ജിയോ പണി തന്നു: ഡിസംബർ ഒന്നു മുതൽ മൊബൈൽ വോയ്സ്, ഡേറ്റ നിരക്കുകളിൽ വൻ വർധനവ്

Web Desk
Posted on November 19, 2019, 12:32 pm

മുംബൈ: വോഡഫോൺ ഐഡിയ, എയർടെൽ തുടങ്ങിയ കമ്പനികൾ അടുത്തമാസം മുതൽ നിരക്ക് വർധിപ്പിക്കാനൊരുങ്ങുന്നു. മൂന്ന് വർഷത്തിന് ശേഷമാണ് നിരക്ക് വർധന. നഷ്ടത്തിലോടുന്ന കമ്പനികൾക്ക് ഉണർവ് പകരാനാണ് നടപടി.

മേഖലയിലെ സാമ്പത്തിക സമർദ്ദത്തെക്കുറിച്ച് കമ്പനി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. സൗജന്യ നിരക്കുകളുമായി ജിയോ എത്തിയതോടെ ഈ കമ്പനികൾക്ക് തങ്ങളുടെ പല ഉപഭോക്താക്കളെ നഷ്ടമായതും സാമ്പത്തിക നഷ്ടത്തിന് കാരണമായതായി ഇവർ ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമെയാണ് സ്പെക്ട്രം ഉപയോഗം, ലൈസൻസ് ഫീ എന്നീ ഇനങ്ങളിൽ അടയ്ക്കേണ്ട തുകയിൽ സർക്കാർ വർധന വരുത്തിയത്. ഇതും നഷ്ടത്തിലോടുന്ന കമ്പനികൾക്ക് തിരിച്ചടിയായി.

കോൾ, ഡേറ്റ നിരക്കുകളിൽ വർധന ഉണ്ടാകുമെന്നാണ് സൂചന. എന്നാൽ എത്ര കണ്ട് വർധന ഉണ്ടാകുമെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. മുപ്പത് മുതൽ നാൽപ്പത്തഞ്ച് ശതമാനം വരെ വർധനയുണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. രണ്ട് വർഷത്തിനകം ഇത് മൂന്നിരട്ടി വരെ വർധിക്കാമെന്നും നിരീക്ഷിക്കുന്നുണ്ട്.