമികള്‍ ന്യായീകരിക്കുന്നത്. നിയമവാഴ്ച ഉറപ്പാക്കേണ്ട കേന്ദ്ര — സംസ്ഥാന ഭരണാധികാരികള്‍

ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ജാര്‍ഖണ്ഡിലെ രാംഗഡില്‍ ആള്‍ക്കൂട്ടകൊലയ്ക്ക് വിധേയനായ അലിമുദീന്റെ കൊലയാളികള്‍ക്ക് ജാമ്യം ലഭിച്ചപ്പോള്‍ മാലയിട്ടു സ്വീകരിച്ചത് കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയായിരുന്നു. രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച മുഹമ്മദ് അഖ്‌ലാഖിന്റെ കൊലയാളികളില്‍ ഒരാളായ, സിസോദിയ എന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ജയിലില്‍വെച്ച് മരിച്ചപ്പോള്‍ സന്ദര്‍ശിയ്ക്കുകയും മരണാനന്തര ചടങ്ങുകള്‍ നടത്താന്‍ നേതൃത്വം നല്‍കിയത് കേന്ദ്രമന്ത്രിയായ മഹേഷ് ശര്‍മ്മയും സാധ്വിപ്രാചിയുമായിരുന്നു.

രാജസ്ഥാനിലെ ആള്‍വാറില്‍ പശുസംരക്ഷകന്‍ തല്ലികൊന്ന പെഹ്‌ലൂഖാന്റെ കൊലയാളികളെ ബി.ജെ.പി. നേതാവ് സാധ്വികമാല്‍ വിശേഷിപ്പിച്ചത്, സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത സമരസേനാനികളുടെ ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനത്തോടാണ്.
ഹിംസാത്മകമായ ഇന്ത്യയുടെ വര്‍ത്തമാനകാലസംസ്‌കാരത്തെ ബലപ്പെടുത്തുന്ന സംഭവപരമ്പരകളാണ് ഇടതടവില്ലാതെ ഉത്തരേന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടയില്‍ 34 പേര്‍ ആള്‍ക്കൂട്ട അതിക്രമങ്ങള്‍ക്ക് വിധേയമായി കൊല്ലപ്പെട്ടു. കര്‍ണ്ണാടകയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ മുഹമ്മദ് അസ്‌ലം എന്ന ഹൈദരാബാദ് സ്വദേശിയെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്നാരോപിച്ചാണ് തല്ലിക്കൊന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മഹാരാഷ്ട്രയിലെ ദുല എന്ന പ്രദേശത്തെ ഗോസാവി നൊമാഡിക് എന്ന ചെറിയൊരു സമുദായത്തെ ആള്‍ക്കൂട്ടം വളരെ മൃഗീയമായാണ് ആക്രമിച്ചത്. ഈ ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടു. കുട്ടികളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് കറാച്ചിയിലെ ഒരു പരസ്യ ഏജന്‍സി വര്‍ഷങ്ങള്‍ക്ക് മുമ്പ് തയ്യാറാക്കിയ ഒരു പ്രമോഷണല്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തെറ്റായി പ്രചരിപ്പിച്ച്, കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരും പീഡിപ്പിക്കുന്നവരുമാണ് ഈ സമുദായക്കാരെന്ന് പ്രചരിപ്പിച്ചാണ് അവരെ ആക്രമിച്ചത്. ഭിക്ഷയെടുത്ത് ജീവിക്കുന്ന ഒരു സമുദായമാണിത്. ബി.ബി.സി.യുടെ പാകിസ്ഥാനിലെ കറസ്‌പോണ്ടന്റായ സെക്കന്തര്‍ കര്‍വാണീ, പ്രചരിപ്പിക്കപ്പെട്ട വീഡിയോയ്ക്ക് ഈ സംഭവവുമായി ഒരു ബന്ധവുമില്ലെന്ന് സ്ഥിരീകരിക്കുകയുണ്ടായി. ( ദ ഹിന്ദു, ജൂലായ് 8) എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ തെറ്റായി പ്രചരിക്കുന്ന വാര്‍ത്തകളുടെയും ഊഹാപോഹങ്ങളുടേയും അടിസ്ഥാനത്തില്‍ നിയമം കയ്യിലെടുക്കുന്ന ആള്‍ക്കൂട്ടങ്ങള്‍ ഇന്ത്യയില്‍ അപകടകാരികളായി മാറുകയാണ്.

ആള്‍ക്കൂട്ടക്കൊലകള്‍ ഇതിനുമുന്‍പ് നടന്നിട്ടുണ്ടെങ്കിലും കഴിഞ്ഞ നാല് വര്‍ഷക്കാലത്തിനിടയില്‍ അവ ഭൂരിപക്ഷ മതഫാസിസ്റ്റ് രൂപം കൈവരിച്ചിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുമാംസം സൂക്ഷിക്കുന്നുവെന്നാരോപിച്ച് അഖ്‌ലാഖിനെ വീട്ടില്‍ക്കയറി തല്ലിക്കൊന്നതോടെയാണ് ആള്‍ക്കൂട്ടകൊല അതിന്റെ പ്രയോഗരൂപത്തില്‍ ഭാരതത്തിലെ ബഹുജനശ്രദ്ധയില്‍പ്പെടുന്നത്. രാജ്യത്തിന്റെ നിരവധി പ്രദേശങ്ങളില്‍ ഭൂരിപക്ഷമത ഫാസിസം ആക്രമോത്സുകതയുടെ ആള്‍ക്കൂട്ടരൂപം പ്രാപിച്ച് നിയമത്തിന്റെ വലയം പൊട്ടിച്ച് രക്ഷപ്പെടുന്ന അവസ്ഥയുണ്ട്. കേവലമായ വൈകാരികതകളാല്‍ നയിക്കപ്പെടുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ എന്നതിനേക്കാളുപരിയായി ഇവയില്‍ ഭൂരിപക്ഷവും തികഞ്ഞ രാഷ്ട്രീയ ലക്ഷ്യങ്ങളോടുകൂടിയവയാണ് എന്ന കാര്യത്തില്‍ സംശയമില്ല.
ഫാസിസ്റ്റ് പ്രത്യയശാസ്ത്രം സമര്‍ത്ഥമായി പ്രയോഗവത്കരിക്കപ്പെട്ട ജര്‍മ്മനിയുടെ പശ്ചാത്തലത്തില്‍ പ്രശസ്ത ചിന്തകനായ വില്‍ഹം റീഹ് എഴുതിയ പ്രഖ്യാതമായ കൃതിയാണ് ‘ഫാസിസത്തിന്റെ ആള്‍ക്കൂട്ടമനഃശാസ്ത്രം’. പുസ്തകം രചിച്ച വില്‍ഹം റീഹിനെ ജര്‍മ്മനിയില്‍നിന്ന് ആട്ടിയോടിച്ചു. അദ്ദേഹത്തിന്റെ രചനകള്‍ അഗ്നിക്കിരയാക്കി. ഹിറ്റ്‌ലറുടെ ഫാസിസ്റ്റ് പ്രയോഗരീതിക്ക് ജനസമ്മതി നേടാന്‍ മനശാസ്ത്രപരമായും സാമൂഹ്യമായും ഉണ്ടായ കാരണങ്ങള്‍ എന്താണെന്നാണ് വില്‍ഹം റീഹ് കണ്ടെത്തുന്നത്. ഫാസിസം ജനവിരുദ്ധമാണെങ്കിലും ജനങ്ങള്‍ അതിനെ പിന്തുണയ്ക്കുന്നതിന്റെ പ്രഹേളികയ്ക്ക് റീഹിന്റെ ഉത്തരം ലൈംഗികതയുടെ അടിച്ചമര്‍ത്തലാണെന്നുള്ളതാണ്. ലൈംഗികത പാപമാണെന്ന സങ്കല്‍പം രൂപപ്പെടുത്തുന്നത് കുടുംബങ്ങളിലാണ് പിതൃദായക‑പുരുഷാധിഷ്ഠിത കുടുംബഘടനയ്ക്കുള്ളില്‍ നിന്ന് അത് രൂപപ്പെടുന്നു. പാപപങ്കിലമെന്ന് കരുതുന്ന ലൈംഗികതസങ്കല്പവും അടിച്ചമര്‍ത്തലുകളും വ്യക്തികളെ നയിക്കുന്നത് ചില ആദര്‍ശവത്കരണങ്ങളിലേക്കും നിഗൂഢവത്കരണങ്ങളിലേക്കുമാണ്. വ്യക്തിമനസ്സിനെ ചില മൂല്യങ്ങളുടെ വാഹകരാക്കാന്‍ പ്രേരിപ്പിക്കുന്നു. അതിലേറ്റവും പ്രധാനം അഭിമാനം ആണ്. അഭിമാനബോധവും അമര്‍ത്തിവെച്ച ലൈംഗികചോദനകളും കര്‍ക്കശമായ കായിക പരിശീലനങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ക്കും വിധേയമായ ഒരു ഫാസിസ്റ്റ് സംഘടനാരൂപത്തിലേക്ക് വഴിമാറുന്നു. (പി പിസത്യന്‍ ‑ഫാസിസത്തിന്റെ രാഷ്ട്രീയ മനഃശാസ്ത്രം)
ഫാസിസത്തിന്റെ ജൈവാടിത്തറകളിലൊന്നായ വംശീയതയുടെ വേരുകള്‍ സംഘമനസ്സിന്റെ പലതരം അപരഭീതികളിലാണ് ഉറപ്പിച്ചിട്ടുള്ളത്. അയുക്തികമായ ഈ അപരഭീതികളിലാണ് ഫാസിസം കടന്നുപിടിക്കുന്നത്. അയുക്തികമായ ആള്‍ക്കൂട്ടങ്ങളായി രൂപാന്തരപ്പെടുന്നത് ഇവരാണെന്ന് വില്‍ഹം റീഹ് പറയുന്നു.

ഗുസ്താവ് ലെബോണ്‍ എന്ന ഫ്രഞ്ചുചിന്തകന്‍ ആള്‍ക്കൂട്ട അതിക്രമങ്ങളുടെ മാനസിക ഘടകങ്ങളെക്കുറിച്ച് തന്റെ കൃതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. പലതരം ആള്‍ക്കൂട്ട രൂപങ്ങളെകുറിച്ച് അദ്ദേഹം വിവരിക്കുന്നു. അക്രമിക്കൂട്ടങ്ങള്‍, വികാരത്തിനടിമപ്പെട്ട് ഒത്തുകൂടുന്നവര്‍, പ്രത്യേക ലക്ഷ്യത്തിനായി രൂപപ്പെടുന്ന ആള്‍ക്കൂട്ടങ്ങള്‍ എന്നിവ പ്രധാനം. വ്യക്തികള്‍ അവരുടെ സ്വത്വബോധം ഏതാനും സമയത്തേയ്ക്ക് കൈമോശം വന്ന് സംഘശക്തിക്ക് മുന്നില്‍ വശീകരിയ്ക്കപ്പെടുകയും അവര്‍ക്ക് വിധേയപ്പെടുകയും ചെയ്യുന്നു. അവന്റെ സ്വയം നിര്‍ണയശേഷി നഷ്ടപ്പെടുത്തി മറ്റൊരാളായി മാറുന്നു. സാമൂഹ്യവും ധാര്‍മ്മികവുമായ അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടുകയും ഒരുതരം ഹിപ്‌നോട്ടൈസേഷന്‍ തലത്തിലേക്ക് അധഃപതിക്കുകയും ചെയ്യുമ്പോഴാണ് അത് സാമൂഹ്യവിരുദ്ധപ്രവര്‍ത്തനമായി മാറുന്നത്. തരം കിട്ടിയാല്‍ പുറത്തേയ്ക്ക് ചാടാന്‍ വെമ്പിനില്‍ക്കുന്ന ഒരു സാമൂഹ്യവിരുദ്ധന്‍ നമ്മുടെ ഓരോരുത്തരുടേയും ഉള്ളിന്റെ ഉള്ളില്‍ ഉണ്ടെന്ന് നമുക്ക് ബോദ്ധ്യപ്പെട്ടത് കേരളത്തില്‍ മണ്ണാര്‍ക്കാട് മധുവെന്ന ആദിവാസി ചെറുപ്പക്കാരനു നേരെയുണ്ടായ കൊടുംക്രൂരതയോടുകൂടിയാണ്. പ്രബുദ്ധമെന്ന് വിശേഷിപ്പിക്കുന്ന കേരളീയ സമൂഹത്തിലാണിത് സംഭവിച്ചത്. വിശക്കുന്ന മനുഷ്യന്റെ ദൈന്യതയെക്കാള്‍, മോഷണത്തിനെതിരായ വികാരമാണ് അവിടെ മേല്‍ക്കൈ നേടിയത്.
എന്നാല്‍ ദൈവത്തിന്റെയും പശുവിന്റെയും പേരില്‍ ഒരുമിച്ചുകൂടുന്ന ആള്‍ക്കൂട്ടം പിരിഞ്ഞുപോകാനുള്ളവരല്ല. അവര്‍ക്ക് കൃത്യമായ അജണ്ടയുണ്ട്, കേവലമായ വൈകാരികതയുടെ ഉല്‍പന്നമല്ല ഈ ആള്‍ക്കൂട്ടം. ഇത് സംഘപരിവാര രാഷ്ട്രീയത്തിന്റെ കളിപ്പാവകളാണ്. തെരുവില്‍ നിയമം കൈയ്യിലെടുക്കുന്ന ഈ തെമ്മാടിക്കൂട്ടത്തിന് ശക്തി പകരുന്നത് ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയാണ്. പരോക്ഷമായി അതിനെതിരെയുള്ള താക്കീതാണ് സുപ്രീംകോടതിയുടെ വിമര്‍ശനം.