Janayugom Online
lynching - janayugam

ആള്‍ക്കൂട്ട നരഹത്യാ പരമ്പരകള്‍: പാര്‍ലമെന്റിനകവും പുറവും പ്രതിഷേധ മുഖരിതമാവണം

Web Desk
Posted on July 23, 2018, 10:40 pm

അള്‍വറില്‍ ഗോരക്ഷയുടെ പേരില്‍ സംഘ്പരിവാര്‍ തെമ്മാടിക്കൂട്ടങ്ങള്‍ നടത്തിയ ആള്‍ക്കൂട്ട നരഹത്യ സംബന്ധിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അത്യന്തം ഉല്‍ക്കണ്ഠാജനകമാണ്. നാളിതുവരെ നടന്ന ആള്‍ക്കൂട്ട നരഹത്യകളെ സാമൂഹ്യവിരുദ്ധരുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന ക്രമസമാധാന പ്രശ്‌നങ്ങളായി ചിത്രീകരിക്കാനാണ് പ്രധാനമന്ത്രിപോലും ശ്രമിച്ചുപോന്നിരുന്നത്. എന്നാല്‍ അള്‍വര്‍ നരഹത്യയുമായി ബന്ധപ്പെട്ട് ദേശീയ ദിനപ്പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ ബിജെപിയും വിശ്വഹിന്ദുപരിഷത്തുമടക്കം സംഘ്പരിവാര്‍ സംഘടനകളുടെ പങ്കാളിത്തം വ്യക്തമാക്കുന്നു. അതിലുപരി ആക്രമണത്തില്‍ അവശനായ രകബ്ഖാന്‍ എന്ന യുവാവിനെ കസ്റ്റഡിയിലെടുത്ത പൊലീസ് അയാളെ അടുത്തുള്ള സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കാന്‍ മൂന്നു മണിക്കൂറിലേറെ കാലതാമസം വരുത്തി. അയാളെ പൊലീസ് കസ്റ്റഡിയില്‍ ഭീകരമായി മര്‍ദ്ദിച്ചതായും ദൃക്‌സാക്ഷികള്‍ പറയുന്നു. അങ്ങനെയെങ്കില്‍ അള്‍വറില്‍ നടന്നത് കേവലം ആള്‍ക്കൂട്ട നരഹത്യയല്ല. അത് പൊലീസ് ഒത്താശയോടെ നടന്ന കൊലപാതകമാണ്. ആള്‍ക്കൂട്ട നരഹത്യക്കെതിരെ ഒരുകൂട്ടം പൊതുതാല്‍പര്യ ഹര്‍ജികളില്‍ സുപ്രിം കോടതി നിര്‍ണായക വിധി പ്രസ്താവം നടത്തി നാലുദിനങ്ങള്‍ പിന്നിടുംമുമ്പാണ് ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ വീണ്ടും ആള്‍ക്കൂട്ട നരഹത്യ അരങ്ങേറിയത്. ആള്‍ക്കൂട്ട നരഹത്യയ്‌ക്കെതിരെ കര്‍ക്കശ നിയമനിര്‍മാണത്തിന് കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയ വിധിന്യായത്തോട് തികച്ചും നിഷേധാത്മകമായ സമീപനമാണ് ബിജെപിയും അവരുടെ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങളും അവലംബിക്കുന്നത്. പ്രശ്‌നത്തെ കേവലം സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ വരുന്ന ക്രമസമാധാന പ്രശ്‌നമായി വിലയിരുത്തിക്കൊണ്ടാണ് അള്‍വര്‍ സംഭവത്തില്‍ നാമമാത്ര അപലപനത്തിനുപോലും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മുതിര്‍ന്നത്. രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ്ചന്ദ് കടാരിയ ആവട്ടെ സുപ്രിം കോടതി നിര്‍ദ്ദേശിക്കുംവിധം ഒരു നിയമനിര്‍മാണത്തിന്റെ ആവശ്യമേയില്ലെന്ന സമീപനമാണ് സ്വീകരിക്കുന്നത്. സംഘ്പരിവാര്‍ കൊലയാളി സംഘങ്ങള്‍ തുടര്‍ന്നുവരുന്ന ആള്‍ക്കൂട്ട നരഹത്യകള്‍ നരേന്ദ്രമോഡിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ മറ്റാരോ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന വിചിത്രവാദമാണ് കേന്ദ്ര ധനകാര്യ സഹമന്ത്രിയും ബിക്കാനിര്‍ എംപിയുമായ അര്‍ജ്ജുന്റാം മേഘ്‌വാള്‍ നിരത്തുന്നത്.
അള്‍വര്‍ കൊലപാതകത്തെ തുടര്‍ന്ന് ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന പേരില്‍ ഒരു സ്ത്രീകൂടി ആള്‍ക്കൂട്ട നീതിക്ക് ഇരയായി. ദിനംപ്രതിയെന്നോണം രാജ്യത്ത് അരങ്ങേറുന്ന അപമാനകരവും അത്യന്തം പ്രാകൃതവുമായ ആള്‍ക്കൂട്ടനീതിക്കും നരഹത്യയ്ക്കും ചില പൊതുസ്വഭാവങ്ങള്‍ കാണാനാവും. ഇത്തരം നരഹത്യകള്‍ക്ക് ഇരകളാവുന്നവരില്‍ ഏറെയും മുസ്‌ലിം മതന്യൂനപക്ഷങ്ങളില്‍ പെട്ടവരാണ്. ഇരകളുടെ ജാതിക്കും മതത്തിനും ഉപരി അവരെല്ലാംതന്നെ അതീവ ദരിദ്രരാണ്. മറുവശത്ത് കൊലയാളി സംഘങ്ങള്‍ സംഘടിതരും സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലുള്ളവരുമാണ്. ഉയര്‍ന്ന ജാതിക്കാരായ കൊലയാളി സംഘങ്ങള്‍ സാമൂഹ്യമാധ്യമ ശൃംഖലകളിലൂടെ പരസ്പരം ബന്ധിതരും വിദ്വേഷ പ്രചാരണത്തിലെ കണ്ണികളുമാണ്. നാളിതുവരെ നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ട കേസുകള്‍ അത്യപൂര്‍വവുമാണ്. കേസന്വേഷണം മുതല്‍ വിചാരണവരെ ഓരോഘട്ടത്തിലും കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ പൊലീസും ഭരണകൂടവും കൃത്യതയോടെ ഒരുക്കിനല്‍കുന്നതായി കാണാനാവും. ഇരകള്‍ക്ക് സൗജന്യ നിയമസഹായമോ നിരാധാരരായ ദരിദ്രകുടുംബങ്ങള്‍ക്ക് നാമമാത്ര നഷ്ടപരിഹാര തുകപോലുമോ നല്‍കാന്‍ ഭരണകൂടങ്ങള്‍ തയാറായതായും കാണുന്നില്ല. ഗൃഹനാഥനെയോ അഥവാ ഏക അന്നദാതാവിനെയോ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് അവര്‍ തലമുറകളായി ജീവിച്ചുപോന്ന ഗ്രാമങ്ങളില്‍ തുടര്‍ന്നു ജീവിക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ് സൃഷ്ടിക്കപ്പെടുന്നത്. യുപിയിലെ ദാദ്രിയിലെ അഖ്‌ലാഖിന്റെ കുടുംബത്തിന്റെ ദയനീയാവസ്ഥതന്നെ ഞെട്ടിപ്പിക്കുന്ന ഉദാഹരണം. മുസ്‌ലിം മത ന്യൂനപക്ഷങ്ങളും ദളിതരും അതീവ ദരിദ്രരുമായ ആള്‍ക്കൂട്ട നീതിയുടെ ഇരകള്‍ ഫലത്തില്‍ നേരിടുന്നത് ഫാസിസ്റ്റ് ഉന്മൂലന ഭീഷണിയാണ്.
രാജ്യത്ത് പടര്‍ന്നുപിടിച്ചിരിക്കുന്ന ആള്‍ക്കൂട്ട നരഹത്യകളുടെയും ആള്‍ക്കൂട്ട നീതിയുടെ പ്രാകൃതവും ഭീഷണവുമായ അന്തരീക്ഷം ലോകനേതൃത്വത്തെ കുറിച്ച് നിരന്തരം വീമ്പിളക്കുന്ന ഭരണകൂടത്തിനും ഒരു പരിഷ്‌കൃത ജനസമൂഹത്തിനും അപമാനകരമാണ്. വിഷയത്തില്‍ സുപ്രിം കോടതി നല്‍കിയ വിവേകപൂര്‍വമായ വിധിയെ മാനിക്കാന്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ തയാറായെ മതിയാവു. വിദ്വേഷത്തിന്റെയും കാടത്തത്തിന്റെയും ഈ അന്തരീക്ഷത്തിന്റെ വിഷവിത്ത് വിതച്ചവര്‍ തന്നെ അതിനു പരിഹാരം കാണാന്‍ തയാറാവുന്നില്ലെങ്കില്‍ അതിന് അവരുടെ മേല്‍ സാധ്യമായ സമ്മര്‍ദ്ദം വളര്‍ത്തിക്കൊണ്ടുവരാന്‍ ജനാധിപത്യ ശക്തികള്‍ക്ക് ബാധ്യതയും അവകാശവുമുണ്ട്. അധികാരത്തില്‍ കണ്ണുനട്ട് അതിനുവേണ്ടി എന്ത് അധാര്‍മികതയും കുടിലതയും പ്രയോഗിക്കുന്നതില്‍ മാത്രം വ്യാപൃതമായ മോഡി ഭരണകൂടത്തിന്റെ നൃശംസൃതക്കെതിരെ ഈ മണ്‍സൂണ്‍ സമ്മേളനകാലയളവില്‍ പാര്‍ലമെന്റിനകവും പുറവും ആള്‍ക്കൂട്ട നരഹത്യകള്‍ക്കെതിരായ പ്രതിഷേധം കൊണ്ട് മുഖരിതമാവണം.