വിഷരഹിത പച്ചക്കറികള്‍ക്കായി പുനലൂരില്‍ മൊബൈല്‍ ആപ്പ്

Web Desk
Posted on August 05, 2018, 8:19 pm

പുനലൂര്‍: ഓണത്തിന്‍റെ ഭാഗമായി അന്യസംസ്ഥാനങ്ങളില്‍ നിന്നും വിഷം കലര്‍ന്ന ആഹാരസാധനങ്ങള്‍ പരിശോധിക്കാന്‍ സഞ്ചരിക്കുന്ന ലാബ് വരുന്നു. തമിഴ്‌നാടിനോട് ചേര്‍ന്നുകിടക്കുന്ന ആര്യങ്കാവ് കേന്ദ്രീകരിച്ചാകും പരിശോധനകള്‍ നടത്തുക. ഓണവിപണികളില്‍ വിറ്റഴിക്കാന്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്നും പഴം, എണ്ണ, പച്ചക്കറികള്‍ അടക്കമുള്ള ആഹാരസാധനങ്ങളാകും പരിശോധനയ്ക്ക് വിധേയമാക്കുക. അടുത്ത ആഴ്ചയോടെ മൊബൈല്‍ലാബിന്‍റെ പ്രവര്‍ത്തനം ആരംഭിക്കും. സംസ്ഥാന ആരോഗ്യവകുപ്പിന്‍റെ നിയന്ത്രണത്തില്‍ 65 ലക്ഷം രൂപ വിലയുള്ള ലാബ് വാഹനത്തില്‍ സ്ഥാപിച്ചാകും പരിശോധനകള്‍ക്ക് എത്തുക.

വിഷം കലര്‍ന്ന ആഹാരസാധനങ്ങള്‍ പരിശോധിക്കാന്‍ നിലവില്‍ ആര്യങ്കാവ്, തെന്മല ചെക്കുപോസ്റ്റുകളില്‍ സൗകര്യങ്ങള്‍ ഇല്ല. ഇത് കണക്കിലെടുത്താണ് ഒാണവിപണിയെ ലക്ഷ്യമിട്ട് മൊബൈല്‍ ലാബ് എത്തുന്നത്. എന്നാല്‍ വിഷാംശം കലര്‍ന്ന ആഹാരസാധനങ്ങള്‍ പരിശോധിക്കാന്‍ ആര്യങ്കാവ്‌ കേന്ദ്രീകരിച്ച് സ്ഥിരം സംവിധാനം ഒരുക്കണമെന്ന് സിപിഐ ആര്യങ്കാല് ലോക്കല്‍കമ്മിറ്റി സെക്രട്ടറി വി എസ് സോമരാജന്‍ അധികൃതരോട് ആവശ്യപ്പെട്ടു. നിലവില്‍ പാല്‍ പരിശോധനയ്ക്ക് ചെക്ക്‌പോസ്റ്റ് തെന്മലയില്‍ പ്രവര്‍ത്തിച്ചുവരികയാണ്. ഇതിന്‍റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമായി.