മൊബൈല്‍ കൂട്ടാളി

Web Desk
Posted on January 30, 2018, 5:57 pm

കഥ

നിലാവ് വെളിച്ചം പരിസരമാകെ വിതറുന്നുണ്ട്. ഇരുനില വീടിന്റെ ഒരു മുറിയില്‍ മൊബൈല്‍ വെട്ടം മിന്നിമറയുന്നു.
ശ്രേയ എന്ന കുട്ടിയുടെ കണ്ണുകള്‍ മറ്റെല്ലാം മറന്ന് മൊബൈല്‍ ഫോണില്‍ തറച്ച
മട്ട്. അവള്‍ക്ക് വാട്‌സ്ആപ്പും, ഫെയ്‌സ്ബുക്കുമെല്ലാം വേണമെന്ന വാശിക്കുമുന്നില്‍ മാതാപിതാക്കള്‍ മുട്ടു മടക്കുകയായിരുന്നു.
തന്റെ ആഗ്രഹം സാധിച്ചപ്പോള്‍, ബന്ധങ്ങള്‍— പരിസരം-കടമകള്‍ മറന്ന് അതില്‍ തന്നെ ലയിച്ചിരിക്കുന്ന മകളെ ശ്രദ്ധിക്കാന്‍ തയ്യാറാകാത്ത മാതാപിതാക്കള്‍.
ദിനരാത്രങ്ങള്‍ പലതും കൊഴിയവെ ശ്രേയയുടെ അസ്വാഭാവികമായ മാറ്റങ്ങള്‍ മാതാപിതാക്കളില്‍ അസഹനീയമായ മനോവേദന സൃഷ്ടിച്ചു.
ഒടുവില്‍ തങ്ങളുടെ മകള്‍ തങ്ങളില്‍ നിന്ന് — ബന്ധങ്ങളില്‍ നിന്ന് — ബന്ധനങ്ങളില്‍ നിന്ന് അകപ്പെടുകയാണ് എന്ന സത്യം മനസിലാക്കിയപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു.
അന്ന് പതിവുപോലെ മൊബൈല്‍ വെട്ടം ശ്രേയയുടെ മുറിയില്‍ മിന്നിമറയുന്നുണ്ടായിരുന്നു.
പക്ഷേ, പതിവിലും വിപരീതമായി അവളുടെ മനസ് ഭയം കൊണ്ടു നിറഞ്ഞിരുന്നു.
എങ്കിലും എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ അവള്‍ ഇരുന്നു.
മൊബൈലില്‍ മെസേജുകള്‍ വന്നുകൊണ്ടിരുന്നു. രാത്രി വൈകുവോളം ശ്രേയ മൊബൈലിനുള്ളില്‍ തന്നെയായിരുന്നു.
അടുത്ത പ്രഭാതത്തില്‍ ചായക്കപ്പുമായി മുറിയ്ക്കുള്ളിലേക്ക് ചെന്ന അമ്മയ്ക്ക് കാണാന്‍ കഴിഞ്ഞത് മേശപ്പുറത്ത് ഒരു കത്തുമാത്രമായിരുന്നു. അതില്‍ എല്ലാം വ്യക്തമാക്കിയിരുന്നു. മകള്‍ താനിഷ്ടപ്പെട്ട വ്യക്തിയുമായി പോയി കഴിഞ്ഞിരുന്നു.
ഒരു മൊബൈല്‍ പ്രണയം.…..
പക്ഷേ, ഏറെ വൈകിയില്ല, ശ്രേയ ആ സത്യം തിരിച്ചറിയാന്‍. അതൊരു ചതിക്കുഴിമാത്രമായിരുന്നു എന്നവള്‍ തിരിച്ചറിഞ്ഞു.
അവള്‍ ഇരുണ്ട വെളിച്ചമുള്ള മുറിയില്‍ പൂട്ടിയിടപ്പെട്ടു. താന്‍ മാത്രമല്ല, ഒപ്പം അനേകം ചതിക്കപ്പെട്ട പെണ്‍കുട്ടികളുമുണ്ട്.
മനസും ശരീരവും മരവിച്ചവര്‍, വിറങ്ങലിച്ചവര്‍, ചിന്താശേഷി നഷ്ടപ്പെട്ടവര്‍, കണ്ടതും കേട്ടതും വാസ്തവമാണെന്ന് കരുതിയവര്‍, മാതാപിതാക്കളെ മറന്നവര്‍, ദീര്‍ഘവീക്ഷണം ഇല്ലാത്തവര്‍.
ആ ഇരുണ്ട മുറിയിലെ ശ്രേയയുടെ അശാന്തമായ മനസും വിറങ്ങലിച്ച മുഖവും മാതാപിതാക്കളിലേക്ക് ഒഴുകുകയായിരുന്നു.
തളരാത്ത മനസുമായി ശ്രേയ മുന്നോട്ടു നീങ്ങാന്‍ തീരുമാനിച്ചു. ഈ അവസ്ഥയെ പൊരുതി തോല്പ്പിക്കാന്‍ ശ്രേയ ഒരുങ്ങി.
തന്നെയും കൂടെയുള്ള പെണ്‍കുട്ടികളെയും പണം കൈപ്പറ്റി ഏതോ അധോലോക സംഘത്തിന്റെ കൈകളില്‍ എത്തിക്കാന്‍ പോകുന്നു എന്ന് ചലനങ്ങള്‍ കണ്ട് അവള്‍ മനസിലാക്കി. അവള്‍ പതറിയില്ല.
അന്നേരം മറ്റ് പെണ്‍കുട്ടികള്‍ കാലുകള്‍ ചലിപ്പിക്കാനാകാതെ, വിരലുകള്‍ അനക്കാനാകാതെ ഭയന്നു വറച്ചു ഇരിക്കുന്നുണ്ടായിരുന്നു.
അടുത്ത ദിവസം തന്നെ എല്ലാവരേയും ഒരു വണ്ടിയ്ക്കുള്ളിലേക്ക് കയറിയിരിക്കാന്‍ പറഞ്ഞു. വണ്ടി അല്പസമയത്തിനുള്ളില്‍ പുറപ്പെടുന്നതാണെന്നും പറഞ്ഞു.
ആ അവസരം പാഴാക്കാതെ അവള്‍ തന്ത്രപൂര്‍വ്വം രക്ഷപെട്ടു.
എത്തപ്പെട്ട സ്ഥലം അറിയില്ല. വളരെ വിജനമായ പ്രദേശം. ഒരു മനുഷ്യനെയും കാണാന്‍ സാധിക്കുന്നില്ല. ഇരുണ്ട വഴിപ്രദേശം. സഹായഹസ്തങ്ങളില്ല.
സ്വന്തം വീട്ടിലേക്കു പോകാന്‍ അവളുടെ മനസ് മന്ത്രിച്ചു.
കിലോമീറ്ററുകള്‍ നടന്നു കഴിയവെ ഒരു തീവണ്ടിയുടെ ശബ്ദം അവളിലേക്ക് ഒഴുകിയെത്തുംപോലെ!
ഒരു നിമിഷം അവളുടെ മനസ്സ് ആശബ്ദത്തിലേക്ക് തിരിഞ്ഞു. മരണമെന്ന ഭയാനകമായ അവസ്ഥയിലേക്ക് എത്തിച്ചേരാന്‍ അവള്‍ കൊതിച്ചു.
ശ്രേയയുടെ ശരീരമാകെ വിറയ്ക്കുന്നുണ്ട്. എങ്കിലും മനസ് തളരാതെ കരുത്താര്‍ജിച്ചുമുന്നോട്ടുള്ള യാത്ര തുടര്‍ന്നു.
കുറെ ദൂരം നടന്നതിനു ശേഷം അല്പമകലെ ആള്‍ക്കാര്‍ നടന്നുപോകുന്നത് അവളുടെ ശ്രദ്ധയില്‍പ്പെട്ടു.
അവള്‍ ക്ഷീണം പോലും മറന്ന് മുന്നോട്ട് ആഞ്ഞു നടന്നു.
സംശയം തോന്നിയ പോലീസുകാര്‍ അവളെ ചോദ്യം ചെയ്തു. അവള്‍ സംഭവിച്ചകാര്യങ്ങള്‍ പറഞ്ഞു.
പിന്നീട് പോലീസ് ശ്രേയയെ വീട്ടില്‍ എത്തിച്ചു. താന്‍ പറ്റിച്ച മാതാപിതാക്കളുടെ മുഖം കാണാന്‍ അവള്‍ മടിച്ചു. അവള്‍ സ്വയം ചിന്തിച്ചു. ആ പെണ്‍കുട്ടികളെയും പോലീസ് രക്ഷപ്പെടുത്തും !!
പുറത്ത് ജീപ്പിന്റെ ശബ്ദം കേട്ട് മാതാപിതാക്കള്‍ വീടിന്റെ ഉമ്മറത്തേയ്ക്ക് എത്തി.
മാതാപിതാക്കളെ കണ്ടനേരം അടക്കാനാവാത്ത സങ്കടവുമായി ശ്രേയ അവരുടെ കാലുകളില്‍ വീണ് മാപ്പപേക്ഷിച്ചു. അവര്‍ക്ക് ദുഃഖം അടക്കാനായില്ല.
അമ്മയുടെ കൈകൊണ്ടുണ്ടാക്കിയ ഒരു കപ്പ് ചൂടുചായ കുടിച്ചുകൊണ്ട് അവള്‍ ചിന്തിച്ചു. എല്ലാത്തിനും കാരണം ഈ നശിച്ച മൊബൈലായിരുന്നു. എനിക്കിത് വേണ്ടായിരുന്നു. ഇതുവഴിയാണ് ചിലര്‍ ചതിക്കുഴികളിലേക്ക് അകപ്പെടുന്നത്. അല്ല, അകപ്പെടുത്തുന്നത്. നാടിന്റെ ഭാവിസമ്പത്തായ കുട്ടികള്‍ വഴിപിഴയ്ക്കുന്ന അവസ്ഥ ഉണ്ടാകുന്നു.
ഭൂമിയുടെ അറ്റത്തോളവുമുള്ള പെണ്‍കുട്ടികള്‍ ദീര്‍ഘവീക്ഷണത്തോടെ ചിന്തിച്ചിരുന്നുവെങ്കില്‍ ലോകമെമ്പാടുമുള്ള പെണ്‍കുട്ടികള്‍ ഒന്നല്ല, മൂന്നുപ്രാവിശ്യം ആലോചിച്ചശേഷം പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍
ഭാവിയുടെ വാഗ്ദാനങ്ങളായ യുവതലമുറ കരുത്താര്‍ജ്ജിച്ചാല്‍ രാജ്യവും കരുത്താര്‍ജ്ജിക്കും.
മൊബൈല്‍ ഫോണ്‍ മോശമല്ലാത്തരീതിയില്‍ ഉപയോഗിക്കുന്നവര്‍ സമൂഹത്തിലുണ്ട്.
ആവശ്യത്തിനുവേണ്ടി മാത്രം ഉപയോഗിച്ച് അനാവശ്യങ്ങളെ തള്ളിക്കളഞ്ഞ് മാന്യമായി ജീവിക്കുന്നവര്‍ക്ക് മൊബൈല്‍ കൂട്ടാളി.

പ്രഗല്‍ഭാ ഭുവനേന്ദ്രന്‍ ബി.ആര്‍
ക്ലാസ്  VIII‑B
ന്യൂ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
നെല്ലിമൂട്‌