Janayugom Online
Parliament house in New Delhi on July 24th 2015. Express photo by Ravi Kanojia.

ആള്‍കൂട്ട കൊലപാതകങ്ങള്‍: പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം

Web Desk
Posted on July 19, 2018, 11:08 pm

കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹക്കെതിരെയും പ്രതിഷേധിച്ചു

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ ലോക്‌സഭയില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധം. ആള്‍ക്കൂട്ട കൊലപാതകങ്ങളെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പ്രസ്താവന നടത്തിയെങ്കിലും തൃപ്തരാകാതെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. വ്യോമ ഗതാഗത വകുപ്പ് മന്ത്രി ജയന്ത് സിന്‍ഹയ്‌ക്കെതിരെയും പ്രതിപക്ഷപാര്‍ട്ടികള്‍ മുദ്രാവാക്യം മുഴക്കി.

ലോക്‌സഭയുടെ ചോദ്യോത്തരവേളയില്‍ കോണ്‍ഗ്രസ് എംപി കെ സി വേണുഗോപാലാണ് വിഷയം ഉന്നയിച്ചത്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും സര്‍ക്കാര്‍ വിഷയത്തില്‍ അപലപിക്കുന്നുവെന്നും ആഭ്യന്തരമന്ത്രി മറുപടിയില്‍ വ്യക്തമാക്കി.
രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ സംസ്ഥാനങ്ങളോട് കര്‍ശന നടപടിയെടുക്കണമെന്നും ക്രമസമാധാനം സംരക്ഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളാണ് ഇത്തരം ആക്രമണങ്ങളിലേക്ക് നയിക്കുന്നതെന്നും കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ മറുപടിയില്‍ തൃപ്തരാകാതെ കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, ആര്‍ജെഡി, എന്‍സിപി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളിലെ അംഗങ്ങള്‍ സഭ ബഹിഷ്‌കരിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡി വിഷയത്തില്‍ തികഞ്ഞ നിശബ്ദത പാലിക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സാമൂഹ്യ പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശ് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ആക്രമണത്തിനിരയായത്. അതേസമയം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാന്‍ നിയമം കൊണ്ടുവരണമെന്ന് സുപ്രിം കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. ആള്‍ക്കൂട്ട കൊലപാതകങ്ങളും അക്രമങ്ങളും തടയുന്നതിനും അക്രമകാരികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിനുമായി പാര്‍ലമെന്റ് പ്രത്യേക നിയമം കൊണ്ടുവരണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

ജാര്‍ഖണ്ഡില്‍ മാംസ വ്യാപാരിയെ തല്ലിച്ചതച്ച കേസില്‍ കുറ്റാരോപിതരായ പ്രതികളെ ജയന്ത് സിന്‍ഹ ഹാരം അണിയിച്ച് സ്വീകരിച്ചതിനെതിരെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. വിമാനത്താവളങ്ങളുടെ നവീകരണം സംബന്ധിച്ച് ചോദ്യോത്തരവേളയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.