ഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ഡൽഹിയിൽ ശക്തമാകുന്ന സാഹചര്യത്തിൽ രാജ്യതലസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ താല്കാലമായി റദ്ദാക്കി. സർക്കാർ വൃത്തങ്ങൾ ആവശ്യപ്പെട്ടത് പ്രകാരം ചില ഇടങ്ങളിൽ സേവനം നിർത്തിവെക്കുകയാണെന്ന് എയർടെൽ അറിയിച്ചു. വോഡഫോൺ സേവനങ്ങളും തടസ്സപ്പെട്ടിട്ടുണ്ട്.
സർക്കാർ നിർദേശം പിൻവലിക്കുന്ന സാഹചര്യത്തിൽ സർവീസ് പുനസ്ഥാപിക്കുമെന്ന് വോഡഫോൺ അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ മുതൽ വലിയ പ്രതിഷേധമാണ് ഡൽഹിയിൽ അരങ്ങേറുന്നത്. ചെങ്കോട്ടയിലേക്ക് നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധത്തിനെത്തിയ ജാമിയ മിലിയ വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ഡി രാജ, സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട് തുടങ്ങിയ ഇടതുനേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു.
അയൽ സംസ്ഥാനങ്ങളിൽനിന്ന് ഡൽഹിയിലേക്ക് വാഹനങ്ങൾ കടുത്തി വിടുന്നില്ല. വാഹന പരിശോധന കർശനമാക്കിയതോടെ വലിയ ഗതാഗതക്കുരുക്കാണ് ഡൽഹിയിലുള്ളത്. പ്രതിഷേധക്കാരെ തടയാൻ ഡൽഹിയിലെ 17 മെട്രോ സ്റ്റേഷനുകളും അടച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങൾ കണക്കിലെടുത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശ പ്രകാരമാണ് ഡൽഹിയിലാകെ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.